യുവനടിക്കെതിരെ ലൈം ഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട നടൻ സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറിപദവിയിൽ നിന്ന് രാജിവെച്ചതിനു പിന്നാലെ ഇനി ആ സ്ഥാനം നടൻ ബാബുരാജ് ഏറ്റെടുക്കും. അടിയന്തര യോഗത്തിൽ താരങ്ങൾ ചെന്ന് തീരുമാനമെടുക്കും. ‘അമ്മ’ സംഘടനയുടെ നിലവിലെ ജോയിന്റ് സെക്രട്ടറി ആണ് ബാബുരാജ്.
സിദ്ദീഖ് രാജിവച്ചെങ്കിലും സംഘടനയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടു പോകുമെന്ന് ബാബുരാജ് പറഞ്ഞു. ആരോപണവിധേയനായ സിദ്ദീഖ് ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്വയം രാജി വച്ചതാണ്. ജനറൽ സെക്രട്ടറി രാജി വച്ചെങ്കിലും അമ്മ സ്ഥിരമായി അംഗങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളും മറ്റും തടസ്സമില്ലാതെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അനാഥരായെന്ന തോന്നൽ അംഗങ്ങൾക്ക് ഉണ്ടാകരുത്. സിദ്ദീഖ് വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായം ഇപ്പോൾ പറയുന്നില്ലെന്നും വരും ദിവസങ്ങളിൽ എക്സിക്യൂട്ടീവ് മീറ്റിങ് കൂടിയതിനു ശേഷം അമ്മ കൂടുതൽ കാര്യങ്ങൾ അറിയിക്കുമെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.
‘ഞാൻ ഹൈദരാബാദിൽ ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ്. നാട്ടിലെത്തിയതിനു ശേഷം വരും ദിവസങ്ങളിൽ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ് കൂടിയതിനു ശേഷം ഭാവികാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. ഇന്നലെ രാത്രി ഞങ്ങൾ ഓൺലൈൻ ആയി നടത്തിയ ചർച്ചകളിൽ ആണ് അമ്മയുടെ ജനറൽ സെക്രട്ടറി ആയ നടൻ സിദ്ദീഖ് രാജി സന്നദ്ധത അറിയിച്ചത്. അദ്ദേഹം ചെയ്തത് നല്ലൊരു കാര്യമാണ്. അമ്മ എന്ന താര സംഘടനയുടെ പ്രധാന സ്ഥാനത്തിരിക്കുന്ന വ്യക്തി, ആരോപണം വന്നപ്പോൾ തന്നെ ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്വയം ഒഴിഞ്ഞു നിൽക്കാൻ തീരുമാനിച്ചത് മാതൃകാപരമാണ്.
അദ്ദേഹം പ്രസിഡന്റിനു രാജിക്കത്ത് കൈമാറിക്കഴിഞ്ഞു. സെക്രട്ടറിയുടെ അഭാവത്തിൽ ജോയിന്റ് സെക്രട്ടറിയും മറ്റ് അംഗങ്ങളും ചേർന്ന് അമ്മയുടെ പ്രവർത്തനങ്ങൾ ഭംഗിയായി തന്നെ മുന്നോട്ട് കൊണ്ടുപോകും. അദ്ദേഹം മാറി നിന്നു എന്ന് കരുതി അമ്മയുടെ പ്രവർത്തനങ്ങളിലൊന്നും ഭംഗം വരാതെ നോക്കേണ്ടത് എക്സിക്യൂട്ടീവിന്റെ കടമയാണ്. ഇന്നലെ രാത്രി ചർച്ച ചെയ്തപ്പോൾ ലാലേട്ടൻ പറഞ്ഞതും അതാണ്. ഒന്നാം തീയതി ആകാറായി. അമ്മ സ്ഥിരമായി അംഗങ്ങൾക്ക് കൊടുക്കുന്ന കൈനീട്ടവും മറ്റ് ആനുകൂല്യങ്ങളും ഉണ്ട്. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു എന്ന് കരുതി അമ്മ അനാഥമായി എന്ന് ആരും കരുതരുത്. അമ്മയുടെ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ മുന്നോട്ടു പോകും. ആരോപണങ്ങൾക്കപ്പുറം അമ്മ ചെയ്യുന്ന ചില നല്ല കാര്യങ്ങളുണ്ട്. അത് അംഗങ്ങൾക്കെല്ലാം അറിവുള്ളതാണ്. സംഘടന മുന്നോട്ട് പോകണം, കാര്യങ്ങൾക്ക് ഒരു തടസവും വരരുത്. നിലവിൽ നടക്കുന്ന വിഷയത്തിൽ വ്യക്തിപരമായി ഒരു അഭിപ്രായവും പറയാൻ താൽപര്യപ്പെടുന്നില്ല. എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ് കൂടിയതിനു ശേഷം തുടർ നടപടികൾ അറിയിക്കും’ ബാബുരാജ് പറഞ്ഞു.
content highlight: actor-baburaj-will-take-over-amma-general-secretary-position