ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ വ്യാജ എന്‍.സി.സി ക്യാമ്പിന്റെ മറവില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ മുഖ്യപ്രതി വിഷംകഴിച്ച് മരിച്ചു. രാഷ്ട്രീയ പാര്‍ട്ടിയായ നാം തമിഴര്‍ കക്ഷിയുടെ യുവജനവിഭാഗം നേതാവായ ശിവരാമനാണ് സേലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. അറസ്റ്റിലാകുന്നതിന് മുമ്പാണ് ഇയാള്‍ വിഷം കഴിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഒളിവിലായിരുന്ന ശിവരാമനെ തിങ്കളാഴ്ച കോയമ്പത്തൂരില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ 5.15-ന് അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ ശിവരാമന് വിഷം കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിനുണ്ടായ പൊട്ടലിനെ തുടര്‍ന്ന് കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശിവരാമന്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് സേലത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബര്‍ഗുറിലെ സ്വകാര്യ സ്കൂളിലായിരുന്നു വ്യാജ ക്യാമ്പ് സംഘടിപ്പിച്ച് വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പാർട്ട് ടൈം എൻസിസി ട്രെയിനറും നാം തമിഴർ കക്ഷി നേതാവുമായ ശിവരാമനടക്കം 11 പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ ക്യാമ്പ് എൻസിസി അധികൃതരുടെ അറിവോടെയല്ലായിരുന്നു നടന്നത്.
ഓഗസ്റ്റ് ഒൻപതിന് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികളെ താമസിപ്പിച്ച് നടത്തിയ അഞ്ചുദിവസത്തെ എൻസിസി ക്യാമ്പിലാണ് പീഡനമുണ്ടായത്. ഇതിന് പിന്നാലെ ഒരു വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതികളെ പിടികൂടാനായത്. ട്രെയിനർ പൊലീസിന് നൽകിയ മൊഴിയിലും 14 വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പറഞ്ഞിരുന്നു.
ഓഗസ്റ്റ് ഒൻപതിന് ക്യാമ്പിൽ പീഡിപ്പിക്കപ്പെട്ട ഒരു വിദ്യാർത്ഥിനി സ്കൂളിലെ അധ്യാപകരോടും പ്രിൻസിപ്പലിനോടും പരാതിപ്പെട്ടിരുന്നു. കടുത്ത വയറുവേദനയും ശരീരത്തിൽ പരിക്കുകളുമേറ്റിരുന്ന വിദ്യാർത്ഥിനി വിവരം മാതാപിതാക്കളോടും പറഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നായിരുന്നു 11 പേരുടെയും അറസ്റ്റ്.