കണ്ണൂർ: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകൻ പ്രഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിൽ നിർണായക നീക്കവുമായി എൻഐഎ. കേസിലെ പ്രതി മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച ഇരിട്ടി വിളക്കോട് സ്വദേശിയെ എൻഐഎ കസ്റ്റഡിയിലെടുത്തു.
തലശ്ശേരിയിൽ നിന്നാണ് ഇയാളെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതിയായ സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് ഇയാളെന്ന സംശയത്തെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് എൻഐഎ അറിയിച്ചു. കൃത്യമായ തെളിവുകൾ ലഭിച്ചശേഷം അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും എൻഐഎ വ്യക്തമാക്കി.
പതിമൂന്നു വർഷം ഒളിവിൽ കഴിയുന്നതിനിടെ സവാദ് കണ്ണൂരിൽ നിന്നാണ് പിടിയിലായത്. മരപ്പണിക്കാരനായി കഴിയുകയായിരുന്ന ഇയാളെ കഴിഞ്ഞ ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
2010 ജൂലൈ 4നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിൽ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. കേസിൽ പിന്നാലെ ഒളിവിൽ പോയ പ്രതി 13 വർഷത്തോളം ഷാജഹാൻ എന്ന പേരിൽ കണ്ണൂരിൽ താമസിക്കുകയായിരുന്നു. മറ്റ് പ്രതികളെ പിടിച്ചെങ്കിലും സവാദിനെ കുറിച്ച് യാതൊരു വിവരവുണ്ടായിരുന്നില്ല.