പത്രത്തിലൂടെ വിവാഹ പരസ്യം നൽകി യുവതിയെ ആകർഷിച് യുവതിയുടെ അമ്മയിൽ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുക്കുകയും വിവാഹം നടത്തിയതായി വിശ്വസിപ്പിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിലെ രണ്ടാം പ്രതി വിനീതക്ക് മൂന്ന് വർഷം തടവും , അഞ്ചുലക്ഷത്തി അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പഴയൊടുകാത്ത പക്ഷം 6 മാസം തടവ് ശിക്ഷ കൂടിയനുഭവിക്കണം. ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് ശ്രീ.സി. കെ. മധുസൂദനൻ ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. എറണാകുളം ചമ്പക്കര സ്വദേശിയായ യുവതിയാണ് കബളിപ്പിക്കപ്പെട്ടത്.
വിനീതയുടെ ഭർത്താവ് രാജീവാണ് കേസിലെ ഒന്നാം പ്രതി. സഹോദരി സഹോദരൻമാരയായി അഭിനയിച്ചാണ് വിനീതയും രാജീവും കബളിപ്പിക്കപ്പെട്ട യുവതിയെയും കുടുംബത്തെയും സമീപിച്ചത്. കുടുംബവുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷം യുവതിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച് വിനീതയും ഭർത്താവ് രാജീവും ചേർന്ന് യുവതിയുടെ അമ്മയിൽ നിന്നും പലതവണ തവണയായി അഞ്ച് ലക്ഷം രൂപയോളം തട്ടിയെടുത്തു.
വീണ്ടും പണം ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് മത്സ്യകച്ചവടം നടത്തിയിരുന്ന ചമ്പക്കര മാർക്കറ്റിൽ എത്തിയപ്പോൾ പ്രതികൾ പോലീസ് പിടിയിലാവുകയായിരുന്നു. വിനീതയും രാജീവും ചേർന്ന് യുവതിയെയും മാതാവിനെയും തമിഴ്നാട്, ആനമലയിലെ ഒരു ക്ഷേത്രത്തിൽ കൊണ്ടുപോയി വ്യാജ വിവാഹ ചടങ്ങ് നടത്തുകയായിരുന്നു. പിന്നീട്, ഭർത്താവണെന്നു തെറ്റിദ്ധരിപ്പിച് രാജീവ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വിചാരണ മധ്യേ ഒന്നാം പ്രതി രാജീവ് മരണപ്പെട്ടതിനെ തുടർന്ന് അയാൾക്ക് എതിരെയുള്ള നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഹിൽ പാലസ് സി. ഐ മാരായിരുന്ന ശ്രീ.സി. കെ.ഉത്തമൻ, ശ്രീ.ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി. ടി. ജെസ്റ്റിൻ, ജ്യോതി കെ. എന്നിവർ ഹാജരായി