സൗദിയിലെ റിയാദ് വിമാനത്താവളം വഴി ഒറ്റ ദിവസം യാത്ര ചെയ്തത് 1,30,000 യാത്രക്കാർ. ആഗസ്റ്റ് ഒന്നിനാണ് ഇത്രയധികം യാത്രക്കാരെത്തിയത്. റിയാദ് വിമാനത്താവളത്തിലെ റെക്കോർഡ് എണ്ണമാണിത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വൻ വർധനവാണിത്. കഴിഞ്ഞ മാസം 25ന് റിയാദ് വിമാനത്താവളം വഴി യാത്ര ചെയ്തത് 1,25,000 യാത്രക്കാരായിരുന്നു. 2019ലെ കണക്കനുസരിച്ച് ഏറ്റവും അധികം യാത്രക്കാരുടെ എണ്ണം 109,000 ആയിരുന്നു. എന്നാൽ ഈ വർഷം ജൂലൈ 25 ഓട് കൂടി 125000 യാത്രക്കാരിലെത്തുകയായിരുന്നു.
കഴിഞ്ഞ മാസം സീറ്റ് ഒക്യുപ്പൻസി നിരക്ക് 91 ശതമാനമായിരുന്നു. 25 ലക്ഷത്തിലധികം ലഗ്ഗേജ് ബാഗുകളും കൈകാര്യം ചെയ്തു. ഇന്ത്യയടക്കമുള്ള 104 ലക്ഷ്യ സ്ഥാനങ്ങളിലേക്കാണ് റിയാദ് എയർപോർട്ടിൽ നിന്ന് വിമാന സർവീസ് നടത്തിയത്. ഈ മാസം തുടക്കത്തിൽ റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസുകളും ആരംഭിച്ചിരുന്നു. എയർ ഇന്ത്യ എക്‌സ്പ്രസ്സാണ് സർവീസ് നടത്തുന്നത്.
സൗദിയിലെ മൊത്തം വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ വർഷം യാത്ര ചെയ്തത് 11 കോടിയിലേറെ യാത്രക്കാരാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 26 ശതമാനം വർധനവാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. വ്യോമ ഗതാഗത മേഖല കോവിഡ് കാലത്തെ പ്രതിസന്ധികൾ മറികടന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.