തിരുവനന്തപുരം: നടന്‍ റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായതായി യുവ നടി രേവതി സമ്പത്ത്. ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നും രേവതി വെളിപ്പെടുത്തുന്നു. കൂടാതെ സിദ്ദിഖിന്‍റെ രാജി അർഹിക്കുന്നതെന്നും രേവതി പ്രതികരിച്ചു. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്. സിദ്ദിഖിനെ സിനിമയിൽ നിന്ന് വിലക്കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു.
സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സർക്കാറിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പോരാട്ടത്തിന് ഇറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്, പിന്തുണ വേണം. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ട്. കേസുമായി മുന്നോട്ട് പോയാൽ കരിയറിൽ തലവേദനയാകും എന്നും രേവതി സമ്പത്ത് കൂട്ടിച്ചേര്‍ത്തു. സിദ്ധിക്കിനെതിരെ അദ്ദേഹത്തിന്‍റെ കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരിയും പരാതി പറഞ്ഞിരുന്നു. ഹോട്ടൽ ജീവനക്കാരികളോടും മോശമായാണ് സിദ്ദിഖ് പെരുമാറിയതെന്നും രേവതി സമ്പത്ത് പറഞ്ഞു.
രാജി വച്ച് രഞ്ജിത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ച് സംവിധായകന്‍ രഞ്ജിത്ത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ ഇന്നലെ തന്നെ നിലപാട് മാറ്റിയിരുന്നു. രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാന്റെ നിലപാട് വന്‍ വിവാദമായതിനു പിന്നാലെയാണ് നിലപാട് മാറ്റം.രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമാണെന്ന് എൽഡിഎഫ് ഒടുവിൽ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായി. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.
അതേസമയം, ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ധിഖ് രാജിവെച്ചു. സിദ്ധിഖിനെതിരെ കേസ് എടുക്കാന്‍ സർക്കാർ ആലോചിക്കുന്നുണ്ട്.
content highlight: youth-actress-react-on-siddique-resignation