തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്കെതിരെ കേസെടുക്കാത്ത സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സിനിമയിലെ സ്ത്രീ ചൂഷണങ്ങള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ, ബംഗാളി നടി നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യം പ്രതിപക്ഷവും ശക്തമാക്കുകയാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് സജി മഞ്ഞക്കടമ്പന്‍റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം നടക്കും. എറണാകുളം കലൂരിലെ അമ്മയുടെ ഓഫിസിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തിയാണ് സജിയുടെ പ്രതിഷേധം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് എ.ഐ.വൈ.എഫ് ഇന്ന് എറണാകുളത്ത് ഓപണ്‍ഫോറം സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണമാണ് ബംഗാളി നടി നടത്തിയിരിക്കുന്നത്. മമ്മൂട്ടി ചിത്രം ‘പാലേരി മാണിക്യത്തി’ൽ അഭിനയിക്കാനായി എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് വെളിപ്പെടുത്തൽ. പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പിന്നീട് മലയാള സിനിമയിൽ അവസരം ലഭിച്ചില്ലെന്നും നടി പറഞ്ഞു. ആരോപണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്.
‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ ആരോപണം. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട പ്രകാരം കൊച്ചിയിലെത്തിയപ്പോഴായിരുന്നു സംഭവം. മുറിയില്‍ വിളിച്ചുവരുത്തി കൈയിലും വളകളിലും പിന്നീട് മുടിയിലും കഴുത്തിലും സ്പര്‍ശിക്കുകയായിരുന്നു. ഇതോടെ മുറിയില്‍നിന്ന് ഇറങ്ങിയോടിയെന്നു നടി വെളിപ്പെടുത്തി.
ആ രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണന്നും നടി വിശദീകരിക്കുന്നു. എന്നാൽ, പിന്നീട് ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയുമുണ്ടായില്ലെന്നും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു നാട്ടിലേക്ക് മടങ്ങിയെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടി രഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. നടിയുടെ വെളിപ്പെടുത്തലിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. രഞ്ജിത്തിനെ പദവിയില്‍നിന്നു മാറ്റിനിര്‍ത്തി ആരോപണത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി അന്വേഷിക്കണം നടത്തണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ആവശ്യപ്പെട്ടു.