തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിനുശേഷം വിശാഖപട്ടണത്തു നിന്ന് കണ്ടെത്തിയ 13 കാരിയെ കേരളാ പോലീസിന് കൈമാറി. സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന കുട്ടിയുമായി പോലീസ് സംഘം ശനിയാഴ്ച തിരുവനന്തപുരത്തേക്ക് തിരിക്കും.
കുട്ടിയെ ഇന്ന് രാത്രി സി.ഡബ്ല്യു.സി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്കും അവിടെ നിന്ന് കേരള എക്സ്പ്രസില്‍ കേരളത്തിലേക്കും തിരിക്കും. ഞായറാഴ്ച രാത്രിയാണ് തിരുവനന്തപുരത്ത് എത്തുക.
കുട്ടി തങ്ങളോടൊപ്പം വരാൻ സന്നദ്ധത അറിയിച്ചെന്ന് കഴക്കൂട്ടം എസ്ഐ വി.എസ്.രഞ്ജിത്ത് പറഞ്ഞു. ആസാമിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനിൽ നിന്നും കണ്ടെത്തിയ കുട്ടി വിശാഖപട്ടണത്ത് ആർപിഎഫിന്റെ സംരക്ഷണയിലായിരുന്നു.
കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം താമസിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ചൊവ്വാഴ്ച രാവിലെ 10 മുതൽ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. രാവിലെ സഹോദരിമാരുമായി വഴക്കിട്ട തസ്ലീമിനെ മാതാപിതാക്കൾ ശകാരിച്ചിരുന്നു. പിന്നീട് അവർ ജോലിക്കു പോയി. ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടി അവിടെയില്ലെന്ന് മനസിലായത്.
തുടർന്ന് 37 മണിക്കൂറിനുശേഷം വിശാഖപട്ടണത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആസാമിലെത്തി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് ആഗ്രഹമെന്ന് കുട്ടി പറഞ്ഞിരുന്നു.