Kerala

‘ആരോപണങ്ങൾ ഞെട്ടിക്കുന്നത്’; ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്യാൻ ഫെഫ്ക, മൂന്നുദിവസത്തെ യോഗം വിളിച്ചു

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാന്‍ മൂന്ന് ദിവസത്തെ യോഗംവിളിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. അടുത്ത ശനിയാഴ്ച മുതൽ യോ​ഗം ആരംഭിക്കും. വിവിധ യൂണിയനുകളുടെ സെക്രട്ടറിമാർക്ക് യോ​ഗംസംബന്ധിച്ച കത്തും കൈമാറിയിട്ടുണ്ട്.

ലൈംഗികാതിക്രമത്തെ കുറിച്ചും ചൂഷണത്തെക്കുറിച്ചും വനിതാ സഹപ്രവർത്തകർ നടത്തിയ തുറന്നുപറച്ചിലുകൾ ഞെട്ടിക്കുന്നതാണെന്നും ഫെഫ്ക കൂട്ടിച്ചേർത്തു. വിശകലന റിപ്പോർട്ട് ചർച്ച ചെയ്യാൻ ഓഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ ഫെഫ്ക യോഗം ചേരും.

ഓരോ സെഷനിലും 3 യൂണിയനുകളുടെ റിപ്പോർട്ട് വീതമായിരിക്കും ചർച്ച ചെയ്യുക. തയ്യാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിന്റെ പകർപ്പ് മാധ്യമങ്ങൾക്കും നൽകിയേക്കും.

റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഫെഫ്കയുടെ പ്രതികരണമൊന്നും പുറത്തുവരാത്തതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളുയര്‍ന്നിയിരുന്നു. അതിനിടെയാണ്, ഫെഫ്ക യോ​ഗംചേരുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ആയിരിക്കും പ്രധാന വിഷയം. തുടർന്ന്, റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്നും വിവരമുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചശേഷം സെറ്റുകളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് ഉൾപ്പെടെ നടപടിയെടുത്തിട്ടുണ്ടെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകളെയോ ജനക്കൂട്ടത്തെയോ ചിത്രീകരണത്തിനായി ഉപയോഗിക്കുമ്പോൾ ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് നിർമാതാക്കളോടും ഫെഫ്ക മുഖേന പ്രൊഡക്‌ഷൻ എക്സിക്യുട്ടീവുമാർക്ക് നിർദേശം നൽകിയതായും അസോസിയേഷൻ വ്യക്തമാക്കി.