ന്യൂഡൽഹി: നീതിയും മരുന്നും നൽകുന്നതു നിർത്തിവയ്ക്കാനാകില്ലെന്ന പരാമർശത്തോടെ, രാജ്യത്തെ ഡോക്ടർമാർക്കു തൊഴിലിടത്തിൽ സുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതി അടിയന്തര നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവിമാരുടെയും യോഗം വിളിക്കാനും ഡോക്ടർമാരുടെ സുരക്ഷാനിർദേശങ്ങൾ രണ്ടാഴ്ചയ്ക്കകം നടപ്പാക്കാനുമാണു പ്രധാന നിർദേശം.
സുപ്രീം കോടതി നിയോഗിച്ച കർമ സമിതിയുടെ ശുപാർശ ലഭ്യമാകാൻ 2 മാസം സമയമെടുക്കും. അതിനു മുൻപു തന്നെ സംസ്ഥാന തലത്തിൽ സുരക്ഷ കർശനമാക്കാനാണിത്. കൊൽക്കത്തയിൽ പിജി ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ സമരം ചെയ്തുവന്ന ഡോക്ടർമാർ തിരികെ ജോലിയിലേക്കു മടങ്ങുന്ന പശ്ചാത്തലത്തിലാണു നടപടി. മെഡിക്കൽ സ്ഥാപനങ്ങളിൽ അക്രമസംഭവങ്ങൾ ഉണ്ടാകുന്നില്ലെന്നു സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. കോടതിയുടെ അഭ്യർഥന പരിഗണിച്ചാണ് റസിഡന്റ് ഡോക്ടർമാരുടെ സംഘടന സമരം അവസാനിപ്പിച്ചത്. സമരം നടത്തിയ ഡോക്ടർമാർക്കെതിരെ ഒരുതരത്തിലുള്ള നടപടിയും പാടില്ലെന്നും കോടതി ഉത്തരവിട്ടു.