Travel

സുഖപ്രസവത്തിന് അനുഗ്രഹം തരുന്ന ഈറ്റില്ലത്തമ്മ; മലപ്പുറത്തെ ചന്ദനക്കാവ് ഭഗവതി-Chandanakkavu Temple Malappuram

ക്ഷേത്രത്തിലെ എട്ടുപിറക്കാന്‍ എന്ന ചടങ്ങ് വളരെ പ്രസിദ്ധമാണ്

ചന്ദനമരങ്ങളുടെ ആധിക്യം വളരെ പണ്ടു മുതല്‍ തന്നെ ഉണ്ടായിരുന്നതിനാലാണ് ഈ ക്ഷേത്രത്തിന് ചന്ദനക്കാവ് എന്ന പേര് ലഭിച്ചത്. 18 മൂര്‍ത്തികള്‍ വാഴുന്ന ക്ഷേത്രമാണ് ചന്ദനക്കാവ്. തിരുനാവായ്ക്കും പുത്തനത്താണിയ്ക്കും ഇടയിലാണ് ചന്ദനക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനത്തിനുള്ളില്‍ പത്‌നീസമേതനായി വാഴുന്ന വനശാസ്താവ്, വള്ളികള്‍ നിറഞ്ഞു നില്‍ക്കുന്ന കാവിലെ വള്ളിക്കാവിലമ്മ, മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി ഉപാസിച്ച ഗണപതി, വിഷ്ണു, വേട്ടയ്ക്കാരന്‍, കീഴേക്കാവിലെ ദേവി തുടങ്ങിയവയാണ് പ്രതിഷ്ഠകള്‍.

സുബ്രഹ്‌മണ്യന്‍, വേട്ടയ്ക്കരന്‍, വിഷ്ണു, കീഴേക്കാവിലമ്മ എന്നിവര്‍ക്കാണ് ഇവിടെ പ്രത്യേകം ശ്രീകോവിലുകളുള്ളത്. ചന്ദനക്കാവ് ഭഗവതി ഇവിടെ കുടികൊളളുന്നത് ഭദ്രകാളി സങ്കല്‍പത്തിലാണ്. ദേവിയുടെ കൂടെ അതേ പീഠത്തില്‍ ഇടതുഭാഗത്ത് യവനീക്ഷന്‍ എന്ന ശൈവശണിയും കുടി കൊള്ളുന്നു. ഇവിടെ തന്നെ രണ്ട് ചെറിയ ശ്രീകോവിലുകളിലായി കാരായ ഭഗവതിയും ഗര്‍ഭരക്ഷാംബികയായ ഈറ്റില്ലത്തമ്മയും കുടികൊള്ളുന്നു. വട്ടശ്രീകോവിലിനുള്ളില്‍ ചതുര്‍ബാഹുവായ വൈകുണ്ഠനാഥനാണ് പ്രതിഷ്ഠ. ഈ ശ്രീകോവിലിന്റെ ഭിത്തിയില്‍ മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാട് വരച്ച ഗണപതിയുടെയും ഗരുഡാരൂഢനായ കൃഷ്ണന്റെയും ചിത്രങ്ങള്‍ കാണാം.

ക്ഷേത്രത്തിലെ എട്ടുപിറക്കാന്‍ എന്ന ചടങ്ങ് വളരെ പ്രസിദ്ധമാണ്. ദൂരനാട്ടില്‍ നിന്ന് പോലും ഇവിടേക്ക് ആളുകള്‍ ഈ ചടങ്ങ് നടത്താനായി എത്താറുണ്ട്. ഗര്‍ഭകാലത്തിന്റെ ഏഴാം മാസത്തിന്റെ അവസാനത്തോടെ സ്ത്രീകള്‍ ഇവിടെ ഭഗവതിയെ കണ്ട് പ്രാര്‍ത്ഥിക്കുവാനായി വരുന്ന ചടങ്ങാണിത്. ഈറ്റില്ലത്തമ്മയെ കണ്ട് പ്രാര്‍ത്ഥിക്കുന്നതാണ് ചടങ്ങ്. സുഖകരമായ പ്രസവത്തിന് ഭഗവതിയുടെ അനുഗ്രഹം നേടുവാനാണ് ഇവിടെ വരുന്നത്. ഇതിനായി ചുവപ്പും കറുപ്പും നടയില്‍ വയ്ക്കുക, നിറമാല ചാര്‍ത്തുക തുടങ്ങിയവയാണ് ഇവിടുത്തെ വഴിപാടുകള്‍. നേരത്തെ കലം കമിഴ്ത്തല്‍ ചടങ്ങ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴത് പ്രചാരത്തിലില്ല. സന്താനഭാഗ്യം ലഭിക്കാത്തവരും ഇവിടെയെത്തി പ്രാര്‍ത്ഥിക്കാറുണ്ട്.

ഉദ്ദിഷ്ടകാര്യസിദ്ധിക്ക് ഇവിടെയെത്തി വഴിപാടുകളും പ്രാര്‍ത്ഥനകളും നടത്തിയാല്‍ മതിയെന്നാണ് വിശ്വാസം. ഇതിനായി കളംപാട്ട്, ഗര്‍ഭരക്ഷയ്ക്കും സുഖപ്രസവത്തിനും സന്താനഭാഗ്യത്തിനും ഈറ്റില്ലത്തമ്മയ്ക്ക് കറുപ്പുചാര്‍ത്തല്‍, നിറമാല, ഉദ്ദിഷ്ടകാര്യസാധ്യത്തിനും ശത്രുദോഷ പരിഹാരത്തിനും ഗുരുതി, സരസ്വതി ദേവിക്ക് സാരസ്വത പൂജ തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. മലപ്പുറം ജില്ലയില്‍ പുത്തനത്താണി-തിരുന്നാവായ റോഡില്‍ ചന്ദനക്കാവ് ബസ് സ്റ്റാന്‍ഡിന് അടുത്താണ് ചന്ദനക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുത്തനത്താണിയില്‍ നിന്നും തിരുന്നാവായ റോഡില്‍ നാലു കിലോമീറ്റര്‍ ദൂരയൊണ് ക്ഷേത്രം.

STORY HIGHLIGHTS: Chandanakkavu Temple Malappuram