Recipe

ഷാപ്പിലെ കുരുമുളക് ചതച്ച നാടന്‍ കോഴിക്കറി ഉണ്ടാക്കുന്നത് ഇങ്ങനെ|chicken curry

ആവിശ്യത്തിന് എരിവും പുളിയും ചേർന്ന ഷാപ്പിലെ രുചിയേറിയ കറികൾക്ക് പ്രത്യേക ആരാധകർ ആണ് ഉള്ളത്

ഫൈവ്സ്റ്റാർ ഹോട്ടലുകളിലെ ഭക്ഷണത്തേക്കാൾ പലർക്കും പ്രിയപ്പെട്ട ഷാപ്പിലെ ഭക്ഷണത്തിനാണ് ഇപ്പോൾ കൂടുതൽ താല്പര്യം. ആവിശ്യത്തിന് എരിവും പുളിയും ചേർന്ന ഷാപ്പിലെ രുചിയേറിയ കറികൾക്ക് പ്രത്യേക ആരാധകർ ആണ് ഉള്ളത്. ഷാപ്പിലെ കോഴിക്കറിക്കും ബീഫ് കറിയ്ക്കും മീൻ കറിയ്ക്കും ഒക്കെ ആവശ്യക്കാർ ഏറെയാണ്. ഷാപ്പിലെ ഈ രുചിയേറെ കറി ഇനി അതേ രുചിയിൽ വീട്ടിലും ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. ഷാപ്പിലെ കുരുമുളക് ചതച്ച നാടൻ കോഴിക്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമ്മുക്ക് നോക്കാം.

ചേരുവകൾ

കോഴിയിറച്ചി – 1 കിലോ

കുരുമുളക് (ചതച്ചത്) – 2 ടേബിൾസ്പൂൺ

നാരങ്ങ നീര് – 2 ടേബിൾസ്പൂൺ

സവാള – 3 എണ്ണം

തക്കാളി – ഒന്ന്

പച്ചമുളക് – 2 എണ്ണം

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – 5 എണ്ണം

കറിവേപ്പില – രണ്ട് തണ്ട്

മഞ്ഞൾപ്പൊടി – അര ടേബിൾസ്പൂൺ

ഗരംമസാല / ചിക്കൻ മസാല – ഒരു ടേബിൾസ്പൂൺ

മല്ലി പൊടി – 2 ടേബിൾസ്പൂൺ

പെരുംജീരകം – കാൽ ടേബിൾസ്പൂൺ

എണ്ണ – 4 ടേബിൾസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കി നന്നായി കഴുകി വൃത്തിയാക്കുക. ഈ കഷണങ്ങളിലേക്ക് കുരുമുളക് ചതച്ചത്, മഞ്ഞൾപ്പൊടി, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി തേച്ചു പിടിപ്പിച്ച് അര മണിക്കൂർ ഫ്രിഡ്ജിൽ മാറിനേറ്റ് ചെയ്യാനായി വെക്കുക. ഒരു പാനിൽ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റണം. ഇതിലേക്ക് അരിഞ്ഞെടുത്ത സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റാം. സവാള വാടി തുടങ്ങുമ്പോൾ ഗരംമസാലപൊടി, മല്ലിപൊടി, പെരുംജീരകം എന്നിവ ചേർക്കുക. ഇതിലേക്ക് മാറ്റി വെച്ചിരിക്കുന്ന കോഴിയിറച്ചി ചേർക്കുക. ഇറച്ചിയിൽ മസാല പിടിച്ചുവരുമ്പോൾ ഇതിലേക്ക് തക്കാളിയും പച്ചമുളകും ചേർക്കുക. ഉറപ്പായ ശേഷം അര കപ്പ് വെള്ളം ചേർത്ത് അടച്ച് വെച്ച് വേവിക്കുക. ഇടക്ക് നന്നായി ഇളക്കുക. ഇറച്ചി നന്നായി വെന്തു കഴിയുമ്പോൾ മൂടി മാറ്റി വെച്ച് കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക. ചാറു കുറുകി വരുമ്പോൾ ഇറക്കി വെക്കാവുന്നതാണ്.
Story Highlights ; chicken curry