മത്സ്യ വിഭവങ്ങളിൽ എല്ലാവർക്കും വളരെയധികം പ്രിയപ്പെട്ട ഒന്നാണ് കണവ. അത് എങ്ങനെ ഉണ്ടാക്കിയാലും കഴിക്കാൻ ആളുകൾ റെഡിയാണ്. ചോറിനൊപ്പം കണവ ഏറ്റവും മികച്ചത് റോസ്റ്റ് ചെയ്യാൻ തന്നെയാണ്. കണവ റോസ്റ്റ് ഉണ്ടെങ്കിൽ സാധാരണ കഴിക്കുന്നതിന്റെ ഇരട്ടി കഴിക്കാം. നല്ല കിടിലന്‍ രുചിയില്‍ കണവ റോസ്റ്റ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
കൂന്തള്‍ – ഒരു കിലോ
സവാള – രണ്ടെണ്ണം
തക്കാളി – രണ്ടെണ്ണം
പച്ചമുളക് – നാല് എണ്ണം
കറിവേപ്പില – രണ്ട് തണ്ട്
മുളകുപൊടി – ഒന്നര ടീസ്പൂണ്‍
കുരുമുളകുപൊടി – ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി- അര ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കി വച്ചിരിക്കുന്ന കണവ മുളകുപൊടിയും മഞ്ഞള്‍പൊടിയും കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ചെറുതീയില്‍ വറുത്തെടുക്കുക. ഒരു പാനില്‍ 2 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയെടുക്കുക.
സവാള വഴന്നു വരുമ്പോള്‍ അതിലേക്ക് പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കുക. ഇതിന്റെ പച്ചമണം മാറി വരുമ്പോഴേക്കും തക്കാളി കൂടി ചേര്‍ക്കുക. തക്കാളി വഴണ്ടുവരുമ്പോഴേക്കും മുളകുപൊടിയും കുരുമുളകുപൊടിയും കൂടി ചേര്‍ക്കുക. പൊടികളുടെ പച്ചമണം മാറുമ്പോള്‍ നേരത്തേ വറുത്തുവച്ചിരിക്കുന്ന കണവ കൂടി ഇതിലേക്ക് ചേര്‍ക്കുക. 5 മിനിറ്റ് ചെറുതീയില്‍ അടച്ചുവച്ചു വേവിക്കുക. ശേഷം നന്നായി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങാം. സ്വാദിഷ്ടമായ കൂന്തള്‍ മസാല തയ്യാര്‍. കറിവേപ്പില വിതറി വിളമ്പാം.
Story Highlights ; kanava roast