ദുരിതത്തിനും ദുരന്തത്തിനും കാരണമാകുന്ന കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ ഭൂപടത്തില്‍ സ്ഥിരമായി ഇടംപിടിച്ചു കഴിഞ്ഞു. കാറ്റടിച്ചാലും, മഴ പെയ്താലും, കടലിളകിയാലും വന്‍ ദുന്തങ്ങളിലേക്ക് വഴിതുറക്കുകയാണ്. പ്രകൃതി ദുരന്തങ്ങളുടെ തീവ്രത അനുസരിച്ച് ജീവിത രേഖ മുറിഞ്ഞുപോകുന്ന പാവപ്പെട്ടവര്‍. അനാഥരാക്കപ്പെടുന്ന ബാല്യങ്ങള്‍. നിരാലംബരാകുന്ന സ്ത്രീകള്‍. ശിഥിലമാകുന്ന കുടുംബങ്ങള്‍. അങ്ങനെ മലയാളികള്‍ക്കു മുകളില്‍ മഴ മേഘങ്ങള്‍ മരണം പെയ്തിറക്കുന്നത് തീരാ വേദനകളായി മറിക്കഴിഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ക്കെല്ലാം കൂട്ടു വരുന്ന മഴയെ പേടിക്കേണ്ട കാലഘട്ടമാണിത്.
സൂനാമി കവര്‍ന്ന 2005, ഓഖിയില്‍ മുങ്ങിപ്പോയ 2017, പ്രളയം വിഴുങ്ങിയ 2018-19, കോവിഡ് പിടികൂടിയ 2020, ഉരുള്‍ പൊട്ടല്‍ താണ്ഡവമാടിയ 2024. അങ്ങനെ കേരളത്തിന്റെ കലണ്ടറില്‍ കുറിച്ചിടാന്‍ ഓരോ വര്‍ഷങ്ങളും ദുരന്തമായി തീര്‍ന്നിരിക്കുന്നു. ഇനിയും വരാനിരിക്കുന്ന ദുരന്തമെന്ന് നിസ്സംശയം പറയാനാകുന്നത്, മുല്ലപ്പെരിയാര്‍ ദുരന്തമാണ്. അത് പ്രകൃതി ദുരന്തമായിരിക്കില്ല, മനുഷ്യ നിര്‍മ്മിത ദുരന്തമായിരിക്കും. എന്നാല്‍, ആ ദുരന്തത്തിന് കാരണമാകുന്നത്, പ്രകൃതി ദുരന്തങ്ങളിലൂടെയായിരിക്കും.
ഒന്നുകില്‍ നിര്‍ത്താതെ പെയ്യുന്ന (വയനാട്ടില്‍ പെയ്തതു പോലെ) മഴയോ, അല്ലെങ്കില്‍ ഭൂമി കുലുക്കമോ, അതുമല്ലെങ്കില്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തുണ്ടാകുന്ന ഉരുള്‍പൊട്ടലോ, മലവെള്ളപ്പാച്ചിലോ അണക്കെട്ടു പൊട്ടാന്‍ ഇടയാക്കും. എന്നാല്‍, പ്രകൃതി കരുതിവെച്ച ദുരന്തം പെയ്തിങ്ങിയത് വയനാട്ടിലെ മുണ്ടക്കൈയിലാണ്. വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ രാജ്യത്തെ തന്നെ ഭയപ്പെടുത്തിയതും കൂടുതല്‍ ജീവനെടുത്തതുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എത്തിച്ചതും, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുശോചനം അറിയിച്ചതും ഇതിന്റെ ഭാഗമാണ്.
മുണ്ടക്കൈ ദുരന്തത്തില്‍ മരണപ്പെട്ടത് മുന്നൂറു പേരോളമാണ്. അതില്‍ 17 കുടുംബങ്ങളില്‍ ഒരാളു പോലും അവശേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍, ആ ദുരന്തത്തിന്റെ തീവ്രത എത്രയായിരുന്നുവെന്ന് മനസിലാക്കാന്‍ കഴിയും. മൃതദേഹങ്ങളോടൊപ്പം വാരിക്കൂട്ടിയ അവയവങ്ങള്‍ ആരുടേതാണെന്നു പോലും തിരിച്ചറിയാനാകുന്നില്ല. മണ്ണിനടിയില്‍ ഇനിയും ഉയിരുപോയവരുണ്ട്. രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോവുകയാണ്. ചാലിയാറിലും, മുണ്ടക്കൈയിലും ചൂരല്‍മലയിലും ഇനി ഒരു മൃതദേഹം കണ്ടെത്താന്‍ സാധ്യതയില്ല.
