സൗദി കിഴക്കൻ പ്രവിശ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന സാഹസിക ടൂറിസം കേന്ദ്രത്തിലേക്ക് ഹെലികോപ്റ്റർ സർവീസിന് കരാറായി. ഏവിയേഷൻ കമ്പനിയായ ടി.എച്ച്.സിയുമായാണ് ദ റിഗ്ഗ് കരാറിലെത്തിയത്. പ്രീമിയർ ഹെലികോപ്റ്റർ ഗതാഗത സംവിധാനമൊരുക്കുന്നതിനാണ് ധാരണ. കടലിന് നടുവിലായാണ് അത്യാഡംബരങ്ങളോടെ സാഹസിക വിനോദ കേന്ദ്രം ഒരുങ്ങുന്നത്.
സാഹസിക ടൂറിസം കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ദ റിഗ്ഗും കൊമേഴ്ഷ്യിൽ ഹെലികോപ്റ്റർ സർവീസ് ദാതാക്കളായ ദ ഹെലികോപ്റ്റർ കമ്പനി ടി.എച്ച്.സിയുമാണ് കരാറിലെത്തിയത്. പദ്ധതി പ്രദേശത്തേക്ക് സഞ്ചാരികളെയും ജീവനക്കാരെയും എത്തിക്കുന്നതിനാവശ്യമായ യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ധാരണ. പ്രീമിയർ ഹെലികോപ്റ്റർ സർവീസുകളാണ് ഇതിനായി തയ്യാറാക്കുക. ദമ്മാം, ജുബൈൽ വ്യവസായ സിറ്റികളിൽ നിന്നും പദ്ധതി പ്രദേശത്തേക്കാണ് സർവീസുകൾ. സമുദ്ര കായിക വിനോദങ്ങളെയും സഹസിക വിനോദങ്ങളെയും സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
രാജ്യത്തെ ടൂറിസം മേഖലക്ക് പ്രത്യക്ഷമായും പരോക്ഷമായും സഹായകരമാകുന്നതാണ് പദ്ധതി. പദ്ധതി വഴി സ്വദേശികൾക്കും വിദേശികൾക്കും വലിയ തൊഴിലവസരങ്ങളും ഒരുങ്ങും. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള ഓയിൽ പാർക്ക് ഡവലപ്പ്‌മെന്റാണ് നിർമ്മാണം പ്രവർത്തികൾ അതിവേഗം പൂർത്തീകരിച്ച് വരുന്നത്. അൽജരീദ് ദ്വീപിനും അറേബ്യൻ ഉൾക്കടലിലെ അൽബരി എണ്ണപ്പാടത്തിനും സമീപത്തായാണ് കേന്ദ്രം ഒരുങ്ങുന്നത്. പദ്ധതി പ്രവർത്തന സജ്ജമാകുന്നതോടെ പ്രതിവർഷം ഒമ്പതു ലക്ഷം സന്ദർശകരെ കേന്ദ്രത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഹോട്ടലുകളും റെസ്റ്റോറന്റുകളുമടങ്ങുന്ന ബൃഹത്ത് പദ്ധതിയിൽ അഡ്വഞ്ജർ ഗെയിമുകളും പുത്തൻ അനുഭവങ്ങളും സമ്മാനിക്കുന്ന അത്യാധുനിക സംവിധാനങ്ങളും ഉൾപ്പെടും.