കാഠ്മണ്ഡു: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി നേപ്പാള്‍. വിലക്ക് പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ചൈനയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനെതിരായ തീരുമാനത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ഖഡ്ഗ പ്രസാദ് ശര്‍മ ഒലി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് നടപടി.
വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം കമ്മ്യൂണിക്കേഷൻ ആൻഡ് ഐ.ടി മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് ആണ് തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമുകളേയും തുല്യമായി പരിഗണിക്കണമെന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയുടെ നിർദേശത്തെ തുടർന്നാണ് തീരുമാനം. മുൻ സഖ്യസർക്കാരിൻ്റെ തകർച്ചയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് ഇദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ബെയ്ജിങ് ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് ആണ് ടിക് ടോകിൻ്റെ മാതൃകാ കമ്പനി. ടിക് ടോക്ക്, നേപ്പാൾ സർക്കാരുമായി കഴിഞ്ഞ ആഴ്ചകളിൽ ആശയവിനിമയം നടത്തിയിരുന്നു. രാജ്യത്തെ എല്ലാ നിയമങ്ങളും പാലിക്കുമെന്നും, ഡിജിറ്റൽ സുരക്ഷ പ്രോത്സാഹിപ്പിക്കുമെന്നുമടക്കമുള്ള നേപ്പാളിന്റെ ആവശ്യങ്ങൾ പാലിക്കുമെന്ന് കമ്പനി ഉറപ്പുനൽകിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് തുടർന്നും പ്രവർത്തനം നടത്താൻ സാധിക്കുന്നതിൽ കമ്പനി സന്തോഷം രേഖപ്പെടുത്തി.
നേരത്തെ ഇന്ത്യയും അമേരിക്കയും പാക്കിസ്ഥാനും ടിക് ടോക്കിന്റെ പ്രവര്‍ത്തനം വിലക്കിയിരുന്നു. എന്നാല്‍ പാകിസ്ഥാന് പിന്നീട് വിലക്ക് നീക്കം ചെയ്യുകയുമുണ്ടായി. ഉള്ളടക്കത്തിന്റെ സ്വഭാവത്തെ മുന്‍നിര്‍ത്തി റഷ്യ ടിക് ടോക്കിനെതിരെ പിഴ ചുമത്തുകയും ചെയ്തിരുന്നു.