ലഖ്നൗ: ആഗ്രയിൽ 16 വയസ്സുള്ള ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ മുൻ ബി.ജെ.പി നേതാവിൻ്റെ ഡ്രൈവർ ഭീം അറസ്റ്റില്‍. പ്രേംചന്ദ് കുശ്വാഹ എന്ന നേതാവിൻ്റെ ഡ്രൈവറാണ് ഭീം. സംഭവത്തിൽ പ്രേംചന്ദിന്റെ ബന്ധുവായ ആകാശിനുംപങ്കുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
“ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ബന്ധുവിൻ്റെ പേര് എഫ്.ഐ.ആറിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, കുറ്റം ചെയ്തയാരെയും വെറുതെ വിടില്ല. കുട്ടിയുടെ വൈദ്യപരിശോധന നടത്തി. പ്രതിയെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയിലിലടച്ചു”.- അസിസ്റ്റൻ്റ് കമ്മീഷണർ സുകന്യ ശർമ പറഞ്ഞു.
അതേസമയം, ബി.ജെ.പിയുടെ ആഗ്ര യൂണിറ്റിൻ്റെ മുൻ ജനറൽ സെക്രട്ടറിയായിരുന്ന പ്രേംചന്ദ് കുശ്വാഹക്ക് പാർട്ടിയുമായി നിലവിൽ ബന്ധമില്ലെന്ന് ബി.ജെ.പി അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ രണ്ട് വർഷം മുമ്പ് ഇയാളെ പാർട്ടി പുറത്താക്കിയെന്ന് ബി.ജെ.പി ആഗ്ര യൂണിറ്റ് മേധാവി ഗിരിരാജ് കുശ്വാഹ പറഞ്ഞു.