Travel

ഭൂമിയിലെ ഏറ്റവും അപകടകരമായ വിമാനത്താവളം | lukla-to-kathmandu-most-dangerous-airport-in-the-world

ഏവറസ്റ്റിന് തൊട്ടടുത്തുള്ള ഒരു മലയുടെ ചരിവിലായി വിമാനമിറങ്ങുന്നത് ഒന്ന് സങ്കൽപ്പിച്ചാലോ

ചില കാരണങ്ങളാൽ എയർപോർട്ടുകൾ പൈലറ്റുമാർക്ക് വെല്ലുവിളിയാകാറുണ്ട് . പല ഗ്രീക്ക് ദ്വീപുകളിലൊക്കെ കാണുന്നതുപോലെ ചെറിയ റൺവേയായിരിക്കും. ചിലയിടത്ത് എപ്പോഴും വീശിയടിക്കുന്ന കാറ്റോ, മാറിക്കൊണ്ടേയിരിക്കുന്ന കാലാവസ്ഥയോ അങ്ങനെ കാരണങ്ങൾ പലതുണ്ടാകാം. .എന്നാൽ ഏവറസ്റ്റിന് തൊട്ടടുത്തുള്ള ഒരു മലയുടെ ചരിവിലായി വിമാനമിറങ്ങുന്നത് ഒന്ന് സങ്കൽപ്പിച്ചാലോ…ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ചെങ്കുത്തായ കൊക്കയിലേയ്ക്കായിരിക്കും വിമാനം പതിയ്ക്കുക. വെറുതെ പറഞ്ഞു പേടിപ്പിക്കാതെ എന്നല്ലേ ഇപ്പോൾ പറയാൻ പോകുന്നത്. എന്നാലേ ഈ വിമാനത്താവളത്തിൽ ഒരു ദിവസം മാത്രം വന്നിറങ്ങുന്നത് നൂറുകണക്കിന് പേരാണ്. ഒരു ഷട്ടിൽ സർവ്വീസ് പോലെയാണ് ഇവിടെ വിമാനസർവ്വീസ്. ഈ പറഞ്ഞ പ്രത്യകതകളെല്ലാം കാഠ്മണ്ഡുവിൽ നിന്ന് വെറും 40 മിനിറ്റ് വിമാനമാർഗം സഞ്ചരിച്ചാൽ എത്തുന്ന ലുക്ല വിമാനത്താവളത്തെക്കുറിച്ചാണ്. ഭൂമിയിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളം.

