World

എസ്.സി.ഒ യോഗത്തിന് മോദിയെ ഇസ്‌ലാമാബാദിലേക്ക് ക്ഷണിച്ച് പാകിസ്താൻ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇസ്‌ലാമാബാദിലേക്ക് ക്ഷണിച്ച് പാകിസ്താന്‍. ഒക്ടോബറില്‍ നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) യോഗത്തിലേക്കാണ് പാകിസ്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചത്.

പാകിസ്താനാണ് ഇത്തവണ എസ്.സി.ഒയുടെ കൗണ്‍സില്‍ ഓഫ് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ്‌സിന്റെ (സി.എച്ച്.ജി) അധ്യക്ഷസ്ഥാനം വഹിക്കുന്നത്. രാഷ്ട്രത്തലവന്മാര്‍ നേരിട്ട് പങ്കെടുക്കുന്ന യോഗത്തിലേക്കാണ് മോദിയെ പാകിസ്താന്‍ ക്ഷണിച്ചത്. ഒക്ടോബര്‍ 15, 16 തിയ്യതികളില്‍ ഇസ്‌ലാമാബാദിലാണ് യോഗം നടക്കുക.

എന്നാല്‍, മോദി യോഗത്തിനായി പാകിസ്താനിലേക്ക് പോകാനിടയില്ലെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്താനുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് മോദി ക്ഷണം നിരസിക്കുന്നത് എന്നാണ് സൂചന.

കസാക്കിസ്താനില്‍ ജൂലായില്‍ നടന്ന സി.എച്ച്.ജി. യോഗത്തിലും മോദി പങ്കെടുത്തിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന അതേ തിയ്യതികളിലായതിനാലാണ് മോദി അന്ന് കസാക്കിസ്താനിലേക്ക് പോകാതിരുന്നത്. അന്ന് അദ്ദേഹത്തിന് പകരം വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് കസാക്കിസ്താനിലെ അസ്താനയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.