വയനാടിന്റെ ദുഃഖത്തിൽ പങ്കുചേർന്നതുകൊണ്ടു ഇത്തവണ സംസ്ഥാനത്ത് കാര്യമായ ഓണാഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല. എന്നാലും ഓണക്കാലത്ത് സർക്കാരിന് ചിലവ് കൂടുതലാണ്. പതിവ് ചിലവുകൾക്ക് പുറമേ ഓണക്കിറ്റ്, ക്ഷേമ പെൻഷൻ, ഉത്സവബദ്ധ തുടങ്ങി നിരവധി കടമ്പകൾ ആണ് സർക്കാരിന്റെ മുന്നിലുള്ളത്. അതുകൊണ്ടു തന്നെ ഇവയ്ക്കായി റിസർവ്വ് ബാങ്കിൽ നിന്നും കോടികൾ കടമെടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ.
3000 കോടി രൂപയാകും കടമെടുക്കുക എന്നാണ് വിവരം. പതിവ് ചിലവുകൾക്ക് പുറമേയുള്ള ചിലവുകൾ മറികടക്കുന്നതിന് വേണ്ടിയാണ് പണം കടമെടുക്കുന്നത്. ആകെ മൊത്തം ഏഴായിരം കോടി രൂപയാണ് ഓണക്കാലത്ത് സർക്കാരിന് ചിലവ് വരിക. ഇതിൽ തികയാത്ത പണമാണ് റിസർവ് ബാങ്കിനോട് സർക്കാർ ആവശ്യപ്പെടുക.
ഓഗസ്റ്റ് 27 ന് സർക്കാർ കടമെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കും. റിസർവ്വ് ബാങ്കിന്റെ കോർ ബാങ്കിംഗ് സൊല്യൂഷനായ ഇ- കുബേർ വഴി കടപ്പത്രങ്ങളിറക്കിയാണ് പണം കടമെടുക്കുക.
50 വർഷമാണ് ഈ തുക തിരിച്ചടയ്ക്കാൻ സർക്കാരിന് കാലാവധിയുള്ളത്. ഇതിൽ 15 വർഷത്തിനുള്ളിൽ ആയിരം കോടിയും, 35 വർഷത്തിനുള്ളിൽ രണ്ടായിരം കോടിയും തിരിച്ചടച്ചാൽ മതിയെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. അതേസമയം മൂവായിരം കോടി രൂപ കൂടി സർക്കാർ കടമെടുക്കുന്നതോടെ ആകെ കടം 20,500 കോടിയാകും. കേന്ദ്രം കടമെടുക്കാൻ അനുവദിച്ച തുകയുടെ 96.45 ശതമാനം ആണ് ഇത്. ഇനി 753 കോടി രൂപ മാത്രമേ സർക്കാരിന് കടമെടുക്കാൻ കഴിയുകയുള്ളൂ.