Kerala

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചേക്കും | Ranjith may resign from the post of chairman of the film academy

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് ഉടൻ രാജിവെച്ചേക്കും ഇന്നോ നാളെയോ രാജി ഉണ്ടാകുമെന്നാണ് സൂചന. യുവനടിയുടെ ആരോപണത്തിൽ താരസംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദീഖിനെതിരെ കേസെടുക്കുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

പാലേരി മാണിക്യം സിനിമയുടെ പ്രാഥമിക ചർച്ചകളിൽ പങ്കെടുത്ത തനിക്കെതിരെ സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു ബംഗാളി നടിയുടെ വെളിപ്പെടുത്തൽ. സർക്കാർ പ്രതിരോധത്തിലായെങ്കിലും നടി പരാതി നൽകിയാൽ തുടർനടപടി സ്വീകരിക്കാമെന്നായിരുന്നു സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ നിലപാട്.

വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെയാണ് അക്കാദമി ചെയർമാൻ രഞ്ജിത്തിനെ മാറ്റാൻ വേണ്ടിയുള്ള ആലോചന ഉണ്ടായത്. സിപിഐയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മർദ്ദം സി.പി.എം നേരിടേണ്ടിവന്നു. ഇതിൻറെ അടിസ്ഥാനത്തിൽ അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് ഉടൻ രാജിവച്ചേക്കും. രഞ്ജിത്തിനെതിരായ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കേസെടുക്കുന്ന കാര്യത്തിൽ പിന്നീടായിരിക്കും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക.

അതേസമയം, നടൻ സിദ്ദിഖിനെതിരെ യുവനടി ഉയർത്തിയ ലൈംഗിക പീഡന പരാതിയിൽ കേസെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും സർക്കാർതലത്തിൽ സജീവമാണ്. നടി പരാതി നൽകിയാൽ കേസെടുക്കാം എന്ന് ആലോചനയാണ് പോലീസിൽ ഉള്ളത്. രണ്ട് കേസുകളുമായി ബന്ധപ്പെട്ട നിയമപദേശവും സംസ്ഥാന സർക്കാർ തേടുന്നുണ്ട്. രഞ്ജിത് രാജിവെക്കുകയും, സിദ്ദിഖിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്താൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള സർക്കാരിൻറെ ആദ്യ ഇടപെടലുകൾ ആകുമത്.