കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോളില്‍ വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെംഗളൂരു എഫ്‌സിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായിരുന്ന യോര്‍ഹെ പെരേര ഡിയാസാണ് ബെംഗളൂരുവിന്റെ വിജയ ഗോള്‍ നേടിയത്. ഓഗസ്റ്റ് 27-ന് നടക്കുന്ന സെമിയില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സാണ് ബെംഗളൂരുവിന്റെ എതിരാളികള്‍.
സൂപർ സ്ട്രൈക്കർ ഛേത്രിയെ പുറത്തിരുത്തി കളി തുടങ്ങിയ ബംഗളൂരു പന്തടക്കത്തിലും ആക്രമണങ്ങളിലും തുടക്കം മുതൽ മേൽക്കൈ നിലനിർത്തി. ആദ്യ പകുതിയില്‍ പതിഞ്ഞ തുടക്കമായിരുന്നു ഇരുടീമുകളും നടത്തിയത്. ബെംഗളൂരു പതിയെപ്പതിയെ ആക്രമണ ശൈലിയിലേക്ക് നീങ്ങിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് കൗണ്ടര്‍ അറ്റാക്കുകളുമായി മുന്നേറി. പന്ത് കൂടുതല്‍ കൈവശംവെച്ച് കളിച്ചത് ബെംഗളൂരുവാണെങ്കിലും ഇരു ടീമിനും ഗോള്‍ നേടാനാകാതെ ഒന്നാംപകുതി അവസാനിച്ചു.
രണ്ടാംപകുതിയിലും ബെംഗളൂരുവിന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. 67-ാം മിനിറ്റില്‍ സുനില്‍ ഛേത്രി ശിവാല്‍ഡോയ്ക്ക് പകരക്കാരനായി ഇറങ്ങിയെങ്കിലും ഗോള്‍ വന്നില്ല. ആദ്യാവസാനം അവസരങ്ങൾ തുറന്ന് കളി നയിച്ച പെരേര ഡയസ് തന്നെയായിരുന്നു കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഗോളുമായി ടീമിനെ സെമിയിലെത്തിച്ചത്. ബ്ലാസ്റ്റേഴ്സ് മുഖത്ത് കേന്ദ്രീകരിച്ച പന്തിൽ അവസാന വിസിലിന് തൊട്ടുമുമ്പ് പിറന്ന കോർണറാണ് കളിയുടെ വിധി നിർണയിച്ചത്. ലാൽറെംത്ലുഅംഗ ഫനായിയെടുത്ത കോര്‍ണറില്‍ നിന്ന് ഡയസിന്‍റെ ഹെഡര്‍ ബ്ലാസ്റ്റേഴ്സ് വലയിലെത്തി.