ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റര്‍ ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതക കേസ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ മുഹമ്മദ് റൂബല്‍ എന്ന വ്യക്തി കൊല്ലപ്പെട്ടതിലാണ് ഷാക്കിബിനെതിരെ കേസ്. റൂബലിന്റെ പിതാവ് റഫീഖുല്‍ ഇസ്ലാമിന്റെ പരാതിയിലാണ് അഡബോര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം ഏഴിനാണ് റൂബെല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. അന്ന് പ്രധാന മന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന ഉള്‍പ്പെടെ 154 അവാമി ലീഗ് നേതാക്കള്‍ക്കെതിരെയാണ് കേസ്. ധാക്ക ട്രൈബ്രൂണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എഫ്.ഐ.ആറിൽ 28-ാം പ്രതിയാണ് ബംഗ്ലാദേശ് മുൻ നായകൻ കൂടിയായ ഷാക്കിബ്. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയും നടന്‍ ഫെര്‍ദസ് അഹമ്മദും പ്രതിപ്പട്ടികയിലുണ്ട്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മഗുര-2 മണ്ഡലത്തില്‍ അവാമി ലീഗ് ബാനറില്‍ വിജയിച്ച് എംപിയായിരുന്നു ഷാക്കിബ്. ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ള അവാമി ലീഗ് പാര്‍ട്ടി നേതാക്കള്‍ രാജ്യം വിട്ടതിനുശേഷം ബംഗ്ലാദേശിലേക്ക് മടങ്ങിയിട്ടില്ല. നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് നിലവില്‍ ബംഗ്ലാദേശിനെ നിയന്ത്രിക്കുന്നത്.