കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിൽ നിന്നും അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിലുള്ള 720 വ്യാജ ഉത്പന്നങ്ങൾ പിടികൂടി. സ്ത്രീകളുടെ ബാഗുകൾ, തൊപ്പികൾ, വാലറ്റുകൾ, ഷൂകൾ എന്നിവയാണ് കുവൈത്ത് വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തത്.
അൽ റായ് മേഖലയിലെ ഫ്രൈഡേ മാർക്കറ്റിൽ കൺട്രോൾ ടീം നടത്തിയ പരിശോധനയിലാണ് വ്യാജ ഉത്പന്നങ്ങൾ പിടികൂടിയതെന്ന് മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വിഭാഗം ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു. നിയമലംഘകർക്കെതിരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊമേഴ്സ്യൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും പിഴ ചുമത്തുകയും ചെയ്തു.
രാജ്യത്തുടനീളമുള്ള എല്ലാ മാർക്കറ്റുകളിലും കൺട്രോൾ ടീം പൂർണമായി പ്രവർത്തിക്കുന്നുണ്ടെന്ന് അൽ അൻസാരി ഊന്നിപ്പറഞ്ഞു. ഇത്തരം നിയമലംഘനങ്ങൾ തടയാനാണ് ഇത്. നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾ തങ്ങളുടെ പരാതികൾ സഹേൽ ആപ്ലിക്കേഷൻ വഴി റിപ്പോർട്ട് ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തു.