കിട്ടിയ മൃതദേഹങ്ങളെല്ലാം ആചാരങ്ങള്‍ മുടക്കാതെ മണ്ണില്‍ അടക്കിയതു പോലെ, ആചാരങ്ങളൊന്നുമില്ലാതെ, കുഴിയെടുക്കാതെ, പ്രകൃതി തന്നെ മണ്ണിട്ടു മൂടി കളഞ്ഞവര്‍. അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുകയെന്നല്ലാതെ മറ്റൊന്നം ചെയ്യാനില്ല. വയനാട്ടില്‍ പെയ്ത മഴ എത്രവരും എന്നതാണ് പ്രധാന വിഷയം. ആര്‍ക്കെങ്കിലും ആ കണക്കറിയാമോ. അതിവര്‍ഷം, മേഘവിസ്‌ഫോടനം എന്നൊക്കെ പറയുമ്പോള്‍ മണ്ണില്‍ വീണ് എത്ര മഴയാണെന്ന് അറിയേണ്ടതുണ്ട്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയ ഒരു പോസ്റ്റ് ഇതാണ്.
വയനാട്ടില്‍ പെയ്ത മഴയുടെ അളവെത്ര ?
മുണ്ടക്കൈയിലെ ഉരുള്‍ പൊട്ടലുമായി ബന്ധപ്പെട്ട് വയനാട്ടില്‍ പെയ്ത മഴയുടെ അളവ് എത്രയാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ. അതു മനസ്സിലാക്കാതെ ഉരുള്‍ പൊട്ടലിനെ കുറിച്ച് സംസാരിക്കാന്‍ പോലും കഴിയില്ല. വയനാട് ജില്ലയില്‍ കഴിഞ്ഞ ജൂലൈ 30, 31 തീയതികളില്‍ പെയ്ത മഴവെള്ളം ശേഖരിച്ച് ഒരു ടാങ്കില്‍ നിര്‍ത്തി, പെരിയാര്‍ നദിയുടെ വലിപ്പത്തിലുള്ള ഒരു ചാലിലൂടെ ഒഴുക്കിയാല്‍, 21 ദിവസം വേണ്ടിവരും ടാങ്കിലെ വെള്ളം തീരാന്‍. ഇത് വിശ്വസിക്കാന്‍ കഴിയാത്തതു പോലെ തോന്നുന്നുണ്ടോ ?. അതൊരു ഭാവനയല്ല, കണക്കുകൂട്ടലാണ്.
ഒരിടത്ത് ഇത്ര സെന്റിമീറ്റര്‍ മഴ പെയ്തു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍, ശരിക്കും അതെത്ര വരും എന്ന് എത്രപേര്‍ മനസ്സിലാക്കുന്നുണ്ട് എന്നത് സംശയമാണ്. സ്വയം ഒന്ന് ആലോചിച്ചുനോക്കൂ. അഞ്ച് കിലോഅരി എത്രവരും എന്ന് മനസ്സിലാക്കുന്നതു പോലെ ആ അളവ് മനസ്സില്‍ കാണാന്‍ കഴിയുന്നുണ്ടോ?. ഇല്ലെങ്കില്‍ അത് കണ്ടെത്തേണ്ടി വരും. ആദ്യം മഴയുടെ അളവ് എങ്ങനെയാണ് സെന്റിമീറ്റര്‍, മില്ലിമീറ്റര്‍, എന്നിങ്ങനെ നീളത്തില്‍ പറയുന്നത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അടിസ്ഥാനപരമായി അവിടെ നമ്മള്‍ പറയുന്നത് ആ പെയ്ത മഴയില്‍ ആകാശത്തു നിന്ന് ഭൂമിയില്‍ എത്തിയ വെള്ളത്തിന്റെ അളവാണ്.
രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. എവിടെ എത്രനേരം കൊണ്ട് പെയ്ത മഴയാണ് എന്ന് പറഞ്ഞാലേ ആ സംഖ്യയ്ക്ക് അര്‍ത്ഥമുള്ളു. ‘തിരുവനന്തപുരത്ത് 10 mm മഴ പെയ്തു’ എന്ന് മാത്രം പറഞ്ഞാല്‍ അത് അര്‍ത്ഥശൂന്യമാണ്. തിരുവനന്തപുരത്ത് ഇന്ന തീയതിയില്‍ എന്നോ, ഇത്ര മണി മുതല്‍ ഇത്ര മണി വരെ എന്നോ ഒരു ഇടവേള കൂടി പറഞ്ഞാലേ അത് പൂര്‍ണമാകൂ. ഉദാഹരണത്തിന്, തിരുവനന്തപുരത്ത് ആഗസ്റ്റ് 15ന് 10 cm മഴ പെയ്തു എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം, ആഗസ്റ്റ് 15ന് തിരുവനന്തപുരത്ത് പെയ്ത മൊത്തം മഴവെള്ളത്തെ തിരുവനന്തപുരത്തിന്റെ അത്രയും വിസ്താരമുള്ള ഒരു പരന്ന ടാങ്കില്‍ കെട്ടിനിര്‍ത്തിയാല്‍ ആ വെള്ളത്തിന് 10 സെന്റിമീറ്റര്‍ ആഴമുണ്ടാകും എന്നാണ്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു മില്ലിമീറ്റര്‍ മഴ എന്നത് ഓരോ ചതുരശ്രമീറ്ററിലും ഒരു ലിറ്റര്‍ വെള്ളം പെയ്തിറങ്ങുന്നതിന് തുല്യമാണ്. ഈ കണക്ക് മനസ്സില്‍ വെച്ചുകൊണ്ട് വയനാട് ജില്ലയില്‍ അന്നു പെയ്ത മഴയെ കണക്കുകൂട്ടി അറിയാം. കഴിഞ്ഞ ജൂലൈ 30, 31 തീയതികളില്‍ അവിടെ പെയ്ത മഴ 215.3 mm ആണ്. ഇത് ശരാശരി ആണെന്നും, വയനാട് ജില്ലയില്‍ തന്നെ പല സ്ഥലങ്ങളില്‍ പല അളവിലാണ് പെയ്തത് എന്നതും തത്ക്കാലം മറക്കാം. (കല്‍പ്പറ്റ ബ്ലോക്കില്‍ അത് 273.4 mm ആണ്). വയനാട് ജില്ലയുടെ വിസ്താരം 2,131 ചതുരശ്ര കിലോ മീറ്ററാണ് (ച.കി.മീ.). അത്രയും സ്ഥലത്ത് 215.3 mm മഴ പെയ്തു എന്നുപറയുമ്പോള്‍ ആ വെള്ളം എത്രവരും എന്ന് കണക്കാം.
