കൊല്ലം: സിനിമയിൽ പവർഗ്രൂപ്പ് നിലനിൽക്കില്ലെന്ന് നടനും എംഎൽഎയുമായ എം.മുകേഷ്. പവർ ഗ്രൂപ്പിന് സിനിമയിൽ ഒരാളെ ഇല്ലാതാക്കാനോ പുതുതായി ഉയർത്തിക്കൊണ്ടുവരാനോ കഴിയില്ല. കഴിവിന്റെ അടിസ്ഥാനത്തിലാണ് സിനിമയിൽ ആളെ എടുക്കുന്നത്. സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്ക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന്, രാജിവയ്ക്കുന്നതൊക്കെ ഓരോ വ്യക്തികളുടെയും ആത്മവിശ്വാസവും മനഃസാക്ഷിയുമാണെന്നും തനിക്കതിൽ അഭിപ്രായമില്ലെന്നും നടൻ മുകേഷ് പറഞ്ഞു.
‘‘പവർ ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. പവർ ഗ്രൂപ്പ് സിനിമയിൽ ആളെ കൊണ്ടുവന്നാലും പടം പൊളിഞ്ഞുപോയാൽ എന്തു ചെയ്യും. പടം വിജയിച്ചില്ലെങ്കിൽ അവർക്ക് എവിടെനിന്ന് പണം കിട്ടും’’– മുകേഷ് ചോദിച്ചു. രഞ്ജിത്ത് രാജിവയ്ക്കണോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: ‘‘അന്വേഷണം നടക്കട്ടെ. ഞാൻ ഇപ്പോൾ രാജിവയ്ക്കണമെന്ന് പറഞ്ഞിട്ട് രഞ്ജിത്ത് നിരപരാധിയാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന്റെ മുഖത്ത് എങ്ങനെ നോക്കും. രാജിവയ്ക്കണ്ട എന്നു പറഞ്ഞാൽ അദ്ദേഹം ഏന്തെങ്കിലും തെറ്റു ചെയ്തു എന്നു വന്നാലോ.’’–മുകേഷ് പറഞ്ഞു.