Kerala

‘ലൈഫ് ഗാര്‍ഡ്’ ഇല്ലാത്ത ലൈഫ് ഗാര്‍ഡുമാര്‍: ജീവന്‍ മരണപ്പോരാട്ടം കടലിനോട് /Lifeguards without a ‘lifeguard’: a life-and-death struggle with the sea

അലറി വരുന്ന കടലിനോട് ജീവന്‍മരണപ്പോരാട്ടം നടത്തിയാണ് കടല്‍ വീണുപോകുന്ന ഓരോ ജീവനും ലൈഫ് ഗാര്‍ഡുമാര്‍ രക്ഷിക്കുന്നത്. എന്നാല്‍, ഈ ലൈഫ് ഗാര്‍ഡുമാരുടെ ലൈഫ് രക്ഷിക്കാന്‍ ഒരു ഗാര്‍ഡും (സുരക്ഷാ കവചം) ഇല്ലാത്ത അവസ്ഥയാണ്. കടലിനോടാണ് ജീവന്‍മരണപ്പോരാട്ടം നടത്തുന്നതെന്ന് അധികൃതര്‍ക്ക് അറയാമായിരുന്നിട്ടും മതിയായ സുരക്ഷാ ഉപകരണങ്ങളും ആവശ്യമായ മറ്റു ക്രമീകരണങ്ങളും ഇല്ലാത്തതിനാല്‍ ലൈഫ് ഗാര്‍ഡ് മാരുടെ ജീവന്‍ അപകടത്തിലാണ്.

കേരളത്തിന്റെ കടലോര മേഖലകളില്‍ ടൂറിസ്റ്റുകളുടെയും മത്സ്യത്തൊഴിലാളിയുടെയും ഉള്‍പ്പടെ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഈ ലൈഫ് ഗാര്‍ഡ്മാരുടെ ജീവന്‍ ആര് രക്ഷിക്കുമെന്ന വലിയ ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും സര്‍ക്കാരും ടൂറിസം വകുപ്പും ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. സര്‍ക്കാര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും കേരളാ ലൈഫ് ഗാര്‍ഡ് എംപ്ലോയീസ് യൂണിയന്‍ ആരോപിക്കുന്നു. ടൂറിസം സീസണ്‍ ആരംഭിച്ചിട്ടും ലൈഫ് ഗാര്‍ഡുമാര്‍ക്ക് റസ്‌ക്യൂ ഉപകരണങ്ങളും യൂണിഫോമും അനുവദിച്ചിട്ടില്ല.

ഉപയോഗശൂന്യമായതും പഴക്കം ചെന്നതും കീറി പറിഞ്ഞതുമായ ഉപകരണങ്ങളും യൂണിഫോമുമാണ് ഇപ്പോള്‍ ലൈഫ് ഗാര്‍ഡുമാര്‍ ഉപയോഗിക്കുന്നത്. ദിവസേവേതനത്തിലും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യുന്ന, ന്യായമായ വേതനമോ ആനുകൂല്യങ്ങളോ സാമൂഹ്യ സുരക്ഷാ പദ്ധതികളോ ഇല്ലാത്ത ലൈഫ് ഗാര്‍ഡുമാര്‍ നടത്തുന്ന സേവനങ്ങളെ ഗവണ്‍മെന്റ് വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ദിവസവേതനത്തിലും കരാര്‍ അടിസ്ഥാനത്തിലും ജോലിചെയ്യുന്ന ലൈഫ് ഗാര്‍ഡ്മാരെ 25 വര്‍ഷം കഴിഞ്ഞിട്ടും സ്ഥിരപ്പെടുത്തിയിട്ടില്ല.

ചികിത്സാ സൗകര്യങ്ങളോ ഇന്‍ഷ്വറന്‍സോ ഇല്ല. ദീര്‍ഘകാലം സേവനമനുഷ്ഠിച്ച് വിരമിക്കുന്ന ലൈഫ് ഗാര്‍ഡ് മാര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുമെന്ന് I8.8.2017 ല്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ എടുത്ത തീരുമാനം ഇതുവരെയും നടപ്പാക്കിയിട്ടില്ല. ആനുകൂല്യങ്ങള്‍ ഒന്നും കിട്ടാതെ നിരവധി ലൈഫ് ഗാര്‍ഡുമാര്‍ മരണമടഞ്ഞു. ഉത്സവബദ്ധ വെറും1210 രൂപമാത്രമാണ് വര്‍ഷംതോറും നല്‍കുന്നത്. ഇത്തവണ വര്‍ദ്ധിപ്പിച്ച ഉത്സവബത്തയും ബോണസും അനുവദിക്കണമെന്നും ഓണത്തിന് മുമ്പ് റസ്‌ക്യൂ ഉപകരണങ്ങളും യൂണിഫോമും അനുവദിക്കണമെന്നും കടലോര മേഖലകളില്‍ ടൂറിസം പോലീസിനെ വിന്യസിക്കണമെന്നുമാണ് ആവശ്യങ്ങള്‍.

ഇത് സംബന്ധിച്ച വിശദമായ നിവേദനങ്ങള്‍ മന്ത്രിക്കും ടൂറിസം ഡയറക്ടര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ ലൈഫ് ഗാര്‍ഡുമാര്‍ സെപ്തംബര്‍ ആദ്യവാരം തൊഴില്‍ നിര്‍ത്തിവച്ച് സമരംആരംഭിക്കുമെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തുള്ള കെ. കരുണാകരന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന ലൈഫ് ഗാര്‍ഡ് എംപ്ലോയിസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്.

CONTENT HIGHLIGHTS; Lifeguards without a ‘lifeguard’: a life-and-death struggle with the sea