പുരാതനകാലത്തെ റോമിലേക്ക്, മാർപ്പാപ്പക്ക് വേണ്ടി കേരളത്തിൽ നിന്ന് ഒരു ആനയെ കപ്പലേറ്റി കൊണ്ടുപോയപ്പോഴും ആനയുടെ പാപ്പാനായി കൂടെ പോയത് ഒരു മലയാളിയായിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും.
ഇനി നമ്മുടെ കഥയിലേക്ക് കടക്കാം. ഇവിടേയും ഞാൻ പരിചയപ്പെടുത്തുന്നത് ഒരു മല്ലുവിനേയാണ്
പക്ഷെ ഇതിയാൻ ജീവിച്ചിരുന്നത് ഏകദേശം 650 വർഷങ്ങൾക്ക് മുന്നേയാണ്. കുറച്ച്കൂടി വ്യക്തമാക്കിപ്പറഞ്ഞാൽ മണ്ടശിരോമണിയെന്ന് ചരിത്രം വാഴ്ത്തിയ സാക്ഷാൽ തുഗ്ലക്കിന്റെ , അഥവാ ദില്ലി ഭരിച്ചിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ഭരണകാലത്ത് ( എ. ഡി 1324-1351 )
ഈ മല്ലുക്കഥയിലേക്കെന്തിനാ തുഗ്ലക്കിനെ വലിച്ചിട്ടതെന്ന് ചിന്തിക്കുന്നുണ്ടാവും നിങ്ങൾ. എന്നാൽ ആ രഗസ്യം കേട്ടോളൂ, ഈ മലയാളി മന്നനും തുഗ്ലക്കും മ്മിണി ബല്ല്യേ അടുപ്പത്തിലായിരുന്നു എന്നതാണ് കാരണം. കച്ചവടക്കണ്ണിൽ പണ്ടേ പേരും പെരുമയുമെടുത്തവനാണല്ലോ മലയാളി. അത്പോലെ ഒരു ബൂർഷാ കുത്തകനായിരുന്നു ഈ കൊല്ലത്തുകാരനും.
ഒരിക്കൽ തുർക്കിയിലേക്ക് പായക്കപ്പലേറിപ്പോയ കൊല്ലംകാരൻ അവിടെ എത്തിയപ്പോൾ പറഞ്ഞു. കൊല്ലം കണ്ടവന് ഇല്ലമേ വേണ്ടാതൊളളൂ. ഇവിടെ വന്നാ പെണ്ണും ( ഫാര്യ ) വേണ്ടി വരില്ലാ എന്ന്. കാരണം അത്ര വല്ല്യേ ഹൂറികളായിരുന്നു അവിടത്തെ മൊഞ്ചത്തിമാർ. പിന്നെ താമസിച്ചില്ല. കൊല്ലത്തുകാരന്റെ മനസ്സിലെ കച്ചവടക്കാരൻ ഉണർന്നു. കുറേ മൊഞ്ചത്തിമാരായ അടിമത്തികളേയും അടിമന്മാരേയും, കൂടാതെ ആയുധങ്ങളും ഒട്ടകങ്ങളും തുണിത്തരങ്ങളും വാങ്ങിക്കൂട്ടി. അതിനെല്ലാം കൂടി ഒരു ലക്ഷത്തോളം നാണയങ്ങൾ ചെലവായി.
