ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്നും രാജിവെച്ച സംവിധായകന് രഞ്ജിത്തിന് പകരം പുതിയൊരു നിയമനം വേണ്ടെന്ന ധാരണയില്‍ സര്‍ക്കാര്‍. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിന് രാജിവെയ്ക്കേണ്ടി വന്നത്. അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാറിനോട് താല്‍ക്കാലികമായി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാന്‍ സാംസ്ക്കാരിക മന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചതായാണ് വിവരം. പുതിയൊരാളെ ചെയര്മാന് സ്ഥാനത്തേക്ക് കൊണ്ടു വന്നാല്‍ വിവാദങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് സാംസ്കാരിക വകുപ്പിന്റെ നീക്കം. നിലവിലെ ആരോപണത്തില്‍ നിന്നും രഞ്ജിത്ത് പുറത്തുവന്നാല്‍ വീണ്ടും നിയമനം എന്ന സാധ്യത നിലനിര്‍ത്തിയാണ് അക്കാദമിയില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. 2022ല്‍ ബീനാ പോള്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് നടന് പ്രേംകുമാര്‍ വൈസ് ചെയര്‍മാനായത്.
പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ആരോപണം. വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയ്യില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയെന്നുമാണ് ശ്രീലേഖ മിത്ര ആരോപിച്ചത്. കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങിയതായും നടി വ്യക്തമാക്കി. ആരോപണം നിഷേധിക്കുകയാണ് രഞ്ജിത്ത് ചെയ്തത്. സര്‍ക്കാരും ആദ്യം രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകിരിച്ചത്. എന്നാല്‍ ഇടതുമുന്നയില്‍ നിന്നടക്കം വലിയ വിമര്‍ശനം വന്നതോടെയാണ് രാജിവയ്ക്കാന്‍ നിര്‍ദേശിച്ചത്.
ശ്രീലേഖ ആദ്യം കൂടുതല്‍ മലയാളം സിനിമകള്‍ പിന്തുടരാന് പദ്ധതിയിട്ടിരുന്നുവെങ്കിലും പാലേരി മാണിക്യത്തിന്റെ സെറ്റില്‍ രഞ്ജിത്തിന്റെ അനുചിതമായ പെരുമാറ്റം കാരണം തന്റെ മലയാള സിനിമ മോഹങ്ങള്‍ ഉപേക്ഷിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. അക്കാലത്ത് ബംഗാളി സിനിമയിലെ അറിയപ്പെടുന്ന വ്യക്തിയായിരുന്ന ശ്രീലേഖ മലയാള സിനിമയ്ക്ക് കാര്യമായ ക്രിയാത്മക മൂല്യമുണ്ടെന്ന് കരുതിയാണ് ഇങ്ങോട്ടേക്ക് വന്നത്. മലയാളം സിനിമകള്‍ ചെയ്യാന്‍ അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു, എന്നാല്‍ രഞ്ജിത്തിന്റെ മോശം പെരുമാറ്റം കാരണം അവള് അതില്‍ നിന്ന് പിന്മാറുകയായിരുന്നു.