Kerala

ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി

മഞ്ജു വാര്യര്‍ക്കും നിര്‍മ്മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയുമാണ് അസി. ഡയറക്ടര്‍ കൂടിയായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്

‌നടിയും നിർമാതാവുമായ മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്. നടി ശീതൾ തമ്പിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കും നിര്‍മ്മാണ കമ്പനി മൂവി ബക്കറ്റിലെ പാര്‍ട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയുമാണ് അസി. ഡയറക്ടര്‍ കൂടിയായ ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സിനിമയുടെ ലൊക്കേഷനിൽ സുരക്ഷയൊരുക്കാത്തതിനാൽ ഗുരുതര പരിക്കേറ്റെന്ന് ചൂണ്ടികാട്ടിയാണ് പരാതി. അഞ്ചേമുക്കാൽ കോടി രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.

ഇന്ന് റിലീസ് ആവുന്ന ‘ഫുട്ടേജ്’ സിനിമയിലെ സംഘർഷ രംഗം ചിത്രീകരിക്കുന്നതിനിടെ കാലിന് ഗുരുതര പരിക്കേറ്റേന്നെന്നാണ് പരാതി. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. സിനിമയിലെ രംഗങ്ങളില്‍ ചിലത് ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രീകരിച്ചത്. മതിയായ സുരക്ഷയില്ലാതെയാണ് ചിത്രീകരണം നടന്നതെന്നും ആരോപണമുണ്ട്.

പരിക്കേറ്റതിന് പിന്നാലെ ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നുവെന്നും ആശുപത്രിയില്‍ വലിയ രീതിയില്‍ പണം ചിലവായെന്നും ശീതൾ നോട്ടീസിൽ പറഞ്ഞു. പക്ഷേ മൂവി ബക്കറ്റ് നിർമ്മാണ കമ്പനി പല ഘട്ടങ്ങളിലായി ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് നൽകിയത്. നിലവില്‍ ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്നും ശീതൾ പറയുന്നു.