കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ബ്രാഞ്ചിൽ നിന്നും മുൻ മാനേജർ സ്വർണം കവർന്ന കേസിൽ ആറ് കിലോഗ്രാം സ്വര്‍ണം കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പൂരിലെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ രണ്ട് ശാഖകളില്‍ നിന്നും ഡി.ബി.എസ്. ബാങ്കില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. കാത്തലിക് സിറിയന്‍ ബാങ്കില്‍ ഒന്നര കിലോഗ്രാം സ്വര്‍ണവും സിംഗപ്പുര്‍ ആസ്ഥാനമായ ഡി.ബി.എസ്. ബാങ്കില്‍ നിന്നും നാലര കിലോഗ്രാം സ്വര്‍ണവുമാണ് കണ്ടെത്തിയത്.
പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതി മധ ജയകുമാറിനെ തമിഴ്നാട്ടിലെത്തിച്ചു തെളിവെടുപ്പ് തുടരുകയാണ്. മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ തമിഴ്നാട്ടിലെ വിവിധ ബാങ്കുകളില്‍ പണയം വച്ചിരുന്നു. ഇങ്ങനെ ലഭിച്ച പണം ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയായിരുന്നു. ഇനിയും 20 കിലോഗ്രാം സ്വര്‍ണം കണ്ടെത്താനുണ്ട്. ഡി.ബി.എസ്. ബാങ്കിലെ ഒരു ജീവനക്കാരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മൂന്ന് വര്‍ഷത്തോളം വടകര ശാഖയില്‍ മാനേജരായിരുന്ന മധ ജയകുമാര്‍ ജൂലൈ ആറിനാണ് സ്ഥലം മാറിപ്പോയത്. തുടർന്നു വന്ന മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 42 അക്കൗണ്ടുകളില്‍ നിന്നായി 26.24 കിലോ സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് പരാതി. ഇത്രയും അക്കൗണ്ടുകളിലെ സ്വര്‍ണം തിരിമറി നടത്തിയിട്ടും ഒരു ഇടപാടുകാരന്‍പോലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഒരാളുടെമാത്രം സ്വര്‍ണമാണിതെന്നാണ് അനുമാനിക്കുന്നത്. ഇതേക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്.