തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കഴിഞ്ഞ ചൊവ്വാഴ്ച കാണാതാവുകയും പിന്നീട് വിശാഖപട്ടണത്ത് നിന്നും കണ്ടെത്തുകയും ചെയ്ത 13 കാരി പെൺകുട്ടിയെ തിരികെ നാട്ടിലെത്തിച്ചു. പെൺകുട്ടിയെ സിഡബ്ലിയുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പ്രത്യേക അന്വേഷണ സംഘത്തോടൊപ്പമാണ് കുട്ടി ഇന്ന് വൈകുന്നേരത്തോടെ തിരികെ എത്തിയിരിക്കുന്നത്.
പൂജപ്പുരയിലെ ഷെല്‍ട്ടര്‍ ഹോമിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. സിഡബ്ല്യുസിയുടെ തിങ്കളാഴ്ചത്തെ ഹിയറിങിന് ശേഷമാകും കുട്ടിയെ ആര്‍ക്ക് കൈമാറണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.
കഴക്കൂട്ടത്തുനിന്ന് കാണാതായി 37 മണിക്കൂറിനു ശേഷമാണ് 13കാരിയെ വിശാഖപട്ടണത്തുനിന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കഴക്കൂട്ടത്തുനിന്നു കുട്ടിയെ കാണാതായത്. മലയാളി സമാജം അംഗങ്ങളാണ് താംബരം എക്സ്പ്രസിലെ ബര്‍ത്തില്‍ ഒറ്റയ്ക്കു കിടക്കുകയായിരുന്ന കുട്ടിയെ വിശാഖപട്ടണത്തുവെച്ച് തിരിച്ചറിഞ്ഞത്.