നമ്മുടെ സ്വന്തം മാനാഞ്ചിറ സ്‌ക്വയറിന്റെ പകുതിയിൽ നിന്നും അല്പം തെക്കു മാറി കിഴക്കുപടിഞ്ഞാറായി ഒരു നെടുനെടുങ്കൻ കോട്ട മതിൽ സങ്കൽപിക്കാനാവുമോ?
ഒരു പക്ഷെ ചിന്തയുടെ ഏഴയലത്തുപോലും അങ്ങനെയൊന്നു വരണമെന്നില്ല!
എങ്കിലും പക്ഷെ! അങ്ങനെയൊന്നുണ്ടായിരുന്നെന്നു വേണം കരുതാൻ!
വാസ്കോ ഡ ഗാമ 1498
” ഒരു തിയറ്ററിനോട് ഏറെക്കുറെ സാമ്യം വഹിക്കുന്ന ഒരു വലിയ ഹാളിൽ തേക്കു കൊണ്ട് നിർമിച്ച ചേതോഹരമായ ഇരിപ്പിടങ്ങൾക്ക് താഴെ മനോഹരമായ പച്ചപ്പരവതാനി വിരിച്ചിരിക്കുന്നു .
വിവിധ വർണാങ്കിതമായ പട്ടുവിരികൾ ഭിത്തിയുടെ നാനാഭാഗത്തും തന്മയത്വത്തോടെ തൂക്കിയിട്ടിരിക്കുന്നു. ഒരുയർന്ന മണ്ഡപത്തിൽ സ്ഥിതി ചെയ്യുന്ന സാമൂതിരിയുടെ സുവർണ സിംഹാസനത്തിനു മേലെ ചുവന്ന പട്ടുമേലാപ്പ് കിടന്ന് ഓളം വെട്ടുകയാണ് !
പട്ടു മേലാപ്പിൽ നിന്നും താഴോട്ടു തൂങ്ങിക്കിടക്കുന്ന നാനാ വർണങ്ങളിലുള്ള രസഗോളങ്ങൾ മനോഹരമായ ഒരു കാഴ്ചയത്രേ! രത്നം , മുത്ത് , സ്വർണം , വെള്ളി , ആനക്കൊമ്പ് ഇവയാൽ കൂട്ടായും ഒറ്റയായും നിർമിക്കപ്പെട്ട പല അമൂല്യ വസ്തുക്കളും മണ്ഡപത്തിൽ തികഞ്ഞ കലാവൈഭവത്തോടെ ക്രമീകരിച്ചിരിക്കുകയാണ്!”
ഇറ്റാലിയൻ സഞ്ചാരി വർത്തേമ 1503
കോഴിക്കോട്ടെ രാജാവിന്റെയും , നാടുവാഴികളുടെയും , പ്രഭുക്കളുടെയും ഒഴികെയുള്ള ഭൂരിപക്ഷം വീടുകളും ചെറുതും ഓല മേഞ്ഞതുമാണ്.
പക്ഷെ സാമൂതിരിയുടെ കൊട്ടാരം നില്ക്കുന്ന സ്ഥലത്തിന് ഒന്നര കിലോമീറ്ററോളം ചുറ്റളവു തന്നെയുണ്ട്. പുറതിലുകൾക്ക് വലിയ ഉയരമില്ലെങ്കിലും ഉറപ്പും ഭംഗിയുമുണ്ട് കൊട്ടാരത്തിന്റെ തൂണുകളും വാതിലുകളും മറ്റും കൊത്തുപണികളാൽ സമലംകൃതമാണ്!
പിറാർഡ് ഡി ലാവൽ 1601
നഗരത്തിലെ മറ്റു ഭവനങ്ങളിൽ നിന്നു ഭിന്നമാണ് സാമൂതിരിയുടെ കോവിലകത്തിന്റെ നിർമ്മിതി .
ഈ രാജകൊട്ടാരം കോട്ട കെട്ടി ഉറപ്പിച്ചിട്ടുണ്ട് .അതിനു ചുറ്റും വിസതാരമേറിയ മതിലുകളും ആഴമേറിയ കിടങ്ങുകളുമുണ്ട്. എല്ലാ ദ്വാരങ്ങളിലും ആയുധധാരികളായ പാറാവുകാരുമുണ്ടാവും ..
