ചിറയിന്‍കീഴ് പിരപ്പമണ്‍കാട് പാടശേഖര സമിതിയുടെ നേതൃത്വത്തിലുള്ള പിരപ്പമണ്‍കാട് ബ്രാന്‍ഡ് കുത്തരി ഉടന്‍ വിപണിയില്‍ എത്തും. ഇതിന്റെ വിപണന ഉദ്ഘാടനവും മിനി മില്ലിന്റെ ഉദ്ഘാടനവും ഭക്ഷ്യമന്ത്രി ജി.ആര്‍.അില്‍ നിര്‍വഹിച്ചു. പിരപ്പമണ്‍കാട് പാടശേഖര സമിതിയുടെയും സൗഹൃദ സംഘത്തിന്റെയും കര്‍ഷകദിനാഘോഷം -വയലോണച്ചിന്തും മന്ത്രി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക രംഗത്തെ പുരോഗതിക്ക് വലിയ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പുതിയ തലമുറയെ കാര്‍ഷിക മേഖലയുമായി ബന്ധിപ്പിക്കാന്‍ തരിശിടങ്ങളില്‍ പൂ കൃഷിയും പച്ചക്കറി കൃഷിയും വ്യാപകമാവുകയാണ്.
കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ നമ്മുടെ കുടുംബങ്ങളില്‍ ലഭ്യമാക്കാന്‍ കഴിയുന്നുവെന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും കാര്‍ഷികരംഗത്ത് കുറച്ച് കാലങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന മുരടിപ്പില്‍ നിന്നും കര്‍ഷകരെ കൈപിടിച്ചുയര്‍ത്തുവാന്‍ കൃഷി വകുപ്പ് വലിയ പരിശ്രമമാണ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത്, നെല്ലിന് ഏറ്റവും അധികം വില നല്‍കുന്നത് കേരളത്തിലാണ്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് പൂര്‍ണമായും ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 2,100 കോടി രൂപയുടെ നെല്ലും ഈ വര്‍ഷം ഇതുവരെ 1,600ലധികം കോടി രൂപയുടെ നെല്ലുമാണ് ശേഖരിച്ചത്. നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് കുടിശിക നല്‍കാനില്ലെന്നും ഈ വര്‍ഷത്തെ തുകയായി 25 കോടി രൂപയ്ക്ക് താഴെ മാത്രമാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളതെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലുത്പാദിപ്പിക്കുന്ന നെല്ല് കേരളത്തിലെ റേഷന്‍കടകളിലൂടെ മിതമായ നിരക്കില്‍ നാട്ടുകാര്‍ക്ക് തന്നെ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഈ ഓണക്കാലം ലക്ഷ്യമിട്ട് കൂടുതല്‍ ചമ്പാവരി റേഷന്‍കടകളിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാര്‍ഷികരംഗത്ത് പിരപ്പമണ്‍കാട് പാടശേഖര സമിതിയും സൗഹൃദസംഘവും നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. അരി ഉത്പാദനവുമായി ബന്ധപ്പെട്ട തൊഴില്‍സേനയുടെ അംഗത്വകാര്‍ഡ്, പാടശേഖരത്തില്‍ തുടര്‍ച്ചയായി മികവ് തെളിയിച്ച വിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌കാരം, കര്‍ഷക തൊഴിലാളികള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമുള്ള വയല്‍ശ്രീ നറുക്കെടുപ്പ് സമ്മാനങ്ങള്‍, വിദ്യാഭ്യാസ മികവ് തെളിയിച്ച കര്‍ഷകരുടെ മക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍, കാര്‍ഷിക മികവ് തെളിയിച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍, എന്നിവയും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. പാടശേഖരസമിതിയുടെ മുന്‍കാല ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു.
ഒന്നരവര്‍ഷം മുന്‍പാണ് പിരപ്പമണ്‍കോടുള്ള കര്‍ഷകരുടെ നേതൃത്വത്തില്‍ പിരപ്പമണ്‍കോട് പാടശേഖരസമിതി രൂപീകരിക്കുന്നതും 72 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കുന്നതും. ആദ്യഘട്ടത്തില്‍ 56,000 കിലോ നെല്ലും രണ്ടാംഘട്ടത്തില്‍ 81,000 കിലോ നെല്ലും വിളവെടുത്തു. രണ്ട് ഘട്ടങ്ങളിലായി 39,000 കിലോ അരിയാണ് സിവില്‍ സപ്ലൈസ് വകുപ്പിന് നല്‍കിയത്. മൂന്നാംഘട്ടത്തിലെ വിളവെടുപ്പ് സെപ്തംബര്‍ അവസാനത്തോടെ നടക്കും. ശ്രീഭൂതനാഥന്‍കാവ് ക്ഷേത്ര മൈതാനിയില്‍ നടന്ന ചടങ്ങില്‍ വി.ശശി എം.എല്‍.എ അധ്യക്ഷനായിരുന്നു.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ജയശ്രീ, മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി, ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലന്‍ നായര്‍, മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിഷ്ണു രവീന്ദ്രന്‍, പാടശേഖരസമിതി പ്രസിഡന്റ് സാബു വി.ആര്‍, സൗഹൃദസംഘം ചെയര്‍മാന്‍ രതീഷ് രവീന്ദ്രന്‍ , പാടശേഖരസമിതി-സൗഹൃദസംഘം അംഗങ്ങള്‍, കര്‍ഷകര്‍, നാട്ടുകാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
CONTENT HIGHLIGHTS;Kuthari coming to Pirappamankad brand: Food Minister inaugurates market