Kerala

‘ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയം’ സത്രീ വിരുദ്ധനാക്കിയത് വേദനിപ്പിച്ചെന്ന് മന്ത്രി സജി ചെറിയാന്‍

'രഞ്ജിത്ത് വിളിച്ച് രാജി സന്നദ്ധത അറിയിച്ചു. അങ്ങോട്ട് പറയുന്നതിന്റെ മുന്‍പേ ഇങ്ങോട്ടു പറയുകയായിരുന്നു. താന്‍ രജിവയ്ക്കാന്‍ തയ്യാറാണ്'

രഞ്ജിത്തിനെ സംരക്ഷിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. താന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ‘ഇടതുപക്ഷരാഷ്ട്രീയവും മനസും സ്ത്രീ പക്ഷത്തുനില്‍ക്കുമ്പോള്‍ അതിനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെ നിങ്ങള്‍ താറടിച്ച് കാണിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയക്കുന്നു’ – സജി ചെറിയാന്‍ പറഞ്ഞു.’രഞ്ജിത്ത് വിളിച്ച് രാജി സന്നദ്ധത അറിയിച്ചു. അങ്ങോട്ട് പറയുന്നതിന്റെ മുന്‍പേ ഇങ്ങോട്ടു പറയുകയായിരുന്നു. താന്‍ രജിവയ്ക്കാന്‍ തയ്യാറാണ്’ – സജി ചെറിയാന്‍ പറഞ്ഞു.

ഇന്ന് മാധ്യമങ്ങളെ കാണുന്നില്ലെന്ന് വിചാരിച്ചതാണ്. ഇന്നലെ ചില മാധ്യമങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങളാണ് വളച്ചൊടിച്ചത്. ‘ഒരു പരാതി അതിന്‍മേല്‍ ലഭിച്ചാല്‍ അത് പരിശോധിക്കും. അതിനുശേഷം ശക്തമായ നടപടി പരിശോധിക്കും’ – എന്നാണ് പറഞ്ഞത്. താന്‍ സംസാരിച്ച് പുറത്തോട്ട് ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഒരുമാധ്യമം എഴുതിക്കാണിച്ചത് രഞ്ജിത്തിനെ സംരക്ഷിക്കാന്‍ സാംസ്‌കാരിക മന്ത്രി എന്നാണ്. അത് എന്നെ പ്രയാസപ്പെടുത്തി. അതിന്റെ ചുവട് പിടിച്ച് സ്ത്രീവിരുദ്ധനാണെന്നാണ് മാധ്യമങ്ങള്‍ വിശദീകരിച്ചതെന്ന് സജി ചെറിയാന്‍ പറഞ്ഞു.

‘നിങ്ങള്‍ക്ക് എന്നെ അറിയാന്‍ വയ്യാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എനിക്ക് മൂന്ന് പെണ്‍കുട്ടികളാണ്. ഭാര്യ, അമ്മ ഉള്‍പ്പടെ അഞ്ച് സ്ത്രീകളുള്ള വീട്ടില്‍ ഞാന്‍ മാത്രമാണ് പുരുഷനായുള്ളത്. സ്ത്രീകള്‍ക്കെതിരായി വരുന്ന ഏതൊരുനീക്കത്തിനെയും വ്യക്തിപരമായി എതിര്‍ക്കുന്ന ആളാണ് ഞാന്‍. ഇന്നലെ രാത്രിയില്‍ ചര്‍ച്ച നടത്തിയ ഒരു മഹാന്‍ ഞാന്‍ പറായാത്ത കാര്യങ്ങള്‍ എത്ര മ്ലേച്ചമായിട്ടാണ് ആക്ഷേപാര്‍ഹമായി പറഞ്ഞത്. മുഖ്യമന്ത്രി ക്രിസ്റ്റര്‍ ക്ലിയറാട്ട് പറഞ്ഞു. ഞങ്ങള്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാര്‍ക്ക് ഒപ്പമല്ല. ഈ കാര്യത്തില്‍ ആരെങ്കിലും ഏതെങ്കിലും തരത്തില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനനടപടി സ്വീകരിക്കും. നിയമപരമായ നിലപാട് സ്വീകരിക്കുമെന്നാണ് പറഞ്ഞത്. പറയുന്നതല്ല നിങ്ങള്‍ വ്യാഖ്യാനിക്കുന്നത്’- സജി ചെറിയാന്‍ പറഞ്ഞു.