പിറാർഡിനെ കോഴിക്കോട് കൊട്ടാരത്തിൽ ഏറ്റവുമധികം ആകർഷിച്ചത് അവിടത്തെ രായസക്കച്ചേരി അഥവാ സെക്രട്ടറിയറ്റ് ആയിരുന്നത്രേ!
ഇന്ന് നമ്മൾ കോഴിക്കോട്ടുകാർക്ക് സങ്കൽപിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഇവ നില കൊണ്ടിരുന്ന മിഠായിത്തെരു , എൽ ഐ സി വളപ്പ് , ഗവൺമെന്റ് ആശുപത്രി വളപ്പ് , പാളയം എന്നിവിടങ്ങളിൽ നടമാടിയിട്ടുണ്ടാവുക!
ആ പഴയ കോട്ട കോവിലകങ്ങളെക്കുറിച്ച് പ്രശസ്ത ചരിത്ര ഗവേഷകരായ പ്രൊഫ: എൻ. എം നമ്പൂതിരി , എം ജി എസ് തുടങ്ങിയ പ്രമുഖർ അനവധി കാലത്തെ ഗവേഷണ നിരീക്ഷണങ്ങളിലൂടെ നമുക്ക് മുൻപിൽ സമർപ്പിച്ച രേഖകളുടെ വെളിച്ചത്തിലുള്ള ആ മധ്യകാല വിക്രമപുരം കോട്ടയുടെ
ഒരു ചെറു ചിത്രണമാണ് താഴെ കൊടുക്കാൻ ശ്രമിച്ചിരിക്കുന്നത്
വടക്കേ വാതിൽമാടം
മാനാഞ്ചിറയിലെ ഇന്നത്തെ ടെലിഫോൺ എക്സ്ചേഞ്ചിനും മലബാർപാലസിനും , ഇടയ്ക്കായി കിടങ്ങു കൊത്തളങ്ങളോട് കൂടിയ വടക്കേ പ്രധാന കവാടവും,
(ഭദ്രകാളി ക്ഷേത്രം , മുതലക്കുളം)
അവിടെ മതിലിന്റെ വടക്കു കിഴക്കേ മൂലയിൽ നിന്നും സുമാർ 132 ദണ്ഡ് (ഒരു ദണ് 10 അടി ) തെക്കുവശത്തേക്ക് നീട്ടിപ്പിടിച്ചാൽ കിഴക്കേ കരിങ്കൽക്കട്ടിള* വാതിലടങ്ങുന്ന കിഴക്കേ ഗോപുരവും
(*ഇന്നത്തെ പാളയം പച്ചക്കറി മാർക്കറ്റ് )
തെക്കേ വാതിൽമാടം
അവിടെ നിന്നും ഒരു 132 ദണ്ഡു കൂടി തെക്കോട്ട് നീട്ടിപ്പിടിച്ചാൽ കിട്ടുന്ന മൊയ്‌തീൻ പള്ളിയും പാളയം ബസ് സ്റ്റാന്റും നിൽക്കുന്നേടത്തായി കിടങ്ങുകൊത്തളങ്ങളോട് കൂടിയ തെക്കേ പ്രധാന കവാടവും!
തെക്കുപടിഞ്ഞാറേ മൂല
അന്നത്തെ പ്രധാന തെരുവുകളിലൊന്നായിരുന്ന
തെക്ക് തെരുവിലേക്ക് പോകുന്ന
(തളി റോഡ് )
ആ കവാട മൂലയിൽ നിന്നും 264 ദണ്ഡ് പടിഞ്ഞാട്ട് ഇന്നത്തെ മേലേ പാളയം റോഡിന് വടക്ക് സമാന്തരമായി നീട്ടിപ്പിടിച്ചാൽ തെക്കെ കോട്ടമതിൽ കെട്ടിന്റെ രൂപരേഖ പൂർണമാകുന്നു.
