പോർച്ചുഗലിന്റെ വടക്കൻ മേഖലയിൽ, മോൺടിലെഗ്രയെയും വിയേര ഡോ മിൻഹോയെയും വേർതിരിക്കുന്ന അതിർത്തിയിൽ ഒരു പുരാതന പാലമുണ്ട്. പച്ചപുതച്ച ഗെറസ് പർവതനിരകളുടെ നടുവിലുള്ള മനോഹരമായ റബാഗാവോ നദിയുടെ മുകളിൽ പണിതിരിക്കുന്ന മിസാരെല പാലം അക്ഷരാർഥത്തിൽ ഒരു നിഗൂഢ കേന്ദ്രമാണ്. സാത്താൻ നിർമിച്ചതെന്നു പറയപ്പെടുന്ന ഈ പാലത്തെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അവിടുത്തെ പ്രദേശവാസികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ബ്രിജ് ഓഫ് ദ് ഡെവിൾ എന്നും ഹെൽസ് ബ്രിജ് എന്നും അറിയപ്പെടുന്ന മിസാരെല പാലം വടക്കൻ പോർച്ചുഗലിലെ ഏറ്റവും രസകരമായ സ്മാരകങ്ങളിലൊന്നാണ്. പ്രകൃതി സൗന്ദര്യത്തിന്റെ മനോഹരമായ ഉദാഹരണം കൂടിയാണ് പാലവും അത് നിലകൊള്ളുന്ന പ്രദേശവും. എങ്കിലും സാത്താന്റെ ശാപമേറ്റെന്നു കരുതപ്പെടുന്ന ഈ പാലത്തിൽ കാലുകുത്താൻ പലർക്കും ഇന്നും ഭയമാണ്.
13 മീറ്റർ ഉയരത്തിൽ അൽപ്പം കൂർത്ത കമാനമുള്ള ഒരു ട്രെസ്റ്റൽ പാലമാണ് മിസാരെല പാലം. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രഞ്ച് അധിനിവേശത്തിനു മുൻപ് നിർമിച്ച ഈ മധ്യകാല പാലം നിരവധി നാടോടി ഐതിഹ്യങ്ങൾക്കും പുരാതന ആചാരങ്ങൾക്കുമൊക്കെ വേദിയാണ്. 1957 മുതൽ മാത്രമാണ് ഈ പാലം പൊതുസ്വത്തായി ഉപയോഗിച്ചു തുടങ്ങിയത്. അതുവരെ ആ സ്ഥലം സാത്താന്റെ കേന്ദ്രമായിരുന്നുവത്രേ. ഈ പാലം മധ്യകാലഘട്ടത്തിൽ പണിതതാണെന്നു വിശ്വസിക്കപ്പെടുന്നു. പരമ്പരാഗത വാസ്തുവിദ്യാ ശൈലി പ്രകടമായി കാണാനാകും. ഐതിഹ്യമനുസരിച്ച്, ഇവിടുത്തെ പർവതനിരയിൽ ഭയങ്കരനായ ഒരു കൊള്ളക്കാരൻ ഉണ്ടായിരുന്നു. അയാളെ പിടികൂടാൻ ആളുകൾ വളഞ്ഞപ്പോൾ രക്ഷപ്പെടാൻ വേറെ മാർഗ്ഗമില്ലാതെ അയാൾ റബാഗോ നദി മുറിച്ചുകടക്കാൻ ശ്രമിച്ചു, പക്ഷേ അതിന്റെ ചുറ്റിനുമുള്ള കുത്തനെയുള്ള പാറക്കെട്ടുകളിൽ കുടുങ്ങി. രാത്രി കൊടും തണുപ്പും കൊടുങ്കാറ്റും ഉണ്ടായപ്പോൾ, ദൈവ വിശ്വാസിയല്ലായിരുന്ന ആ കൊള്ളക്കാരൻ പിശാചിനെ പ്രാർഥിക്കുകയും എന്താണ് വേണ്ടതെന്നു ചോദിച്ച് സാത്താൻ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചെയ്തുവത്രേ. മലയിടുക്കിലെ അപകടകരമായ നദി മുറിച്ചുകടക്കാൻ തനിക്ക് സഹായം ആവശ്യമാണെന്നും പകരം തന്റെ ആത്മാവിനെ നൽകാമെന്നും കൊള്ളക്കാരൻ പറഞ്ഞു.
