ഓണത്തിന് മുന്നോടിയായി അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ വഴി കടന്നുവരുന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിലേയ്ക്കായി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദാപുരം എന്നീ ചെക്ക് പോസ്റ്റുകളില്‍ രാത്രികാല പരിശോധനകള്‍ നടത്തി. 53 വാഹനങ്ങള്‍ പരിശോധന നടത്തി. 18 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതല്‍ പരിശോധന ആവശ്യമായ 7 സ്റ്റാറ്റിയുട്ടറി സാമ്പിളകള്‍ ശേഖരിച്ച് എറണാകുളം അനലിറ്റിക്കല്‍ ലാബില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.
മൂന്ന് സ്‌ക്വാഡുകളായി വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദാപുരം ചെക്ക് പോസ്റ്റുകളിലായിരുന്നു പരിശോധന. പാല്‍, പഴവര്‍ഗങ്ങള്‍, മത്സ്യം, വെളിച്ചെണ്ണ എന്നിവ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പരിശോധന നടത്തി. ലാബില്‍ നിന്ന് പരിശോധന റിപ്പോര്‍ട്ട് വരുന്നതനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.
പരിശോധനകള്‍ക്ക് ഭക്ഷ്യസുരക്ഷാ ജോ. കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍ അജി, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ സക്കീര്‍ ഹുസൈന്‍, ഷണ്മുഖന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ നയനലക്ഷ്മി, ഹാസില, ഹേമ, ജോബിന്‍ തമ്പി എന്നിവരും പങ്കെടുത്തു.
Content Highlights; Ahead of Onam, the department has intensified food safety checks at check posts in the state