ഹിമായലൻ പർവ്വതനിരകളുടെ തൊട്ടുമുകളിലൂടെ പൊങ്ങിയും താണും ചാഞ്ഞും ചെരിഞ്ഞുമുള്ള ഒരു അഡ്വഞ്ചറസ് ട്രിപ്പ്. പക്ഷേ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളം എന്ന ഖ്യാതിയ്ക്കൊപ്പം നല്ല തിരക്കുള്ള എയർപോർട്ട് എന്ന നിലയിലും ലുക്ല പ്രശസ്തമാണ്. ഏതാണ്ട് 9,500 അടി ഉയരത്തിലായി സ്ഥിതിചെയ്യുന്ന ഈ വിമാനത്താവളം ടെൻസിംങ്-ഹിലരി എയർപോർട്ട് എന്നും അറിയപ്പെടുന്നു. പർവതാരോഹകനായ സർ എഡ്മണ്ട് ഹിലാരിയുടെ മേൽനോട്ടത്തിൽ 1964-ലാണ് ഇത് നിർമ്മിച്ചത്. വടക്കുകിഴക്കൻ നേപ്പാളിലെ സോലുഖുംബു ജില്ലയിലെ ഖുംബു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ലുക്ല, സമുദ്രനിരപ്പിൽ നിന്ന് 2,860 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്. പലരും ഈ സ്ഥലത്തെ ഒരു വിമാനത്താവളവും ഹോട്ടലുകളും മാത്രമുള്ള ഒരു സ്ഥലമായി വിശേഷിപ്പിക്കുമെങ്കിലും, ഈ ചെറിയ പട്ടണം അതിനേക്കാൾ കൂടുതൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇവിടെ വിമാനത്താവളം വികസിപ്പിച്ചതോടെ, ലുക്‌ല കൂടുതൽ കൂടുതൽ ജനപ്രീതി നേടാൻ തുടങ്ങി, ഇന്ന് ഇത് ഹിമാലയം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളുടെ ഒരു ജനപ്രിയ സ്ഥലമായി മാറിയിരിക്കുന്നു. വാസ്തവത്തിൽ, ട്രക്കിങ് നടത്തുന്നവർ ലുക്‌ലയിൽ എത്തിക്കഴിഞ്ഞാൽ, ഗ്രാമമായ നാംചെ ബസാർ എത്താൻ വീണ്ടും രണ്ട് ദിവസങ്ങൾ കൂടി സഞ്ചരിക്കണം. ഹിമാലയത്തിന്റെ മടിത്തട്ടിൽ സന്ദർശകർക്ക് താമസിക്കാനും ഹോട്ട് ടബ്ബുകൾ പോലെയുള്ള ആഡംബരങ്ങൾ ആസ്വദിക്കാനും കഴിയുന്ന ചെലവേറിയതും ഉയർന്നതുമായ രണ്ട് സ്ഥലങ്ങൾ ഇവിടെയുണ്ട്. ലുക്‌ലയിൽ എത്തുന്ന നിരവധി യാത്രക്കാരുടെ മനസിൽ എവറസ്റ്റാണ്. അതായത് എവസ്റ്റിലേയ്ക്കുള്ള പ്രവേശനം ഇവിടെയാണ് തുടങ്ങുന്നത്. ഈ എയർപോർട്ടിന്റെ റൺവേ വെറും 527 മീറ്റർ നീളമുള്ളതാണ്, എന്നാൽ അതിനേക്കാൾ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത ലുക്ല സമുദ്രനിരപ്പിൽ നിന്ന് 2,896 മീറ്റർ അതായത് 9,501 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നതെന്നതാണ്.

ഉയരം കൂടുന്തോറും വായുവിന്റെ സാന്ദ്രത കുറയും, അതായത് വിമാനങ്ങൾ കൂടുതൽ വേഗത്തിൽ ലാൻഡ് ചെയ്യണം ഇവിടെ. റൺവേയുടെ ലാൻഡിങ് അറ്റത്ത് കുത്തനെയുള്ള ഒരു മലയുടെ മുഖമുണ്ട്, അതായത് കൃത്യസമയത്ത് ബ്രേക്കുകൾ പിടിക്കണം. ഇക്കാര്യങ്ങൾ ഒഴിച്ചാൽ ലുക്ല വിമാനത്താവളം അപകടരഹിതമാണ്. മോശം കാലാവസ്ഥ കാരണം ഫ്ലൈറ്റ് റദ്ദാക്കൽ ഇവിടുത്തെ സ്ഥിരം സംഭവമാണ്. എങ്കിലും ഒരു ദിവസം നൂറിൽ കുറയാത്ത സർവ്വീസ് ഇവിടെ നടക്കുന്നുണ്ട്. 16 പേർക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറിയ വിമാനങ്ങളാണ് ഇവിടെ സർവ്വീസ് നടത്തുന്നത്. ഒരു വിമാനം വന്നിറങ്ങി ആളുകളെ ഇറക്കി പറന്നുയരുന്ന സമയത്ത് തന്നെ അടുത്തത് എത്തിയിട്ടുണ്ടാകും. എവറസ്റ്റ്, ബേസ് ക്യാംപ് തുടങ്ങി കൊടുമുടികളിലേയ്ക്ക് ട്രെക്കിങ് നടത്തുന്നതിനായി എത്തുന്ന വിദേശികളാണ് ഇതിൽ അധികവും. തിരക്കേറിയ ഒരു വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിലും ലുക്‌ല വിമാനത്താവളം പ്രവർത്തിക്കുന്നു.

STORY HIGHLLIGHTS: lukla-to-kathmandu-most-dangerous-airport-in-the-world