കിടങ്ങോരത്തായി
(റെയിൽവെ ലൈൻ )
കോട്ടയുടെ തെക്കു പടിഞ്ഞാറെ മൂലയും ,
(ഇന്നത്തെ ചെമ്പോെട്ടികളുടെ ഭാഗം)
ആ മൂലയിൽ നിന്നും സ്വല്പം തെക്കു പടിഞ്ഞാറ് ഭാഗത്തായി കിടങ്ങിനപ്പുറം പെരുമ്പിലാക്കൽ ഗണപതി ക്ഷേത്രത്തിന്റെ* സ്ഥാനവും തിരിച്ചറിയപ്പെട്ടിട്ടുണ്ട്
(പെരുംപിലാക്കൽ = ഇന്നത്തെ ഒന്നാം ഓവർ ബ്രിഡ്ജിന്റെ പടിഞ്ഞാറ് വശം)
(തിരോധാനം ചെയ്യപ്പെട്ട ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ പിൽക്കാലത്ത് അവിടെയുണ്ടായിരുന്ന മൂത്രപ്പുരയുടെ ഭാഗത്തു നിന്നും വീണ്ടെടുത്തത് , റെയിൽവേ സ്റ്റേഷനു പടിഞ്ഞാറ് ഭാഗത്ത് റെയിൽവേ ഗണപതിയായി പ്രതിഷ്ഠിച്ചിട്ടുമുണ്ട് )
പടിഞ്ഞാറേ ഗോപുരം
ആ തെക്കു പടിഞ്ഞാറേ മൂലയിൽ നിന്നും കിടങ്ങോരത്തു കൂടെ (റെയിൽവെ ലൈൻ ) ഏകദേശം 132 ദണ്ഡ് വടക്കോട്ട് നീട്ടിപ്പിടിച്ചാൽ പടിഞ്ഞാറേ കരിങ്കൽ കട്ടിള വാതിലടങ്ങുന്ന പടിഞ്ഞാറേ ഗോപുരത്തിന്റെ സ്ഥാനവുമായി!
ഇന്നത്തെ രണ്ടാം ഗേറ്റിനടുത്തായാണ് ഈ സ്ഥാനമെന്ന് കരുതപ്പെടുന്നു
ഈ വാതിൽ സാമൂതിരിമാരുടെ സ്വകാര്യ സന്ദർശനങ്ങൾക്കു വേണ്ടിയുള്ളതായിരുന്നത്രെ!
ഈ ഗോപുരത്തിന്റെ ഒരു ഭാഗമായ കരിങ്കൽ കട്ടിളയുടെ പാളി നാല് വർഷങ്ങൾക്കു മുമ്പ് പട്ടു തെരുവിൽ മണ്ണിന്നടിയിൽ നിന്നും കണ്ടെടുക്കുകയുണ്ടായി .
(അതിന്റെ ചിത്രവും താഴെ ചേർത്തിരിക്കുന്നു)
പടിഞ്ഞാറേ കിടങ്ങ്
പടിഞ്ഞാറേ മതിൽക്കെട്ടിന് പടിഞ്ഞാറായി നഗരത്തെ ഛേദിച്ചു കടന്നു പോകുന്ന റെയിൽവേ ലൈൻ, പൊറളാതിരിമാരുടെ കാലം മുതൽക്കേ ഇവിടെ നിലനിന്നിരുന്ന ഒരു തോടായിരുന്നെന്നും അത് പിൽക്കാലത്ത് സാമൂതിരിമാർ കോട്ടക്കിടങ്ങാക്കി മാറ്റിയതാണെന്നുമാണ് പഠനങ്ങളിൽ നിന്നും വ്യക്തമാവുന്നത് .
ഉദാ: 1) വലിയങ്ങാടിക്കടുത്തു റെയിലോരത്തെ പുഴവക്കത്തെ പള്ളി ,
2) എസ് കെയുടെ ദേശത്തിന്റെ കഥയിൽ റെയിൽവേ ലൈൻ പണ്ടൊരു പുഴയായിരുന്നെന്നുള്ള വിവരണവും സ്വീകാര്യം
വടക്കു പടിഞ്ഞാറേ മൂല
പടിഞ്ഞാറെ ഗോപുരത്തിങ്കൽ നിന്നും സുമാർ 132 ദണ്ഡ് വടക്കോട്ട് നേരെ നീട്ടിപ്പിടിച്ചാൽ കോട്ടയുടെ വടക്കുപടിഞ്ഞാറെ മൂലയായി. ഇന്നത്തെ ക്രൗൺ തിയറ്ററിന്റെയും മഠപ്പള്ളി ഉലകുടയാൻ ക്ഷേത്രത്തിന്റെയും സ്ഥാനമാണതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട് .
ആ മൂലയിൽ നിന്നും കുറച്ചു വടക്കുപടിഞ്ഞാട്ട് നീങ്ങിയാൽ ആനക്കുളങ്ങര ക്ഷേത്രവുമായി .