2131 ച.കി.മീ. എന്നുവച്ചാല്‍ 213,10,00,000 ച.മീറ്ററാണ്. അപ്പോള്‍ അതിനെ 215.3 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന അത്രയും ലിറ്റര്‍ വെള്ളം പെയ്തിറങ്ങിയിട്ടുണ്ടാകും. അത്, 213,10,00,000 x 215.3 = 458,274,300,000 അഥവാ 458.27 ശതകോടി (billion) ലിറ്റര്‍ വരും. ഇതിനെ കെട്ടിനിര്‍ത്താന്‍ എത്ര വലിയ ടാങ്ക് വേണ്ടിവരും എന്നത് വിടാം. ആ വെള്ളത്തിന്റെ അളവ് എത്രവരും എന്നറിയാന്‍ പെരിയാര്‍ പോലെ വലിപ്പമുള്ള ഒരു തോട്ടിലേക്ക് അതിനെ ഒഴുക്കിവിടുന്നതായി സങ്കല്പിച്ചു നോക്കൂ.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവാഹക ശേഷിയുള്ള (discharge) നദിയാണ് പെരിയാര്‍. അത് ശരാശരി ഓരോ സെക്കന്‍ഡിലും ഏതാണ്ട് രണ്ടരലക്ഷം ലിറ്റര്‍ (2,50,000) വെള്ളത്തെ ഒഴുക്കിക്കൊണ്ട് പോകുന്നുണ്ട്. വയനാട്ടില്‍ പെയ്ത മഴവെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്ന ആ കൂറ്റന്‍ ടാങ്കില്‍ നിന്നും ഇത്രയും ഡിസ്ചാര്‍ജുള്ള ഒരു ചാല് പുറത്തേയ്ക്ക് തുറക്കുന്നു എന്നിരിക്കട്ടെ. ആ വെള്ളം ഒഴുകിത്തീരാന്‍ എത്ര സമയമെടുക്കും എന്നത് ലളിതമായ കണക്കു കൂട്ടലാണ്. 458.27 billion/2,50,00 = 18,33,080 സെക്കന്‍ഡ്.
ഒരു മണിക്കൂറില്‍ 3600 സെക്കന്‍ഡുണ്ട് എന്നത് പരിഗണിച്ചാല്‍ ആ സമയം 510 മണിക്കൂര്‍ അല്ലെങ്കില്‍ 21 ദിവസമാണ്. വയനാട്ടില്‍ ഇതുവരെ കണ്ടിട്ടുള്ള മഴലഭ്യതയുടെ ചരിത്രം വച്ച് ഇപ്പറഞ്ഞ കാലയളവില്‍ പ്രതീക്ഷിക്കുന്ന സാധാരണ വര്‍ഷപാതം 6.2 mm ആണ്. ആ സ്ഥാനത്താണ് 2024ല്‍ 215.3 mm മഴ നേരിടേണ്ടിവന്നത് എന്നുകൂടി മനസ്സിലാക്കണം. ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ പോകുന്ന ഒരാളുടെ വായിലേയ്ക്ക് ഏഴ് ലിറ്റര്‍ വെള്ളം എടുത്ത് കമിഴ്ത്തുന്നതു പോലെയാണ് ഈ വ്യത്യാസം. ഇതു മനസ്സിലാക്കിയാല്‍ വയനാടുണ്ടായ ദുരന്തത്തിന്റെ വ്യാപ്തിയും മനസ്സിലാക്കാനാകും.
CONTENT HIGHLIGHTS; It takes 21 days for the rainwater alone that caused the Mundakkai landslide to flow through Periyar (Special Story).