സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട. ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്. പുണ്യനദി പമ്പയും മണിമലയാറും അച്ചൻകോവിലാറും അയ്യപ്പഭഗവാൻറെ ചരിതങ്ങളും ഉറങ്ങുന്ന ചരിത്ര ഭൂമി. കേരള സംസ്ഥാനത്തിലെ തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനമായി ഈ ജില്ല അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ കണ്ടിരിക്കേണ്ട 6 മനോഹര സ്ഥലങ്ങൾ ഇവയാണ്.
ഗവി
കാടിനുള്ളിലെ ലോകം കാണിക്കുന്ന ഗവിക്ക് കേരളത്തിൽ നിറയെ ആരാധകരാണ്. 100 കിലോമീറ്റർ ദൂരം 4 മണിക്കൂർ നീളുന്ന കാനന യാത്ര ആരെയും വിസ്മയിപ്പിക്കും. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ് കേന്ദ്രം. കേരളത്തിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ട്രിപ്പുകള്‍ ഗവിയിലേക്ക് നടത്തുന്നുണ്ട്. വിവിധ സസ്യജന്തുജാലങ്ങളാൽ സമൃദ്ധമാണിവിടം. വനത്തിന്റെ ഭംഗിയും വന്യമൃഗങ്ങളെയും ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ പറ്റിയ യാത്രയാണിത്.
ചരൽക്കുന്ന്
പത്തനംതിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ഹിൽസ്റ്റേഷനാണ് ചരൽക്കുന്ന്, ആളുകൾക്ക് മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും കാണാൻ കഴിയുന്ന ഒരു സ്ഥലം. പത്തനംതിട്ട നഗരത്തിൽ നിന്നും ഏകദേശം 17 കിലോമീറ്റർ അകലെയാണ് ചരൽക്കുന്ന് സ്ഥിതിചെയ്യുന്നത്. പ്രാദേശിക ബസുകൾക്ക് പുറമേ സ്വകാര്യ വാഹനങ്ങളിലും ഹിൽ സ്റ്റേഷനിൽ യാത്ര ചെയ്യാം. രസകരമായ നിരവധി ട്രെക്കിംഗ് പാതകളും വൈവിധ്യമാർന്ന മനോഹരമായ പിക്നിക് സ്ഥലങ്ങളും ഇവിടെയുണ്ട്. താഴ്ന്ന താഴ്‌വരകളോട് ചേർന്ന് അലിഞ്ഞുചേരുന്ന മനോഹരമായ അരുവികൾ ചരൽക്കുന്നിന്റെ ഭംഗി കൂട്ടുന്നു. ഇവിടുത്തെ ശാന്തമായ അന്തരീക്ഷം ഏകാന്തത തേടുന്നവരെ ആകർഷിക്കുന്നു.
ഒറക്കൻപാറ വെള്ളച്ചാട്ടം
കൊടും വനത്തിൽ സ്ഥിതിചെയ്യുന്ന പര്യവേഷണം ചെയ്യപ്പെടാത്ത വെള്ളച്ചാട്ടമാണ് ഒറക്കൻപാറ വെള്ളച്ചാട്ടം. പത്തനംതിട്ടയിൽ നിന്ന് 29 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു ഈ മനോഹരമായ സ്ഥലം. ഏതാനും മണിക്കൂറുകൾ ചെലവഴിക്കാൻ പറ്റിയ സ്ഥലമാണിത് . പ്രകൃതി സ്നേഹികൾക്കും ശാന്തമായ വിശ്രമം തേടുന്നവർക്കും മറഞ്ഞിരിക്കുന്ന രത്നമാണിസ്ഥലം. സെപ്റ്റംബറിനും ജനുവരിക്കും ഇടയിലുള്ള കാലാവസ്ഥയാണ് ഒറക്കൻപാറ വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
റോക്ക് കട്ട് ഗുഹാക്ഷേത്രം
കൂറ്റൻ പാറയിൽ കൊത്തിയെടുത്ത പുരാതന ക്ഷേത്രമാണ് കവിയൂർ തൃക്കാക്കുടി ഗുഹാക്ഷേത്രം അഥവാ റോക്ക് കട്ട് ഗുഹാക്ഷേത്രം. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഗുഹാക്ഷേത്രങ്ങളിലൊന്നാണിത്. തിരുവല്ലയിൽ നിന്ന് 5 കിലോമീറ്റർ അകലെയായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് ആയിരത്തിലധികം വർഷം പഴക്കമുണ്ട്. പാറ തുറന്ന് നിർമിച്ച പ്രാചീന ക്ഷേത്രമാണത്. പുരാവസ്തു വകുപ്പ് ഇന്നും ഈ ക്ഷേത്രം ഒരു സ്മാരകമായി സംരക്ഷിക്കുന്നു.
മൺപിലാവ് വെള്ളച്ചാട്ടം
പച്ചപ്പ് നിറഞ്ഞ കാടുകളാലും കുന്നുകളാലും ചുറ്റപ്പെട്ട മൺപിലാവ് വെള്ളച്ചാട്ടം പത്തനംതിട്ട നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. മൺപിലാവ് വെള്ളച്ചാട്ടം മറഞ്ഞിരിക്കുന്ന രത്നമാണ് ഇത്രയും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം ജില്ലയിൽ തന്നെ അപൂർവമാണ്. മഴക്കാലത്താണ് ഈ സ്ഥലം സന്ദർശിക്കാൻ അനുയോജ്യമായ സമയം.
കോന്നി ആനക്കൂട്
കേരളത്തിൽ അറിയപ്പെടുന്ന ആനകളുടെ പരിശീലന കേന്ദ്രമാണ് കോന്നിയിൽ സ്ഥിതി ചെയ്യുന്ന കോന്നി ആനക്കൂട്. ആനകളെ പാർപ്പിക്കാൻ നിർമ്മിച്ച വലിയ മരക്കൂട്ടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ആനകളെ കുറിച്ചുള്ള വിവിധ വിവരങ്ങൾ നൽകുന്ന വിശദമായ വസ്തുതകളോടെയുള്ള ഒരു മ്യൂസിയവും ഇവിടെ സ്ഥിതി ചെയ്യുന്നു. രാവിലെ 6 മുതൽ വൈകിട്ട് 9 വരെയാണ് സന്ദർശന സമയം. 2008 ൽ ആനക്കൂട് കേന്ദ്രീകരിച്ച് ആവിഷ്കരിച്ച ടൂറിസം പദ്ധതിയാണ് കോന്നി – അടവി ഇക്കോ ടൂറിസം.
STORY HIGHLIGHT: Place to visit in pathanamthitta