വിക്രമപുരം ശ്രീകൃഷ്ണ ക്ഷേത്രവും
വിക്രമപുരത്ത് തെരുവും
വടക്കുപടിഞ്ഞാറേ മൂലയിൽ നിന്നും ഏകദേശം 264 ദണ്ഡ് കിഴക്കോട്ട് കോംട്രസ്റ്റ് പറമ്പിലൂടെ , മാനാഞ്ചിറ സ്ക്വയറിലൂടെ നീട്ടിപ്പിടിച്ചാൽ ആദ്യം പറഞ്ഞ വടക്കേ പ്രധാന കവാടവും കിടങ്ങും കൊത്തളവുമായി .
ആ വടക്കു കിഴക്കെ മൂലയിൽ നിന്നും അല്പം കിഴക്കായി വിക്രമപുരം ശ്രീ കൃഷ്ണ ക്ഷേത്രവുമുണ്ടായിരുന്നതായും അതിന് മുൻപിൽ വിക്രമപുരത്ത് തെരു നിലനിന്നിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു
(വിക്രമപുരത്ത് തെരു = കോറണേഷൻ തിയറ്ററിന് സമീപം പാവമണി റോഡ്)
ധർമോത്ത് പണിക്കന്മാരുടെ പട കൂടാരം , മിഠായിത്തെരു ജംഗ്ഷൻ
വടക്കുഭാഗത്ത് എക്കാലവും ജലസമൃദ്ധമായ മാനാഞ്ചിറയും വിശാലമായ തുറസ്സും , അതിന്നും വടക്കായ് വടക്ക് തെരുവും, ഭദ്രകാളീക്ഷേത്രവും, (പാരഗൺ ഹോട്ടൽ ) കിഴക്കുഭാഗത്ത് താഴേ പടപ്പാളയവും, തെക്കുഭാഗത്ത് മേലേ പടപ്പാളയവും
പടിഞ്ഞാറേ കടങ്ങിന്നപ്പുറത്തായ് വലിയങ്ങാടിയും, പട്ടുതെരുവും അതിരിടുന്ന വിക്രമപുരം കോട്ടയുടെ
കേന്ദ്ര ബിന്ദുവായി സങ്കല്പിച്ചിരുന്ന സ്ഥാനത്തായിരുന്നു ധർമ്മോത്ത് പണിക്കരുടെ പട കൂടാരം നിലനിന്നിരുന്നതെന്നും സെറ്റിൽമെൻറ് രേഖകൾ പ്രകാരം വ്യക്തമാക്കുന്നു
(പട കൂടാരം = രാധാ തിയറ്റർ ജംഗ്ഷൻ മിഠായിത്തെരുവ് )
ആ ബിന്ദുവിൽ നിന്നും സുമാർ 132 ദണ്ഡ് എന്ന തുല്യ ദൂരത്തിൽ നാല് ഭാഗങ്ങളിലേക്കും പിടിച്ചാൽ കോട്ടയുടെ നാല് ചുമരുകളുമായെന്ന്
പ്രൊഫ എൻ എം നമ്പൂതിരി മലബാർ പഠനങ്ങളിൽ വ്യകതമാക്കുന്നു
കേരളത്തിന്റെയും , ഇന്ത്യയുടെ തന്നെയും രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിൽ ദൂരവ്യാപക മാറ്റങ്ങളുളവാക്കിയ യൂറോപ്യൻ ഭരണത്തിന് നാന്ദി കുറിച്ച പോർച്ചുഗീസ് നാവികൻ വാസ്കോ ഡ ഗാമയിലൂടെയുള്ള തുടക്കവും 1498 ൽ മാനാഞ്ചിറയിലെ ഈ കോവിലക സന്ദർശനത്തിൽ നിന്നായിരുന്നത്രെ!
