ചാരിറ്റബിൾ അസോസിയേഷനുകൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, സംഭാവനകൾ ശേഖരിക്കാൻ ലൈസൻസുള്ള മറ്റ് നോൺപ്രാഫിറ്റ് മേഖലാ ഏജൻസികൾ സൗദിക്കകത്ത് നിന്നുള്ള ചാരിറ്റി ധനസമാഹരണം തുടങ്ങിയവ ബാങ്ക് വഴിയേ സ്വീകരിക്കാവൂയെന്ന് നിബന്ധന. അടുത്തിടെ മന്ത്രിസഭ അംഗീകരിച്ച ധനസമാഹരണ വ്യവസ്ഥയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അല്ലാത്ത ചാരിറ്റി ധനസമാഹരണം നിരോധിച്ചിരിക്കുന്നു. ഇനി രാജ്യത്തിന് പുറത്തുനിന്ന് ഫണ്ട് സ്വീകരിക്കുകയാണെങ്കിൽ അതിന് നാഷനൽ സെൻറർ ഫോർ നോൺ പ്രോഫിറ്റ് സെക്ടറിന്റെ അംഗീകാരം വേണം.
ഇനി ഉൽപന്നങ്ങളോ, വസ്തുക്കളോ ആണ് സംഭാവനയായി നൽകുന്നതെങ്കിൽ അത് അംഗീകൃത സൊസൈറ്റിയുടെ ആസ്ഥാനം, ലൈസൻസുള്ള ശാഖകൾ, സൈറ്റുകൾ എന്നിവയിലൂടെ സ്വീകരിക്കാൻ വ്യവസ്ഥ അനുവദിക്കുന്നുണ്ട്. അത് സീരിയൽ നമ്പറുകളിൽ രേഖപ്പെടുത്തുകയും അവയുടെ ഒരു പകർപ്പ് ദാതാവിന് നൽകുകയും വേണം. ധനസമാഹരണ കാമ്പയിൻ ആരംഭിക്കുന്നതിന് മുമ്പ് സംഭാവനകൾ ശേഖരിക്കുന്നതിനുള്ള ലൈസൻസിന് നാഷനൽ സെൻറർ ഫോർ നോൺ-പ്രോഫിറ്റ് സെക്ടർ ഡെവലപ്‌മെൻറിലേക്കോ, മറ്റ് ബന്ധപ്പെട്ട അധികാരികളിലേക്കോ അപേക്ഷ സമർപ്പിക്കാൻ ചാരിറ്റബിൾ അസോസിയേഷനുകളും ബാധ്യസ്ഥരാണ്.
കാമ്പയിനിന്റെ ഉദ്ദേശ്യം, അതിന്റെ ആരംഭം, അവസാന തീയതികൾ, ശേഖരിക്കേണ്ട തുക എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം. അപേക്ഷ പഠിച്ച് 30 ദിവസത്തിനുള്ളിൽ തീരുമാനം പുറപ്പെടുവിക്കണമെന്നും വ്യവസ്ഥയിലുണ്ട്. ധനസമാഹരണത്തിനായി പരസ്യം അച്ചടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ അംഗീകൃത സൊസൈറ്റികൾക്ക് സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, മാധ്യമങ്ങൾ, പ്രാദേശിക കമ്യൂണിക്കേഷൻ കമ്പനികൾ, പരസ്യബോർഡുകൾ, യൂട്ടിലിറ്റി ബില്ലുകൾ എന്നീ മാർഗങ്ങൾ അവലംബിക്കാൻ വ്യവസ്ഥ അനുവദിക്കുന്നുണ്ട്. അസോസിയേഷന്റെ ലൈസൻസ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, വിലാസം, ശാഖകൾ, ഫോൺ നമ്പറുകൾ, സംഭാവനകളുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ അഭ്യർഥനയിൽ ഉൾപ്പെടുത്തണം.
ഇത് ലംഘിക്കുന്ന സാഹചര്യത്തിൽ അസോസിയേഷനോ, ചാരിറ്റബിൾ സ്ഥാപനമോ രണ്ട് ലക്ഷം റിയാലിൽ കവിയാത്ത തുക പിഴയായി ശിക്ഷിക്കപ്പെടും.