മഞ്ഞണിഞ്ഞ അന്തരീക്ഷത്തിലൂടെ. നിബിഢ വനപ്രദേശം കയറിയുമിറങ്ങിയും അതിരിടുന്ന നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന തടാകം.. ഈ കാഴ്ച എവിടെയാണെന്നല്ലേ..? തേക്കടിയിലാണ് അതിമനോഹരമായ കാഴ്ച. തേക്കടിയിലേക്ക് എത്തുന്ന ഓരോ സഞ്ചാരികളെയും ആകർഷിക്കുന്ന നിരവധി കാഴ്ചകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്..
മഞ്ഞണിഞ്ഞ അന്തരീക്ഷത്തിലൂടെ. നിബിഢ വനപ്രദേശം കയറിയുമിറങ്ങിയും അതിരിടുന്ന നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന തടാകം. ഈ തടാകത്തിൽ യാത്രികർക്കായി ബോട്ട് യാത്ര ഉണ്ട്. ബോട്ട് മെല്ലെ നീങ്ങിത്തുടങ്ങി. വന്യമൃഗങ്ങളെങ്ങാനും വന്നുപെട്ടാല്‍ ഒപ്പിയെടുക്കാന്‍ പാകത്തിന് ക്യാമറകള്‍ തയ്യാറായി. കാഴ്ചകളിലേക്ക് കണ്ണും നട്ട്.. തണുപ്പുള്ള നനുത്ത കാറ്റ് അഭിവാദ്യമേകി ഒപ്പം കൂടിയിട്ടുണ്ട്. 1895ല്‍ മുല്ലപ്പെരിയാര്‍ ഡാം പണിതപ്പോള്‍ രൂപപ്പെട്ട കൃതൃമ തടാകമാണ് തേക്കടിയിലേത്. അന്ന് വെള്ളത്തില്‍ പെട്ട് പൊലിഞ്ഞുപോയ വൃക്ഷരാജന്മാരുടെ തിരുശേഷിപ്പുകള്‍ കാലത്തെ അതിജീവിച്ചു നില്‍ക്കുന്നത് ഇപ്പോഴും കാണാം. അതൊരു നൊമ്പരക്കാഴ്ചകൂടിയാണ്.
ഇടയ്ക്കിടെ മ്ളാവുകളും കലമാന്‍ കൂട്ടവും വെട്ടപ്പെടുന്നുണ്ട്. ആഭാഗത്തേക്ക് ആളുകള്‍ പെട്ടെന്ന് ഓടിക്കൂടാന്‍ ശ്രമിക്കുന്നത് ബോട്ടിന്‍റെ തുലനനില തെറ്റിയ്ക്കാം. വളരെ ജാഗ്രതയോടെ ബോട്ട് ജീവനക്കാര്‍ സഞ്ചാരികളെ നിയന്ത്രിക്കുന്നു. ശ്രദ്ധയില്‍ പെടാത്ത കാഴ്ചകള്‍ അവര്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. അങ്ങനെയാണ് മരങ്ങള്‍ക്കിടയില്‍ നിന്ന് മേയുന്ന കാട്ടുപോത്തിനെ കണ്ടത്.പെട്ടെന്നാണ് ആ കാഴ്ച ഞങ്ങള്‍ക്ക് മുന്നില്‍ പെട്ടത്..
കാടിറങ്ങിവന്ന വന്യതയുടെ ദൃശ്യചാരുത!
കടുവ!!പല കണ്ഠങ്ങളില്‍ നിന്ന് ഒരുമിച്ചുയര്‍ന്ന ആക്രന്ദനങ്ങള്‍ നിമിഷാര്‍ദ്ധത്തില്‍ സ്തബ്ദ്ധമായി.. ഏവരും വീര്‍പ്പടക്കി ആ ദൃശ്യവിരുന്ന് ആസ്വദിക്കുകയാണ്.
കടുവ അതിന്‍റെ സ്വാഭാവിക ആവാസ സ്ഥലത്ത് സ്വൈരവിഹാരം നടത്തുന്നു.
വനരാജന്‍റെ ഗര്‍വ്വോടെ തടാകക്കരയിലെ ചെറു പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഉലാത്തുകയാണവന്‍. വെയില് വീണ ജട്ടിയില്‍ അടുത്ത ട്രിപ്പിനുള്ള കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു. അങ്ങകലെ കാട്ടാനക്കൂട്ടങ്ങള്‍ അപ്പോഴാണ് തടാകക്കരയില്‍ വെള്ളം കുടിയ്ക്കാനെത്തി തുടങ്ങിയത്.
വനത്തിനുള്ളില്‍ ട്രക്കിംഗിനും താമസത്തിനുമൊക്കെ പരിമിതമായ സൗകര്യങ്ങള്‍, വനം വകുപ്പിന്‍റെ കര്‍ശന നിയന്ത്രണത്തിലും സംരക്ഷണയിലും ഒരുക്കിയിട്ടുള്ളതായി അറിയുന്നു. മുന്‍ കൂട്ടി ബുക്ക് ചെയ്ത് കാത്തിരിയ്ക്കേണ്ടതുണ്ട്.
അവിടെയുള്ള ഫോട്ടോ പോയിന്‍റുകളില്‍ നിന്ന് ചിത്രങ്ങളെടുക്കാം.
ഒരു സുവനീര്‍ ഷോപ്പും, ഭക്ഷണശാലയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. യാത്രക്കാരെ തിരികെ കൊണ്ടുപോകാനുള്ള ബസ് മുറയ്ക്ക് വന്നുപോകുന്നുണ്ട്. ഇവിടെയുള്ള കുരങ്ങുകള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന് പ്രത്യേകം നിര്‍ദ്ദേശമുണ്ട്.
Story Highlights ;Thekkady travel