കൊട്ടിച്ചെഴുന്നള്ളത്ത്
കോവിലകം ഗ്രന്ഥാവരി രേഖകൾ
AD 1730 മുതൽ 1760 വരെയുള്ള കാലത്തു , സാമൂതിരിമാർ കോഴിക്കോട് കോവിലകത്തേക്കു കൊട്ടിച്ചെഴുന്നള്ളുമ്പോൾ
“മതിലിന്റെ തെക്കുഭാഗത്തുകൂടി പടിഞ്ഞാറു പെരുമ്പിലാക്കൽ മുക്കിൽ വന്നു വടക്കോട്ടു സഞ്ചരിച്ചു ഏകദേശം ഇന്നത്തെ രണ്ടാം ഗേറ്റിനൽപ്പം പടിഞ്ഞാറു കേശവമേനോൻ റോഡിനടുത്തു എത്തി പല്ലക്കിൽ നിന്നിറങ്ങി , കാൽനടയായി പടിഞ്ഞാറെ കരിങ്കൽ കട്ടിള വാതിലിലൂടെ
(രണ്ടാം ഗേറ്റ് )
കിഴക്കോട്ടു കയറുന്നുണ്ട് .
പല്ലക്ക് കടക്കാൻ വിഷമമായതിനാലാണ് ഇറങ്ങി , കോട്ടക്കകത്തേക്കു നടന്നു പോകുന്നത് . അൽപ്പം കിഴക്കു വന്നു തെക്കോട്ടു നമസ്കരിക്കുന്നു”.
ഇത് കമ്മട്ടത്തിന്റെ സ്ഥാനത്തിന് വടക്കുഭാഗത്തെത്തുമ്പോളാണത്രെ.
(കമ്മട്ടം = അഗ്രശാല ഭഗവതി )
“അഗ്രശാല ഭഗവതിപ്പറമ്പിന്റെ വടക്ക് ഭാഗത്തു കൂടി, കിഴക്കോട്ടും കിഴക്കു വടക്കോട്ടും ചെന്ന് , പണ്ടാരക്കെട്ടിന്റെ
തെക്കേ തളത്തിലേക്കു കയറുന്നു .
അവിടെ നിന്ന് രണ്ടാമത്തെ നിലയിൽ കയറി മിഞ്ചിരിക്കൊമ്പത്ത് വരുന്നു
( പണ്ടാരക്കെട്ട് = ആസ്ഥാന കേന്ദ്രമായ പണ്ടാരമടങ്ങിയ എട്ടുകെട്ട്! ഇത് ഇന്നത്തെ എൽ ഐ സി കെട്ടിടത്തിന്റെ സ്ഥാനത്താണെന്ന് കരുതപ്പെടുന്നു )
( മിഞ്ചിരിക്കൊമ്പ് = ബാൽക്കണി കിളിവാതിൽ).
വിക്രമപുരം കോട്ടയ്ക്ക് പിന്നെന്തു പറ്റി?
1766 ൽ സാമൂതിരിയിൽ നിന്നും 12 ലക്ഷം രൂപ കിട്ടാക്കടം പിരിക്കാനായി വന്ന നവാബ് ഹൈദരാലിയുടെ ഉപരോധത്തിൽ ഗതിമുട്ടിയ സാമൂതിരിപ്പാട് കോട്ടക്കുള്ളിലെ വെടിമരുന്നുശാലയിൽക്കയറി ആത്മാഹുതി നടത്തിയതും ഒട്ടേറെ തമ്പുരാക്കന്മാരും സ്ഥാനികളും ബ്രാഹ്മണരും തെക്കൻ കേരളത്തിലേക്കും വേണാട്ടേക്കും പലായനം ചെയ്തതും പ്രസിദ്ധമാണല്ലോ
പിന്നീട് കോഴിക്കോട് കേന്ദ്രമായി വന്ന മൈസൂര് ഭരണത്തിൽ അസഹ്യരായ ഇളമുറത്തമ്പുരാക്കന്മാരും , നായർ പ്രഭുക്കളും നഗരത്തിലെ മൈസൂർ കേമ്പിനെതിരെ തിരിയാനും ശക്തി സംഭരിച്ച് ആക്രമിക്കാനും തുടങ്ങി. വിവരങ്ങളറിഞ്ഞ ഹൈദരലി ദിണ്ടിക്കലിൽ നിന്നും ഉടൻ തിരിച്ചു വരികയും വെട്ടത്തു നാട്ടിൽ വച്ച് കോഴിക്കോടൻ പടയെ നിശ്ശേഷം പരാജയപ്പെടുത്തി കിഴക്കൻ മലകളിലേക്ക് തുരത്തുകയും ചെയത് തിരിച്ചു പോയെങ്കിലും , കോഴിക്കോടൻ പട പതുക്കെ ഒളിപ്പോരാട്ടങ്ങളിലേക്ക് ചുവട് മാറ്റുകയായിരുന്നു!
