സൗദി അറേബ്യയിലെ റബ് അല്‍ ഖാലി മരുഭൂമിയില്‍ തെലങ്കാന സ്വദേശിയായ 27കാരന്‍ നിര്‍ജ്ജലീകരണവും ക്ഷീണവും മൂലം മരിച്ചു. മൂന്ന് വര്‍ഷമായി സൗദി അറേബ്യയില്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന, കരിംനഗര്‍ നിവാസിയായ മുഹമ്മദ് ഷെഹ്സാദ് ഖാന്‍ ആണ് മരിച്ചത്. ജിപിഎസ് സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് വഴി തെറ്റിയതോടെയാണ് മരുഭൂമിയില്‍ അകപ്പെടാന്‍ കാരണം.
ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശങ്ങളിലൊന്നാണ് ഈ മരുഭൂമി. 650 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന റുബ് അല്‍ ഖാലി, സൗദി അറേബ്യയുടെ തെക്കന്‍ പ്രദേശങ്ങളിലേക്കും അയല്‍ രാജ്യങ്ങളിലേക്കും നീളുന്നുണ്ട്. ജിപിഎസ് സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരു സുഡാന്‍ പൗരനൊപ്പം ഷെഹ്സാദ് വഴി തെറ്റിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഷെഹ്സാദിന്റെ മൊബൈല്‍ ഫോണിന്റെ ബാറ്ററി തീര്‍ന്നതും കാര്യങ്ങള്‍ വഷളാവാന്‍ കാരണമായി. ഇതോടെ ഇരുവര്‍ക്കും സഹായത്തിനായി ആരെയും വിളിക്കാന്‍ സാധിച്ചില്ല.അവരുടെ വാഹനത്തിന്റെ ഇന്ധനം തീര്‍ന്നതോടെ മരുഭൂമിയിലെ കൊടും ചൂടില്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ അവര്‍ വലഞ്ഞതായാണ് റിപ്പോര്‍ട്ട്. കൊടുംചൂടില്‍ കടുത്ത നിര്‍ജ്ജലീകരണവും ക്ഷീണവും കാരണമാണ് ഇരുവര്‍ക്കും മരണം സംഭവിച്ചത്. നാല് ദിവസത്തിന് ശേഷം വ്യാഴാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ മണല്‍ത്തിട്ടയില്‍ അവരുടെ വാഹനത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.