യുഎഇയിൽ പ്രമോഷനൽ കോളുകൾക്ക് ചൊവ്വാഴ്ച മുതൽ പിടിവീഴും. ആളുകളെ ബുദ്ധിമുട്ടിക്കുന്ന പ്രമോഷനൽ കോളുകൾക്ക് തടയിടുന്ന നിയമം ചൊവ്വാഴ്ച പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് 10,000 മുതൽ 1.5 ലക്ഷം ദിർഹം വരെയാണ് പിഴ. സ്വകാര്യതകളിലേക്ക് കടന്നു കയറുന്ന വിളികൾക്ക് നിയമം തടയിടും. വ്യക്തികളുടെ ഫോൺ നമ്പരുകൾ തരപ്പെടുത്തുന്ന കമ്പനികൾ കടുത്ത സ്വകാര്യത ലംഘനമാണ് നടത്തുന്നതെന്ന പരാതി വ്യാപകമാണ്. ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റിയും (ടിആർഎ) ഡിജിറ്റൽ ഗവൺമെന്റും ഇതര ഇടപാടുകൾക്ക് നമ്പർ നൽകുന്നതിന്റെ മുൻപ് വരിക്കാരുടെ മുൻകൂർ അനുമതി വാങ്ങണമെന്നു നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാലിക്കാതെയാണ് ഇപ്പോൾ ഫോൺ വിളികൾ എത്തുന്നത്.
റിയൽ എസ്റ്റേറ്റ്, ഡിജിറ്റൽ കറൻസി, ഓഹരി മേഖലയിലെ നിക്ഷേപം, ഓൺലൈൻ ട്രേഡിങ് തുടങ്ങിയവയുടെ പ്രചാരണാർഥമാണ് പലപ്പോഴും ഫോൺ വിളികൾ എത്തുന്നത്. നമ്മുടെ തിരക്കുകളോ അത്യാവശ്യങ്ങളോ മാനിക്കാതെ നേരെ വിശേഷങ്ങൾ ചോദിച്ചു അവരുടെ പ്രമോഷനൽ കാര്യങ്ങൾ പറയുകയാണ്. പലപ്പോഴും ഇതിന്റെ പേരിൽ തർക്കങ്ങളും ഉണ്ടാകാറുണ്ട്. ഒരു ദിവസത്തെ നശിപ്പിക്കാൻ ഇത്തരത്തിലുള്ള രണ്ടു ഫോൺ വിളിത്തർക്കങ്ങൾ മതി.
ബാങ്ക് ക്രെഡിറ്റ് കാർഡിലെ പണം പിൻവലിച്ചു നിക്ഷേപമാക്കാനുള്ള ഫോൺ വിളികൾ, രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപസാധ്യതകൾ, പാർട്ട് ടൈം ജോലി തുടങ്ങിയ കാര്യങ്ങൾക്കും വിളിയുണ്ട്. ഒരു ദിവസം തന്നെ പലതവണ പല നമ്പറുകളിൽ നിന്നും ഒരേ കാര്യത്തിനു വിളിക്കുന്നതും സർവസാധാരണമാണ്. നിശ്ചിത നിക്ഷേപങ്ങളിൽ താൽപര്യമില്ലെന്ന് അറിയിച്ചു ഫോൺ വച്ചാൽ, ‘എന്തുകൊണ്ട് താൽപര്യമില്ല’ എന്ന ചോദിച്ചാവും അടുത്ത വിളി. ജോലിത്തിരക്കുള്ള സമയത്തും ഉറക്കത്തിലുമൊക്കെ ഇത്തരം വിളികൾ എത്തും. രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുന്നവരെ പലപ്പോഴും വിളിച്ചുണർത്തുന്നത് ഇത്തരം ബിസിനസ് ഫോൺ വിളികളായിരിക്കും. എടുത്തില്ലെങ്കിൽ വീണ്ടും വീണ്ടും വിളിക്കും.