വടക്ക് മറാഠികളുടെ നിരന്തരാക്രമണത്തെ പ്രതിരോധിക്കുന്നതിനായി കോഴിക്കോട് നിന്ന് തന്റെ പടയെ പിൻവലിച്ച് പഴയ അവകാശികൾക്ക് തന്നെ കോഴിക്കോട് തിരിച്ചുനൽകാൻ തീരുമാനിച്ച് വടക്കോട്ടേക്ക് മാർച്ചു ചെയ്യുകയായിരുന്നു ഹൈദരലി.
മാറിയ സാഹചര്യത്തിൽ വേണാട്ടു നിന്നും തിരികെ വന്ന സാമൂതിരി അധികാരമേറ്റെടുക്കുകയും
തെക്കു കൊച്ചിയടക്കമുള്ള ദേശങ്ങൾക്കുനേരെ പഴയ പോലെ പടയൊരുക്കങ്ങൾക്ക് പദ്ധതിയിടുകയും ചെയ്തു തുടങ്ങി!
പിണഞ്ഞ അമളി മനസിലാക്കി പടയും പ്രതിരോധവും മൂർച്ചപ്പെടുത്താൻ ഒട്ടും മിനക്കെടാതെയായിരുന്നു വീണ്ടും പടയൊരുക്കങ്ങൾക്കൊരുമ്പെട്ടത്!
ആറ് വർഷങ്ങൾക്കു ശേഷം 1774 നവാബ് ഹൈദരാലി വീണ്ടും കോഴിക്കോട്ടേക്കിരച്ചെത്തി!
തമ്പുരാക്കന്മാർ പതിവുപോലെ സുരക്ഷിത കേന്ദ്രമായ തെക്കൻ ദേശങ്ങളിലേക്കും ചേക്കേറി!
കോഴിക്കോട് നഗരത്തിലും ഏറനാട്ടിലും നെടുങ്ങനാട്ടിലും പലായനം ചെയ്യാത്ത ഇളമുറകൾ ഒളിപ്പോരുമായ് വീണ്ടുമിറങ്ങി
മലബാറിൽ ബ്രിട്ടീഷ് ഇടപെടലുകൾ ചെറു രീതിയിൽ തുടങ്ങിയ ആ കാലത്ത് ഇളമുറത്തമ്പുരാനായ രവിവർമ ബ്രിട്ടീഷുകരുമായി സഖ്യം കൂടുകയും 1782 ൽ കോഴിക്കോടും മറ്റു മലബാർ പ്രദേശങ്ങളും മൈസൂരിൽ നിന്നും പിടിച്ചെടുക്കുകയും പഴയ സാമൂതിരി ഭരണം വീണ്ടും നിലവിൽ കൊണ്ടു വരികയും ചെയ്തുവെങ്കിലും, 1784 ൽ ഹൈദരാലിയുടെ പുത്രനും അനന്തരാവകാശിയുമായ ടിപ്പു കോഴിക്കോട് പിടിച്ചടക്കുകയും പ്രദേശം വീണ്ടും
പഴയ ഒളിപ്പോരിലേക്ക് തന്നെ
എത്തപ്പെടുകയും ചെയ്തു
നാല് വർഷങ്ങൾക്കകം 1788 ൽ ടിപ്പു സാമൂതിരിയുമായി ധാരണയുണ്ടാക്കാൻ തീരുമാനിക്കുകയും അതിനായി നിലവിലെ സാമൂതിരിയായ കൃഷ്ണവർമയെ തന്റെ ആസ്ഥാനത്തേക്കു ക്ഷണിച്ചു വരുത്തി , വലിയൊരു തുക സമ്മാനിക്കുകയും കോഴിക്കോട് തിരിച്ചു നൽകുന്നതിനായി ചില വ്യവസ്ഥകൾ വെക്കുകയും ചെയ്തു.
തിരുവിതാംകൂറിനെ ആക്രമിക്കുന്നതിനായി മൈസൂരിനോടൊപ്പം മുന്നണിയിൽ
കുന്തമുനകളായി
നിൽക്കണമെന്നതായിരുന്നു ആ വ്യവസ്ഥകളിൽ പ്രധാനം!
പണം കൈപ്പറ്റിയെങ്കിലും
കൃഷണവർമ
ആ വ്യവസ്ഥകൾ പാലിക്കാൻ തയ്യാറായില്ല!
