സൗദിയിൽ സ്വദേശികളായ തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്തുന്നതിന് ആരംഭിച്ച ‘തംകീൻ’ പദ്ധതി വഴി ഈ വർഷം ആദ്യപകുതിയിൽ 38,000 പേർക്ക് നേരിട്ട് ജോലി ലഭ്യമാക്കിയതായി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിൽ നേടാനുള്ള പരിശീലനം നൽകിയ കണക്ക് കൂട്ടിയാൽ ഈ കാലയളവിൽ ആകെ 45,000 പേരെ തൊഴിൽ നേടാൻ സഹായിച്ചു. രാജ്യത്തെ യുവതീയുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ‘തംകീൻ’.
ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള തൊഴിൽ പരിശീലന അവസരങ്ങൾ, സംരംഭകത്വ പദ്ധതികൾക്കുള്ള പിന്തുണ തുടങ്ങിയ സേവനങ്ങൾ തംകീൻ വാഗ്ദാനം ചെയ്യുന്നു. തൊഴിൽ, തഖാത്ത് പോർട്ടൽ, ജോബ് ഫെയറുകൾ എന്നീ മൂന്ന് പ്രധാന പ്ലാറ്റ്‌ഫോമുകളിലാണ് തംകീൻ പ്രോഗ്രാം പ്രവർത്തിക്കുന്നത്. കൂടാതെ മറ്റ് അംഗീകൃത ഏജൻസി വഴിയും തൊഴിലന്വേഷകർക്ക് ജോലിയും പരിശീലനവും നൽകുന്നുണ്ട്.
സാമ്പത്തിക, സാമ്പത്തികേതര പിന്തുണ, പരിശീലനം, സംരംഭകത്വ സാധ്യതാപഠനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. യോഗ്യതയും പരിശീലനവും, തൊഴിൽ വിപണിക്ക് ആവശ്യമായ വൈദഗ്ധ്യമുള്ള ആളുകളെ സജ്ജരാക്കൽ എന്നി ഈ പദ്ധതി വഴി സാധ്യമാക്കുന്നു. മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിെൻറ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷം പകുതിയോടെ 10,813 ഗുണഭോക്താക്കൾ രാജ്യവ്യാപകമായി സാമൂഹിക സുരക്ഷാ ഓഫീസുകളിൽ 423 പരിശീലന കോഴ്സുകളും വർക്ക്ഷോപ്പുകളും പൂർത്തിയാക്കി. സ്വകാര്യ മേഖലയുമായി സഹകരിച്ച് തൊഴിൽ നൈപുണ്യം ഉറപ്പുവരുത്താനും അംഗീകൃത തൊഴിൽ പ്ലാറ്റ് ഫോമുകളിൽ പങ്കാളിത്തം നൽകാനും പദ്ധതി വഴി അധികൃതർ നടപ്പാക്കി വരുന്നു.