കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനമൊഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മങ്കൂട്ടത്തില്‍. പരാതി കിട്ടിയാലേ കേസ് എടുക്കൂ എന്ന് പറയുന്നവര്‍ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ നടപടി എടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നും രാഹുല്‍ മങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.
‘മന്ത്രി സജി ചെറിയാന്‍ പവര്‍ ബ്ലോക്കിന് മേക്കപ്പ് ഇടുന്ന പണി നിര്‍ത്തണം. രഞ്ജിത്ത് രാജി വെച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പുറത്താക്കണം. സിപിഎമ്മാണ് രഞ്ജിത്തിന് സംരക്ഷണം നല്‍കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ മകനാണ് രഞ്ജിത്തിന്റെ അസിസ്റ്റന്റ്. പിണറായിയുടെ പൊലീസ് കാവല്‍ നായ്ക്കളായി മാറി’, രാഹുല്‍ മങ്കൂട്ടത്തില്‍ കുറ്റപ്പെടുത്തി.
അതേസമയം സംവിധായകന്‍ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന തെറ്റ് ചെയ്ത ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. റിപ്പോര്‍ട്ടിന്മേല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അത്തരത്തില്‍ മുന്നോട്ടു പോകുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
എന്നാല്‍ ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര രേഖാമൂലം പരാതി നല്‍കണമെന്നും അങ്ങനെയെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും ഊഹാപോഹത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാനാകുമോ? നിരപരാധിയെന്ന് വന്നാല്‍ എന്തുചെയ്യുമെന്നും മന്ത്രി ചോദിക്കുന്നു.
STORY HIGHLIGHTS: Rahul Mamkootathil against director ranjith