കുപിതനായ ടിപ്പു , അടുത്ത വർഷം 1789 ൽ സർവ്വ സന്നാഹങ്ങളോടെ
വയനാട് വഴി കോഴിക്കോട്ടേക്ക് ഇരച്ചു കയറുകയായിരുന്നു!
60000 പടയാളികളുമായായിരുന്നു പ്രതികാരാഗ്നിയാളിക്കത്തിയ സുൽത്താൻ ടിപ്പുവിന്റെ ആ വരവ്!
തങ്ങൾക്ക് തരാനുള്ള കടബാധ്യത തന്നു തീർക്കാതെ , നിരന്തര ശല്യം മാത്രം സമ്മാനിച്ച കോഴിക്കോട്ടെ പ്രഭു വർഗത്തെ ഉന്മൂലനം ചെയ്യുകയും അവരുടെ പഴയ പ്രതാപത്തിന്റെ കൊടിയടയാളങ്ങളുമായി നിലകൊള്ളുന്ന കോട്ട കോവിലകങ്ങൾ കല്ലോടു കല്ലു പൊളിച്ചടുക്കുകയും ചെയ്യുക എന്ന ഉഗ്രശപഥത്തോടെയായിരിക്കണം
സുൽത്താൻ കോഴിക്കോട് നഗരത്തിലേക്ക് ഇരച്ചു കയറിയത്! ഒപ്പം തന്നെ സമീപത്തെ തന്ത്രപ്രധാനമായ മറ്റൊരു കേന്ദ്രത്തിൽ സ്വന്തം മേൽവിലാസത്തിൽ ഒരു പുതുനഗരം പണിതെടുക്കാമെന്നുമുള്ള പദ്ധതിയുമുണ്ടായിരുന്നിരിക്കണം സുൽത്താൻ ടിപ്പുവിന്!
എന്തായാലും1789 എന്ന വർഷം ഇങ്ങനെയാണ് ഗൂഗിളിൽ രേഖപ്പെടുത്തപ്പെട്ടത്
Fall of Calicut
In 1789, Tipu Sultan marched to Kozhikode with an army of 60,000, destroyed the fort, and razed the town to the ground.
അതേ വർഷം തന്നെയാണ് സുൽത്താൻ കോഴിക്കോടിനടുത്ത് ചാലിയാർ പുഴക്കരയിലെ നല്ലൂരംശം ദേശത്ത് കനത്ത നീരൊഴുക്കുള്ള പുഴയിലേക്ക് നേർക്കാഴ്ചകളുള്ള മനോഹരവും പൗരാണികവുമായ ആ ചെങ്കൽ കുന്നിൻ മുകളിൽ തന്റെ പുതിയ മലബാർ ആസ്ഥാനത്തിനുള്ള മണ്ണ് കണ്ടെത്തിയതും കോട്ടക്കുള്ള പണി തുടങ്ങാൻ തീരുമാനിച്ചതും ..
അദ്ദേഹത്തിന് മൈസൂരിൽ ഇംഗ്ലീഷുകാരുമായുള്ള ഇടച്ചിലുകളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടി വന്നതിനാലാകാം , ആ ആ കോട്ടയുടെ പണി , രണ്ടു വൻ കിണറുകൾ കുഴിച്ചെന്നതല്ലാതെ അതിലപ്പുറം ഒരു കല്ലു പോലും പടുക്കാനാവാതെ ഫറൂഖ് എന്ന ഓമനപ്പേരിന്റെ ഗരിമയിൽ ഇന്നും ഒരു കടങ്കഥയായി നിലകൊള്ളുകയാണ്!
അങ്ങനെ മധ്യകാലകേരളത്തിലെ ഉടയവന്മാരിൽ പ്രബലരായ സാമൂതിരിമാരുടെ കുലനഗരിയുടെ അലകും പിടിയും മാറ്റിപ്പണിയപ്പെട്ട സംഭവബഹുലതയുടെ ഏടുകൾ ചരിത്രത്തിന്റെ കോട്ടപ്പറമ്പിലെ
ഇരുണ്ട നിലവറകളിൽ അവ്യക്തതയുടെ ധൂമപടലത്തിനുള്ളിലെ ഇരുണ്ട ചിത്രമായിത്തന്നെ ഇന്നും നിലകൊള്ളുകയാണ്!
Content highlight : Kozhikode history