പിന്നെ നേരത്തെ മാനത്ത് കണ്ട ദില്ലിയിലേക്ക് വെച്ചുപിടിച്ചു. ലക്ഷ്യം സുൽത്താൻ തുഗ്ലക്കിന്റെ തുഗ്ലക്കാബാദ് കോട്ട. അവിടെയെത്തി സുൽത്താനെ കണ്ടപ്പോൾ ദർബാറിൽ കമിഴ്‌ന്നടിച്ച് വീണ് താണു വണങ്ങി. കൂടെ കൊണ്ടുവന്നതെല്ലാം തൃക്കാൽക്കൽ സമർപ്പിച്ചു. ഒട്ടകങ്ങളെ ഒഴികെ. അവറ്റകളെ കൊട്ടാരത്തിന്റെ പുറത്ത് മേയാൻ വിട്ടു. അവറ്റകളെ ദർബാറിൽ കയറ്റിയാൽ പിന്നെ പണിപാളും. ന്താന്ന് ചോയ്ക്കിം. ഒട്ടകത്തിന് നിൽക്കാൻ സ്ഥലം കൊടുത്ത പോലെ എന്ന ചൊല്ല് കേട്ടിട്ടില്ലേ ?. തുഗ്ലക്കിനെ സിംഹാസനത്തിൽ നിന്ന് ഉന്തിമറിച്ചിട്ട് അവറ്റേൾ അതിലും കയറിക്കിടക്കും, അതന്നേ കാരണം.
എല്ലാം കണ്ട് മനം നിറഞ്ഞ സുൽത്താൻ തന്റെ വസീറിനെ ( മന്ത്രി ) വിളിച്ച് സ്വകാര്യം പറഞ്ഞു. കുറച്ച് കഴിഞ്ഞ് വസീറും സേവകരും ഖജനാവിന്നടുത്തേക്ക് പോയി വലിയ ചാക്കും തലയിലേറ്റി തിരികേ വന്ന് നമ്മുടെ കൊല്ലം മല്ലുവിന്റെ മുന്നിൽ വെച്ച്കൊടുത്തു. ചാക്കിന്റെ കെട്ടഴിച്ച മല്ലുവിന്റെ കണ്ണുതളളി. പന്ത്രണ്ട് ലച്ചം നാണയങ്ങൾ. മല്ലു അന്തം വിട്ട് പന്തം കണ്ട പെരുച്ചാഴിയെ പോലെ മിഴിച്ചിരുന്നു. ഒരുവിധം തന്റെ ബോധനെ പോവാൻ സമ്മതിക്കാതെ അവിടെ തന്നെ പിടിച്ചിരുത്തി. ചെലവായത് ഒരു ലക്ഷത്തിനടുത്ത് നാണയങ്ങൾ മാത്രം. കിട്ടിയതോ പന്ത്രണ്ട് ലച്ചം. വെറുതയല്ല ഈ സുൽത്താനെ എല്ലാവരും ഇങ്ങനെ പുകഴ്ത്തുന്നതെന്ന് മനസ്സിൽ കരുതി ചാക്കുമെടുത്ത് സ്ഥലം വിടാനൊരുങ്ങിയ മല്ലുവിനെ സുൽത്താൻ തിരികെ വിളിച്ചു.
അന്ന് ദില്ലി സുൽത്താനത്തിന്റെ ഒരു പ്രവിഷ്യയായിരുന്നു ( സൂബ ) ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് സ്ഥിതിചെയ്തിരുന്ന കൻബായ ( ഇതിന്റെ ഇന്നത്തെ പേര് അറിയില്ല ). മല്ലുവിനെ കൻബായയിലെ സുബേദാറായി ( ഗവർണ്ണർ ) സുൽത്താൻ തുഗ്ലക്ക് നിയമിച്ചു. ചുരുക്കം പറഞ്ഞാൽ ചക്കവീണപ്പൊ മുയലിനേയും കിട്ടി. നിയമനോത്തരവ് കൈക്കലാക്കിയ മല്ലു നേരെ അവിടെ ചെന്ന് അധികാരമേറ്റെടുത്തു.