താൻ രക്ഷിക്കാമെന്നും തിരിഞ്ഞുനോക്കാതെ മുൻപോട്ട് പോകണമെന്നുമുള്ള കരാറിൻമേലാണ് സാത്താൻ ആ കൊള്ളക്കാരനെ സഹായിക്കുന്നത്. അയാൾക്കു രക്ഷപ്പെടാൻ നദിക്കു കുറുകെ സാത്താൻ ഒരു കൽപാലം പണിതു. പറഞ്ഞതുപോലെ തിരിഞ്ഞു നോക്കാതെ കൊള്ളക്കാരൻ വേഗം പാലം കടന്നു. വർഷങ്ങൾക്കുശേഷം, അയാൾ മരണാസന്നനായിരിക്കുമ്പോൾ, കടം ഈടാക്കാൻ സാത്താൻ വീണ്ടും പ്രത്യക്ഷപ്പെടുന്നു. എന്നാൽ പശ്ചാത്താപത്തിന്റെ പേരിൽ അയാൾ പിശാചുമായുള്ള ഉടമ്പടി തകർക്കാൻ ആഗ്രഹിക്കുന്നു. നടന്നതു മുഴുവൻ അയാൾ ഒരു പുരോഹിതനോട് പറയുന്നു. ആ പുരോഹിതൻ സാത്താനെ അവിടെനിന്ന് ഓടിക്കാനായി, നേരത്തേ പാലം പ്രതൃക്ഷപ്പെട്ട സ്ഥലത്തു ചെന്ന് വീണ്ടും അതുപോലെ പാലം ഉണ്ടാക്കാൻ സാത്താനോട് ആവശ്യപ്പെടുന്നു. പാലം പ്രത്യക്ഷപ്പെട്ടതോടെ പുരോഹിതൻ സാത്താനെ വിരട്ടിയോടിക്കുന്നു. അങ്ങനെ ആ നദിക്കു കുറുകെ ഒരു കല്ലുപാലം എന്നെന്നയ്ക്കുമായി നിലയുറപ്പിച്ചു. അതാണ് സാത്താൻ നിർമിച്ച ഡെവിൾസ് ബ്രിജ് എന്നാണ് കഥ. നൂറ്റാണ്ടുകൾക്കിപ്പുറവും കാര്യമായ കേടുപാടുകളൊന്നുമില്ലാതെ പാലം നിലനിൽക്കുന്നു. റബാഗോ നദീതീരത്ത് തലയുയർത്തി നിൽക്കുന്ന പാലത്തെ കുറിച്ചുള്ള ഏറ്റവും അധികം പറയപ്പെടുന്ന കഥയാണിത്. അതേസമയം, പല നല്ല വിശ്വാസങ്ങളും ഇതിനെ ചുറ്റിയുണ്ട്. അതിലൊന്നാണ് സന്താന സൗഭാഗ്യം.
വിശ്വാസമനുസരിച്ച്, കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവരും വെല്ലുവിളി നിറഞ്ഞ പ്രസവം പ്രതീക്ഷിക്കുന്ന സ്ത്രീകളും രാത്രിയിൽ അവരുടെ കുടുംബത്തോടൊപ്പം പാലത്തിന്റെ മധ്യഭാഗത്തെത്തണം. ഒപ്പം ഒരു കയറും ഗ്ലാസും കൊണ്ടുവരണം. അവരുടെ പ്രതിസന്ധിക്ക് പരിഹാരത്തിനായി ക്ഷമയോടെ കാത്തിരിക്കുക. കാരണം ആ പാലത്തിലേക്ക് ഇവർ ക്ഷണിക്കാതെ ആരെങ്കിലും വരണം, അങ്ങനെ സംഭവിച്ചാൽ അവരുടെ പ്രശ്നത്തിന് പരിഹാരം ലഭിക്കുമെന്നാണ് വിശ്വാസം. ആ കടന്നുവരുന്നയാൾ നദിയിൽനിന്ന് എടുക്കുന്ന വെള്ളം സ്ത്രീയുടെ നിറവയറിന് മുകളിൽ ഒഴിക്കണമെന്നാണ് വിശ്വാസം. ഈ വൃക്തി പിന്നീട് ഗർഭസ്ഥ ശിശുവിന്റെ ഗോഡ്ഫാദർ അല്ലെങ്കിൽ ഗോഡ് മദറായി മാറും. നിർമാണ വൈദഗ്ധ്യത്തിന്റെ പേരിൽ പ്രശസ്തമാണ് ഡെവിൾസ് ബ്രിജ്. പാലത്തിന് അടുത്തായി, 5-10 മീറ്റർ നീളമുള്ള ഒരു ചെറിയ വെള്ളച്ചാട്ടവുമുണ്ട്, ഇത് ശൈത്യകാലത്ത് റബാഗോയുടെ ശക്തമായ ജലപ്രവാഹം കാരണം അതിഗംഭീരമായ കാഴ്ചയായി മാറും.
STORY HIGHLLIGHTS: A medieval stone bridge arcs above the Rio Rabagao in northern Portugal