ചെങ്കടൽ തീരത്ത് സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന ‘റെഡ് സീ പദ്ധതി’യിൽ ഉപയോഗിക്കുന്നത് നൂറുശതമാനം പുനരുപയോഗ ഊർജം. ഇതിനായി ഈ പദ്ധതി പ്രദേശത്ത് 150 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു. പ്രദേശത്ത് സുസ്ഥിര ഗതാഗതത്തിന് ഊർജം പകരാനാണ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചതെന്ന് റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ് വൃത്തങ്ങൾ പറഞ്ഞു.
‘ചെങ്കടൽ ഡെസ്റ്റിനേഷൻ’ ആദ്യ ഘട്ടം നൂറുശതമാനം പുനരുപയോഗ ഊർജത്തിലാണ് പ്രവർത്തിപ്പിക്കുക. ഇതിനാവശ്യമായ എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാന പുനരുപയോഗ ടൂറിസം പദ്ധതിയാണിതെന്നും റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തുവിട്ട റെഡ് സീ കമ്പനിയുടെ നാലാമത്തെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാരിസ്ഥിതികവും സാമൂഹികവും ഭരണപരവുമായ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രതിബദ്ധതകളും പുരോഗതിയും വ്യക്തമാക്കുന്നതാണിത്.