കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കത്തിലൂടെ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ജസ്റ്റിസ് ഹേമ നല്‍കിയ കത്ത് സര്‍ക്കാരിന്റെ കയ്യില്‍ മാത്രമെയുള്ളൂവെന്ന ധൈര്യത്തിലാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്. ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന സുപ്രീം കോടതി മാര്‍ഗനിര്‍ദേശം അനുസരിച്ച് മാത്രമെ റിപ്പോര്‍ട്ട് പുറത്ത് വിടാവൂ എന്നാണ് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടത്. അതിനെയാണ് മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്ത് പച്ചക്കള്ളം പറഞ്ഞതെന്ന് സതീശന്‍ ആരോപിച്ചു.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ കേസെടുക്കാതിരിക്കുകയോ ചെയ്താല്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 199 അനുസരിച്ച് കുറ്റകൃത്യമാണ്. നാലര വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂടിവച്ച മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകൃത്യം ചെയ്തിരിക്കുകയാണ്. കുറ്റകൃത്യം നടന്നെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.
ഇരകളുടെയല്ല വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുപ്രീം കോടതിയെയും ജസ്റ്റിസ് ഹേമ കമ്മിറ്റിയെയും മുന്നില്‍ നിര്‍ത്തി വേട്ടക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് നിയമപരമായി തെറ്റാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന നിയമപരമായ ബാധ്യത സര്‍ക്കാര്‍ നടപ്പാക്കാന്‍ തയാറാകുന്നില്ല.
റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ കോവിഡ് ആയിപ്പോയതു കൊണ്ടാണ് ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്നതെന്നാണ് മുന്‍ സാംസ്‌കാരിക മന്ത്രി പറയുന്നത്. അപ്പോള്‍ കോവിഡ് കാലത്ത് എന്ത് കുറ്റകൃത്യങ്ങള്‍ നടന്നാലും സര്‍ക്കാര്‍ കേസെടുക്കില്ലേ. കോവിഡ് കാലത്താണ് വഴിയിലൂടെ പോയവനും പുല്ലുവെട്ടാന്‍ പോയവനും എതിരെ സര്‍ക്കാര്‍ കേസെടുത്തത്. എന്നിട്ടാണ് കോവിഡായതുകൊണ്ടാണ് നടപടി എടുക്കാന്‍ പറ്റാതിരുന്നതെന്ന് സാംസ്‌കാരിക മന്ത്രിയായ ബാലന്‍ പറയുന്നത്. റിപ്പോര്‍ട്ടിലെ ചില പ്രത്യേക ഭാഗങ്ങള്‍ വായിച്ചില്ലെന്നാണ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്.
ആരോപണ വിധേയരെയും ഇരകളെയും ഒന്നിച്ചിരുത്തിയാണ് സര്‍ക്കാര്‍ കോണ്‍ക്ലേവ് നടത്തുമെന്ന് പറയുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെയും ഇരകള്‍ക്ക് നീതി നല്‍കാതെയും കൊച്ചിയില്‍ കോണ്‍ക്ലേവ് നടത്താന്‍ അനുവദിക്കില്ല. ജനങ്ങളെ വിഡ്ഢികളാക്കരുത്. ഇരകളെ അപമാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.