ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം. പരമശിവനും ആദിപരാശക്തിയായ ശ്രീ പാര്‍വതിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകള്‍. മഹാദേവനെ കിഴക്കുഭാഗത്തേയ്ക്കും ഭഗവതിയെ പടിഞ്ഞാറുഭാഗത്തേയ്ക്കും അഭിമുഖമായി ഒരേ ശ്രീകോവിലില്‍ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
രജസ്വലയാകുന്ന ദേവിയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ദേവി രജസ്വലയാകുന്നതോടെയാണ് തൃപ്പൂത്താറാട്ട് ഉത്സവം ആരംഭിക്കുന്നത്. പൂജാസമയത്തു ദേവിയുടെ ഉടയാടകളില്‍ രജസ്വലയാകുന്നതിന്റെ അടയാളങ്ങള്‍ കണ്ടാല്‍ പിന്നെ മൂന്നു ദിവസത്തേക്ക് നടയടക്കുകയും നാലാം ദിനത്തില്‍ ദേവിയെ ആഘോഷപൂര്‍വം കൊണ്ടുപോയി മിത്രപുഴയില്‍ ആറാട്ടുനടത്തി, കടവിലെ കുളിപ്പുരയില്‍ ആനയിച്ചിരുത്തുകയും ചെയ്യുന്നു. അതിനു ശേഷം പിടിയാന പുറത്ത് എഴുന്നെള്ളിക്കും. ആ സമയത്ത് മഹാദേവനും ദേവിയെ കാണാനായി എഴുന്നെള്ളും. ഭക്തര്‍, പറയും നെയ്യ് വിളക്കും കാണിക്കയും പൂങ്കുലയുമായി ഭഗവതിയെ എതിരേല്‍ക്കാന്‍ നില്‍ക്കും.
തൃപ്പൂത്താറാട്ടില്‍ പങ്കെടുത്ത് പ്രാര്‍ഥിച്ചാല്‍ മനസ്സിലെ ആഗ്രഹങ്ങള്‍ എല്ലാം സഫലമാകും എന്നാണ് വിശ്വാസം. ഈ ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെ എത്തുന്നു. സുഖകരമായ ദാമ്പത്യത്തിനും വിവാഹം നടക്കുവാനും സന്താന ലബ്ധിക്കും ഒക്കെ ഈ ദിവസങ്ങളില്‍ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ മതിയത്രെ. തൃപ്പൂത്ത് ആരംഭിച്ച് 12 ദിവസം ഹരിദ്ര പുഷ്പാഞ്ജലി നടത്തുവാനും ആയിരക്കണത്തിന് ആളുകള്‍ ഇവിടെയെത്തുന്നു. ദേവിയുടെ ഇഷ്ടവഴിപാടാണിത്.
ഈ ക്ഷേത്രമുമായി ബന്ധപ്പെട്ട മറ്റൊരു വിശേഷാല്‍ വഴിപാടാണ് ‘കൊട്ടും ചിരിയും’. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ മൂലക്ഷേത്രമായ കുന്നത്ത് മഹാദേവക്ഷേത്രത്തിലാണ് ഈ വഴിപാട് നടത്തേണ്ടത്. ചെങ്ങന്നൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ണ്ണമാകണമെങ്കില്‍ ഇവിടെയും ദര്‍ശനം നടത്തണം എന്നാണ് സങ്കല്‍പ്പം. കൊട്ടും ചിരിയും എന്ന വഴിപാട് കുട്ടികളുമായി ബന്ധപ്പെട്ടതാണ്. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട മധുര പലഹാരങ്ങളും ഫലങ്ങളും ഇവിടെ പൂജിച്ചു വിതരണം ചെയ്യുന്നു. ആ സമയത്ത് കുട്ടികള്‍ കൈകൊട്ടി ചിരിക്കുന്നു. സന്താനലബ്ധിക്കും കുട്ടികളുടെ രോഗദുരിത ശമനത്തിനും ആയുസിനും വേണ്ടിയാണ് പ്രസിദ്ധമായ ഈ വഴിപാട് നടത്തുന്നത്. ഇവിടെ ദര്‍ശനം നടത്തുന്നത് വന്ധ്യതയ്ക്ക് പരിഹാരമാണെന്നാണ് ഭക്തരുടെ വിശ്വാസം.
ചെങ്ങന്നൂരില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും വരുമ്പോള്‍ ആലപ്പുഴ-ചങ്ങനാശ്ശേരി-തിരുവല്ല-ചെങ്ങന്നൂരിലെത്താം. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒന്നര കിലോമീറ്ററും ബസ് സ്റ്റാന്‍ഡില്‍ നിന്നും അരക്കിലോമീറ്ററുമാണ് ഇവിടേക്ക് ദൂരം. പുലര്‍ച്ചെ 3.30ന് നട തുറന്ന് 11.30 ന് നട അടയ്ക്കും. പിന്നീട് വൈകിട്ട് 5 മണിക്ക് തുറന്ന് എട്ടു മണിക്കാണ് നട അടയ്ക്കുന്നത്.
STORY HIGHLIGHTS: Chengannur Mahadeva Temple