ക്ഷീര കർഷകർക്ക് ഓണ സമ്മാനമാവുമായി മലബാർ മിൽമ. അധിക പാൽവിലയും കാലിത്തീറ്റ സബ്‌സിഡിയുമായി 8.52 കോടി രൂപ നൽകാനാണ് തീരുമാനം. മലബാർ മേഖലാ യൂണിയൻ ഭരണ സമിതി യോഗത്തിന്റേതാണ് തീരുമാനം. മലബാർ മേഖലയിലെ ഒരു ലക്ഷത്തോളം ക്ഷീര കർഷകരും 1200 ഓളം വരുന്ന ആനന്ദ് മാതൃക പ്രാഥമിക ക്ഷീര സംഘങ്ങളുമാണ് ഇതിന്റെ ഗുണഭോക്താക്കളായിരിക്കുക.
ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങൾ വഴി ജൂലൈ ഒന്നു മുതൽ 31 വരെ നൽകി വരുന്ന പാലിന് ലിറ്ററിന് രണ്ടു രൂപ അധികമായി നൽകാൻ മലബാർ മേഖലാ യൂണിയൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പുറമെയാണ് ജൂലൈ മാസത്തിൽ ഡെയറിയിൽ ലഭിച്ച പാലിന് ലിറ്ററിന് രണ്ടു രൂപകൂടി അധികമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഈ തൂക കൂടി ഓണത്തിനു മുമ്പായി സെപ്തംബർ ആദ്യവാരത്തോടെ ക്ഷീര കർഷകർക്ക് നൽകും. 180 ലക്ഷം ലിറ്റർ പാലിന് 370 ലക്ഷം രൂപയാണ് ഈയിനത്തിൽ നൽകുക.
ഇതിനു പുറമെ മേഖലാ യൂണിയന് കീഴിലുള്ള സംഘങ്ങൾക്ക് പ്രവർത്തന ഫണ്ടായി 3.70 കോടി രൂപ നൽകും. ജൂലൈ മാസത്തിൽ നൽകിയ പാലിന് രണ്ടു രൂപ അധിക പാൽവിലയായി കണക്കാക്കിയാണ് ഈ ഫണ്ടും നൽകുന്നത്. ഇതോടെ ശരാശരി 51.82 രൂപ ഒരു ലിറ്റർ പാലിന് ക്ഷീര സംഘങ്ങൾക്ക് ലഭിക്കും.
കാലിത്തീറ്റ സബ്‌സിഡിയായി 1.12 കോടി രൂപയാണ് നൽകുക. സെപ്തംബർ മാസത്തിൽ മിൽമ ഗോമതി കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 150 രൂപ വീതവും എംആർഡിഎഫിന്റെ ടിഎംആർ കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 50 രൂപ വീതവും സബ്‌സിഡി അനുവദിക്കും. പാൽവിലയായി 7.4 കോടി രൂപയും കാലിത്തീറ്റ സബ്‌സിഡിയായി 1.12 കോടി രൂപയും ചേർത്ത് 8.52 കോടി രൂപ മലബാർ മിൽമ ഓണ സമ്മാനമായി ക്ഷീര സംഘങ്ങൾക്ക് കൈമാറുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി, മാനേജിങ് ഡയറക്ടർ കെ.സി. ജെയിംസ് എന്നിവർ അറിയിച്ചു.