തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗികാതിക്രമ ആരോപണങ്ങളിൽ പൊലീസിന് സ്വമേധയാ കേസെടുക്കാമെന്ന് സർക്കാറിന് നിയമോപദേശം. പരാതിയുമായി ഇര മുന്നോട്ടുവന്നില്ലെങ്കിലും കേസ് രജിസ്റ്റർ ചെയ്യുന്നതിനും ആരോപണ വിധേയരെ ചോദ്യംചെയ്യുന്നതിനും തടസമില്ല. കേസ് നിലനിൽക്കുമോ ഇല്ലയോ എന്നത് പിന്നീടുള്ള കാര്യമാണെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുക എന്നതാണ് ആദ്യഘട്ടമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആഭ്യന്തരവകുപ്പിനെ അറിയിച്ചു.
ലൈംഗികാരോപണം പൊതുജനമധ്യത്തിൽ ഉയർന്നുവന്നാൽ അത് പരിശോധിക്കുന്നതിൽ തടസ്സമില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കമ്മിഷൻ സർക്കാറിന് സമർപ്പിച്ചിട്ടുള്ള പെൻഡ്രൈവുകളും സി ഡികളും പിടിച്ചെടുത്ത് പരിശോധിക്കാം.
പോക്‌സോ നിയമത്തിന്‍റെ 19 (1) വകുപ്പ് പ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിക്കപ്പെട്ടെന്ന് ഒരു വിവരം കിട്ടിയാല്‍ പൊലീസിനെ അറിയിക്കണം. ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിച്ച് പോക്സോ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാം. ഒരുതുണ്ട് കടലാസിൽ ഒരു വ്യക്തി പ്രായപൂർത്തിയാകാത്തൊരാൾ പീഡിപ്പിക്കപ്പെട്ടെന്ന് എഴുതിത്തന്നാൽപോലും അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം.
ഹൈക്കോടതി ജസ്റ്റിസിന്‍റെ മുന്നിലാണ് ഇരകൾ മൊഴി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ റിപ്പോർട്ടിൽ കേസെടുക്കാതിരിക്കുന്നത് ഗുരുതര കുറ്റകൃത്യമാണ്. റിപ്പോർട്ടിൽ ഇരയാക്കപ്പെട്ട വ്യക്തിയുടെ വിവരങ്ങളില്ലെങ്കിൽ അത് കണ്ടെത്തേണ്ടത് പൊലീസിന്‍റെ ജോലിയാണെന്നും നിയമോപദേശത്തിൽ പറയുന്നു.