പിന്നെ നേരം കളഞ്ഞില്ല. ആത്മാർത്ഥതയുളള ആ ഭരണാധികാരി വികസന പ്രവർത്തനങ്ങളിൽ വ്യാപൃതനായി. തെറ്റിദ്ദരിക്കണ്ട , രാജ്യവികസനമല്ല , സ്വന്തം പോക്കറ്റ് വീർപ്പിക്കാനുളള വികസന പ്രവർത്തനങ്ങളായിരുന്നു എന്ന് മാത്രം. അന്ന് പേരുകേട്ട മലബാറിലേക്കും ( കോഴിക്കോട് ? ) സിലോണിലേക്കും ( ശ്രീലങ്ക ) അയാൾ തന്റെ പായ്ക്കപ്പലുകൾ പായിച്ചു. എന്നിട്ട് അവിടങ്ങളിൽ നിന്ന് ചരക്കുകൾ കൊണ്ട് വന്ന് കൻബായയിലുളള തന്റെ പാണ്ടിക ശാലകൾ നിറച്ചു.
പിന്നെ യമനിലേക്കും ചൈനയിലേക്കും ബസറയിലേക്കും മറ്റും പോകുന്ന ചരക്കു കപ്പലുകളിൽ ആ സാധനങ്ങൾ കയറ്റിവിട്ട് വൻ ലാഭം കൊയ്ത് കൊണ്ടിരുന്നു.
ഇതിനിടയിൽ ആർത്തി മൂത്ത മല്ലു , തുഗ്ലക്കിനേയും അയാളുടെ വാളിനേയും മറന്ന് കഴിഞ്ഞിരുന്നു. സ്റ്റേറ്റിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിയും മറ്റും ദില്ലിയിലെ ഖജനാവിലേക്ക് അയച്ചുകൊടുക്കാതെ അയാൾ സ്വന്തം പോക്കറ്റിലാക്കി തുടങ്ങി. അത്കണ്ട് സഹമന്ത്രിയായ നസ്രുൽ മുൽക്ക് മുഖ്ബിൽ മല്ലുവിന്റെ നേരെ കണ്ണുരുട്ടിക്കാണിച്ച് കിട്ടിയ നികുതി വഹകളെല്ലാം സുൽത്താന് അയച്ച് കൊടുക്കാൻ ആവശ്യപ്പെട്ടു.
മലയാളിയോടാകളി , അഹന്ത കയറിയ മല്ലു സഹമന്ത്രിയുടെ ആജ്ഞ നിരസിച്ചു എന്ന് മാത്രമല്ല ” നീയൊന്ന് പോടെർക്കാ, നീയെന്നല്ല സാക്ഷാൽ പ്രധാനമന്ത്രിക്ക് പോലും തന്നോടിങ്ങനെ കൽപ്പിക്കാൻ അധികാരമില്ലെന്നും സൗകര്യപ്പെടുംബോൾ തനിക്ക് തോന്നുകയാണെങ്കിൽ സുൽത്താന് നേരിട്ട് കൊണ്ടുപോയി കൊടുത്ത് കൊളളാമെന്നും അയാൾ തട്ടിവിട്ടു.
അതോടെ പണിപാളി. സഹമന്ത്രി ദില്ലിയിലെ പ്രധാനമന്ത്രിക്ക് ഇതേ പറ്റി കത്തയച്ചു. കത്ത് കണ്ട് കലിപൂണ്ട പ്രധാനമന്ത്രി , സഹമന്ത്രിക്ക് ഒരൊന്നൊന്നര എഴുത്തെഴുതി. ” തനിക്ക് നാട് നോക്കാൻ കെൽപ്പില്ലെങ്കിൽ അടുത്ത വണ്ടിക്ക് ദില്ലിയിലേക്ക് ടിക്കറ്റെടുത്ത് കൊളളാൻ” പറഞ്ഞു. മറുപടി കത്ത് വായിച്ച് ഞെട്ടിയ ( ഞെട്ടാതിരിക്കില്ല, ആരായാലും ഞെട്ടും. കാരണം തലപോണ കേസാണെ ) സഹമന്ത്രി മുഖ്ബിൽ , കുറേ പട്ടാളക്കാരേയും സേവകരേയും അണിനിരത്തി വാളും കുന്തവുമെടുത്ത് മല്ലുവിനും ശിങ്കിടികൾക്കും നേരെ പാഞ്ഞടുത്തു. ഗംഭീര പോരാട്ടം നടന്നു. അവസാനം യുദ്ദത്തിൽ മല്ലു തോറ്റോടി.
