കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽപ്പെട്ട കുളത്തൂപ്പുഴ പഞ്ചായത്തിലെ ഒരു വാർഡാണ് റോസ്മല. ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടം തേയിലത്തോട്ടമായിരുന്നു. തുടർന്ന് പുനലൂർ എം.എം.കെ മുതലാളിയുടെ ഉടമസ്ഥതയിലായി. 1976-77 കാലത്ത് അദ്ദേഹം വിട്ടുകൊടുത്ത ഈ ഭൂമി മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത് ജനങ്ങൾക്കു വിതരണം ചെയ്തു.
1976ൽ കൃഷിക്കാർക്കു വിതരണം ചെയ്യാനായി 619 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഒരേക്കർവീതം 472പേർക്കു അന്നു ഭൂമി വിതരണം ചെയ്തു. 1984ൽ തുടങ്ങിയ ഒരു ലോവർ പ്രൈമറി സ്കൂൾ റോസ്മലയിലുണ്ട്. റോസ്മല. പച്ചനിറത്തിൽ ഉടുത്തൊരുങ്ങി നിൽക്കുന്ന സുന്ദരി. റോസ്മല എന്ന പേരുപോലെ തന്നെ അതിമനോഹരമായ സ്ഥലം.
വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും പലരുടെയും മനസ്സിൽ കയറിക്കൂടിയിട്ടുണ്ടെങ്കിലും റോസ്മല എന്ന സ്ഥലം പലർക്കും പുതുമയുള്ള ഇടമായിരിക്കും. ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടേക്ക് ഇപ്പോഴിതാ കിടിലൻ ടൂർ പാക്കേജ് ഒരുക്കുകയാണ് കേരളാ വനംവകുപ്പ്. വനം വകുപ്പിന് കീഴിലുള്ള ശെന്തുരുണി ഇക്കോ ടൂറിസം കേന്ദ്രമാണ് റോസ്മലയിലെ കാഴ്ചകളിലേക്ക് സന്ദർശകരെ ക്ഷണിക്കുന്നത്. വെറും 250 രൂപ നിരക്കിൽ റോസ്മലയിലേക്ക് പോയി വരാനും വ്യൂ പോയിന്‍റിൽ നിന്ന് കാഴ്ചകൾ കാണുവാനുമുള്ള സുവർണ്ണാവസരമാണ് ഈ പാക്കേജിലൂടെ സഞ്ചാരികൾക്ക് ലഭിക്കുന്നത്. ശെന്തുരുണി കാടുകളുടെയും അരുവികളുടെയും മാത്രമല്ല, പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ അതിശയിപ്പിക്കുന്ന ദ്വീപുകളുടെ ദൂരക്കാഴ്ചയും ആസ്വദിക്കാൻ സാധിക്കുന്ന ഒരു യാത്രയാണ് ഇത്.
Content highlight : Rosemala travel story