കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. കേരളത്തില്‍ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ പറഞ്ഞു. കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കിയയച്ചുവെന്നുമുളള രജ്ഞിത്തിന്റെ വാദവും നടി തളളി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
‘ആരോപണത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്. പക്ഷേ പരാതി നല്‍കാനും നടപടികള്‍ക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാന്‍ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാന്‍ തയ്യാറായാല്‍ പരാതിയുമായി മുന്നോട്ട് പോകും. മമത ബാനര്‍ജി സര്‍ക്കാരിനെതിരെ അടക്കം ശക്തമായ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് ഞാന്‍. ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയുന്ന കാലമാണ്. സ്ത്രീകള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. എനിക്ക് ഉണ്ടായ മോശം അനുഭവം തുറന്ന് പറയാനുളള അവകാശം എനിക്കുണ്ട്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് ഞാന്‍ പറയുന്നില്ല. തെറ്റിപറ്റിയെന്ന് സമ്മതിക്കണം. മാപ്പ് പറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണം’, ശ്രീലേഖ പറയുന്നു.
അതേസമയം സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് പറഞ്ഞുകൊണ്ട് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് രംഗത്തെത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് ശ്രീലേഖ മിത്ര അന്ന് തന്നോട് പറഞ്ഞിരുന്നെന്ന് ജോഷി ജോസഫ് പറഞ്ഞു. ആക്കാലത്ത് പക്ഷേ ഇതുപോലെ പുറത്തുപറയാന്‍ എന്തുകൊണ്ടോ തയ്യാറായില്ല. ഭയം കൊണ്ടോ മറ്റോ ആകും. എന്തായാലും ഈ സംഭവത്തിന് ഞാന്‍ സാക്ഷിയാണെന്നും എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHTS: Actress Sreelekha about Ranjith