സഹമന്ത്രിയും കൂട്ടരും ചേർന്ന് മല്ലുവിന്റെ കയ്യിലുളള സ്വത്തെല്ലാം കെട്ടിപ്പെറുക്കി ദില്ലിയിലേക്ക് വണ്ടി വിടാൻ ഒരുങ്ങി നിൽക്കുമ്പോഴുണ്ട് മല്ലു കരഞ്ഞ് കൊണ്ട് ഓടി വരുന്നു. വന്നപാടെ സഹമന്ത്രിയുടെ കാൽക്കൽ കൊട്ടിപ്പിടഞ്ഞ് വീണുരുണ്ട് നിലവിളിച്ച് മാപ്പിനപേക്ഷിച്ചു. തന്റെ സ്വന്തം സ്വത്തുക്കൾ തിരികെ തന്ന് സുൽത്താനുളളത്
സുൽത്താനു തന്നെ കൊടുത്തോളാൻ അപേക്ഷിച്ചു.
മനസ്സ് ഐസായി ഉരുകിപ്പോയ മന്ത്രി അതിന് സമ്മതിച്ചു. മല്ലുവിൽ നിന്ന് പിടിച്ചെടുത്ത കരം വക സ്വത്തുക്കളെല്ലാം സഹമന്ത്രി മുഖ്ബിൽ സുൽത്താന് അയച്ച് കൊടുത്തു. മല്ലുവിന് ഒരെട്ടിന്റെ പണി കൊടുക്കാനുദ്ദേശിച്ച് സുൽത്താന് മല്ലുവിനെ പറ്റിയുളള പരാതികൾ എഴുതി ഒരു കത്തും കൂട്ടത്തിൽ അയച്ച് കൊടുത്തു.
മല്ലുവാരാ മോൻ , ഇത് മണത്തറിഞ്ഞ അയാൾ , സഹമന്ത്രി തന്നെ കടിച്ചു , നുളളി , മാന്തി , കരണക്കുറ്റിക്കടിച്ചു….. തുടങ്ങി തനിക്കെതിരായി സഹമന്ത്രി നടത്തിയതായി ആരോപിച്ച് അക്രമങ്ങളുടെ ഒരു നീണ്ട പട്ടിക എഴുതി തയ്യാറാക്കി തുഗ്ലക്കിന് അയച്ച് കൊടുത്തു. രണ്ട് പരാതികളും കണ്ട് അന്തം വിട്ടിരുന്ന തുഗ്ലക്ക് ഒരു തീരുമാനത്തിലെത്താൻ കഴിയാതെ ഈ കേസ് അന്വേഷിക്കാൻ ഏകാംഗ കമ്മീഷനായി ഒരു ജഡ്ജിയെ നിയമിച്ചു.
ഇതിനിടയിൽ പാമ്പ് കടിച്ചവന്റെ തലയിൽ ഇടിവെട്ടി എന്ന് പറഞ്ഞ പോലെ കൻബായയിലെ ഖാസി( ഹൈകോടതി ചീഫ് ജസ്റ്റീസ് )യായ അഫ്ഗാൻ കാരൻ ജലാലുദ്ദീൻ , കൻബായയിൽ നിന്ന് മല്ലുവിനെ ഓടിച്ച് വിട്ട് അധികാരവും സ്വത്തുമെല്ലാം കൈക്കലാക്കി. ഉടുതുണിക്ക് മറുതുണിയില്ലാതെ പാവം മല്ലു ഓടിച്ചെന്ന് ദില്ലിയിലെ തുഗ്ലക്കാബാദ് കോട്ടയിൽ അഭയം തേടി. പിന്നീടുളള മല്ലുവിന്റെ ജീവിതം അജ്ഞാതം. ഒന്നുകിൽ സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്ക് അയാൾക്ക് മാപ്പ് കൊടുത്തിരിക്കാം.
Content highlight : Ibnu batutha travel story